അര്‍ജുന്റെ കുട്ടിയുടെ പ്രതികരണം; യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
Kerala News
അര്‍ജുന്റെ കുട്ടിയുടെ പ്രതികരണം; യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th July 2024, 6:14 pm

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുട്ടിയുടെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. മഴവില്‍ കേരളം എക്‌സ്‌ക്ലൂസീവ് എന്ന ചാനലിനെതിരെയാണ് കേസെടുത്തത്.

പാലക്കാട് സ്വദേശിയായ സിനില്‍ ദാസ് നല്‍കിയ പരാതിയിലാണ് നടപടി. റിപ്പോര്‍ട്ടര്‍ കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ചാനലിനും റിപ്പോര്‍ട്ടറിനുമെതിരെ കേസെടുക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. പോക്‌സോ കേസില്‍ ഉള്‍പ്പെടുന്ന കുറ്റമാണ് റിപ്പോര്‍ട്ടര്‍ ചെയ്തിരിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

പരാതിയില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ചാനല്‍ ഉടമക്ക് നാളെ നോട്ടീസ് നല്‍കുമെന്ന് കമ്മീഷൻ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചാനലിനും റിപ്പോര്‍ട്ടറിനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ അടക്കം വ്യപകമായി വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ കൂടിയാണ് ബാലാവകാശ കമ്മീഷന്റെ നടപടി.

അതേസമയം അർജുന് വേണ്ടിയുള്ള 13ാം ദിവസത്തെ തെരച്ചിൽ അവസാനിപ്പിച്ച തീരുമാനത്തിനെതിരെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. ആരുമായും കൂടിയാലോചന നടത്താതെയാണ് കർണാടക ഇന്നത്തെ തെരച്ചിൽ നിർത്തിയതെന്ന് മന്ത്രി പറഞ്ഞു.

ദൗർഭാ​ഗ്യകരമായ നിലപാടാണ് ഇപ്പോൾ കർണാടക പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും വളരെ വൈകിയും അന്വേഷണം തുടർന്നിരുന്നു. എന്നാൽ ഇന്ന് കാലാവസ്ഥ അനുകൂലമായിട്ടും ജലനിരപ്പ് കുറഞ്ഞിട്ടും വൈകീട്ട് മൂന്ന് മണിക്ക് തന്നെ തെരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണെന്നാണ് മന്ത്രി പറഞ്ഞത്.

Content Highlight: The Child Rights Commission filed a case against the YouTube channel that recorded the reaction of Arjun’s child