വിഭജനം പൂര്‍ണമാകുന്നു; ഇംഫാലില്‍ നിന്ന് അവസാന കുകിയെയും ബലം പ്രയോഗിച്ച് നീക്കി
Manipur
വിഭജനം പൂര്‍ണമാകുന്നു; ഇംഫാലില്‍ നിന്ന് അവസാന കുകിയെയും ബലം പ്രയോഗിച്ച് നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th September 2023, 8:04 am

ഇംഫാല്‍: വംശഹത്യ നടന്ന മണിപ്പൂരിലെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് അവേശഷിച്ച കുകി കുടുംബങ്ങളെയും ബലം പ്രയോഗിച്ച് നീക്കി ഭരണകൂടം. ഇംഫാലില്‍ അവശേഷിച്ച 10 കുകി കുടുംബങ്ങളെയാണ് സുരക്ഷിത സ്ഥാനത്തേക്കെന്ന് പറഞ്ഞ് ബലം പ്രയോഗിച്ച് നീക്കിയിട്ടുള്ളത്. ഇംഫാലില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കാങ്‌പോക്പിയിലെ മോട്ബങിലേക്കാണ് ഈ കുടുംബങ്ങളെ മാറ്റിയത് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഈ മേഖല കുകി ഭൂരിപക്ഷ പ്രദേശമാണ്. ഇതോടെ ഇംഫാല്‍ പൂര്‍ണമായും കുകി രഹിത മേഖലയായി മാറിക്കഴിഞ്ഞു.

10 കുടുംബങ്ങളില്‍ നിന്നുള്ള 24 പേരെ കൂടി ഇംഫാലില്‍ നിന്ന് ഒഴിപ്പിച്ചതോടെ ഇംഫാല്‍ ഇപ്പോള്‍ പൂര്‍ണമായും കുകികള്‍ ഇല്ലാത്ത ഒരു മേഖലയായി മാറിയിരിക്കുകയാണ്. കുടിയൊഴിപ്പിക്കലിനെതിരെ വ്യാപകമായ പ്രതിഷേധമാണ് മണിപ്പൂരില്‍ നടക്കുന്നത്. വംശീയമായി കുകികളെ ഉന്‍മൂലനം ചെയ്യാനുള്ള നടപടിക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു.

ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശ പ്രകാരം എന്നു പറഞ്ഞ അര്‍ധരാത്രിയിലാണ് യൂണിഫോമിലുള്ള സൈനികരെത്തി കുടുംബങ്ങളോട് മാറിപ്പോകാന്‍ ആവശ്യപ്പെട്ടത്. 24 പേരെ ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റി കടത്തിക്കൊണ്ട് പോകുകയും ചെയ്തു. ധരിച്ചിരുന്ന വസ്ത്രങ്ങളല്ലാതെ മറ്റൊന്നും എടുക്കാന്‍ കഴിഞ്ഞതുമില്ല എന്നും കുകി സംഘടനകള്‍ പറയുന്നു.

ഇംഫാലിലെ കുകി വീടുകള്‍ക്കും സ്വത്തിനും കാവല്‍ നില്‍ക്കുകയായിരുന്ന അവസാനത്തെ കുകി വളണ്ടിയറെയും ബലം പ്രയോഗിച്ച് നീക്കിയിരിക്കുന്നു. ഭയാനകമായ ആക്രമണത്തിലൂടെയാണ്‌ ഇവരെ ഒഴിപ്പിച്ചിരിക്കുന്നത്. ഇതോടെ കുകികളും മെയ്‌തേയ്കളും തമ്മിലുള്ള വിഭജനം പൂര്‍ണമായിരിക്കുന്നു. ഇരു വിഭാഗങ്ങളെയും ഭരണഘടനാപരമായി രണ്ട് ഭരണവിഭാഗമായി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണം,’ ഗോത്ര സംഘടനയായ  കുകി ഇന്‍ മണിപ്പൂര്‍ ആവശ്യപ്പെട്ടു.

അതേസമയം കൂടുതല്‍ സുരക്ഷിതമായ സ്ഥനാനത്തേക്ക് കുകി കുടുംബങ്ങളെ മാറ്റുകയാണ് ചെയ്തിട്ടുള്ളത് എന്നാണ് സര്‍ക്കാറിന്റെ അവകാശവാദം

content highlights: The division is complete; The last Kuki was forcibly removed from Imphal