ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് നടത്തിയ പ്രസംഗം ഭീകരപ്രവര്‍ത്തനമല്ലെന്ന് ദല്‍ഹി ഹൈക്കോടതി.
‘പ്രസംഗം മോശം അഭിരുചിയിലാണെന്നത്, അതിനെ തീവ്രവാദ പ്രവര്‍ത്തനമാക്കുന്നില്ല. ഞങ്ങള്‍ അത് നന്നായി മനസ്സിലാക്കുന്നു. പ്രോസിക്യൂഷന്‍ കേസ് എത്രത്തോളം അപകീര്‍ത്തികരമായ പ്രസംഗമാണെന്ന് മുന്‍നിര്‍ത്തിയാണെങ്കില്‍, അത് ഒരു കുറ്റമായി മാറില്ല, പ്രോസിക്യൂഷന് ഒരു അവസരം കൂടി നല്‍കുകയാണ്’ ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, രജനിഷ് ഭട്നാഗര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ജാമ്യഹരജി തള്ളിയ വിചാരണ കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പ്രസംഗം പൗരത്വ ഭേദഗതി നിയമത്തെ മാത്രം എതിര്‍ക്കുന്നതാണെന്നും ഒരു തരത്തിലും ഇന്ത്യന്‍ ഭരണഘടനയുടെ പരമാധികാരത്തിന് എതിരല്ലെന്നും ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ വാദിച്ചു.
ഉമറിനെതിരായ പൊലീസിന്റെ ആരോപണങ്ങള്‍ ഭീകര പ്രവര്‍ത്തനമായി കണക്കാക്കാനാവില്ലെന്നും പ്രസംഗത്തില്‍ പങ്കെടുത്തവര്‍ ഏതെങ്കിലും തരത്തിലുള്ള അക്രമത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
വടക്കന്‍ ഡല്‍ഹിയിലെ കലാപത്തിന് ഉമര്‍ ഖാലിദിന്റെ പ്രസംഗം പ്രേരണയായി എന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ ആരോപണം.
വിഷയത്തില്‍ ജൂലൈ നാലിന് കോടതി ഉമര്‍ ഖാലിദിന്റെ വാദം കേള്‍ക്കും.
2020ല്‍ നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ടായിരുന്നു പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഷഹീന്‍ബാഗിലെ സമരസ്ഥലം ഉമര്‍ ഖാലിദ് സന്ദര്‍ശിക്കുകയും അവിടെ സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ 2020 ഓഗസ്റ്റില്‍ ഉമര്‍ ഖാലിദിനെ ദല്‍ഹി പൊലീസ് ചോദ്യം ചെയ്തു.
ഉമര്‍ ഖാലിദ്, ആക്ടിവിസ്റ്റ് ഖാലിദ് സൈഫി, ജെഎന്‍യു വിദ്യാര്‍ത്ഥികളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ സഫൂറ സര്‍ഗര്‍, മുന്‍ എ.എ.പി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ തുടങ്ങി നിരവധി പേര്‍ക്കെതിരെയും കര്‍ശന നിയമപ്രകാരം കേസെടുത്തിരുന്നു.
Content Highlights: The Delhi High Court has ruled that the speech made by Jawaharlal Nehru University student leader Umar Khalid was not a terrorist act.