വന്നു, കണ്ടു, കീഴടക്കി എന്ന് പറയുമ്പോലെ, വന്നു, അടി വാങ്ങി, മരിച്ചു; ശരിക്കും ഉടലില്‍ എന്തിനായിരുന്നു സമദ്?
Entertainment news
വന്നു, കണ്ടു, കീഴടക്കി എന്ന് പറയുമ്പോലെ, വന്നു, അടി വാങ്ങി, മരിച്ചു; ശരിക്കും ഉടലില്‍ എന്തിനായിരുന്നു സമദ്?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th May 2022, 11:58 am

നവാഗതനായ രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത ചിത്രം ഉടല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ദ്രന്‍സ്, ദുര്‍ഗാ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിങ്ങനെ പ്രധാന കഥാപാത്രങ്ങളായി എത്തിയവരെല്ലാം തന്നെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ പുറത്തെടുത്തത്.

അതേസമയം ഒരു കഥാപാത്രത്തെ സംവിധായകന്‍ പ്ലേസ് ചെയ്ത രീതിയെക്കുറിച്ച് പറഞ്ഞുകൊണ്ട് ചിത്രത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കിരണിന്റെ സുഹൃത്തായ സമദ് എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണ് ചിത്രത്തിനെതിരെ ചെറിയ രീതിയില്‍ വിമര്‍ശനവുമുയരുന്നത്.

ചിത്രത്തിന്റെ ഒരു ഘട്ടത്തില്‍, ‘എന്തിനോ വേണ്ടി’ ഇടിച്ചുകയറി വന്ന് മരിക്കുന്നതായി പ്രേക്ഷകര്‍ക്ക് തോന്നുന്ന രീതിയിലാണ് സമദ് എന്ന കഥാപാത്രത്തെ ചിത്രത്തില്‍ പ്ലേസ് ചെയ്തിരിക്കുന്നത്.

സിനിമയുടെ ഫസ്റ്റ് ഫാഫില്‍, കിരണിന്റെ അടുത്ത സുഹൃത്തും ദുര്‍ഗ അവതരിപ്പിച്ച ഷൈനി എന്ന കഥാപാത്രത്തെ കിരണ്‍ കാണാന്‍ പോകുമ്പോഴേല്ലാം കൂടെ പോകുന്ന സഹചാരിയുമായി സമദിനെ അവതരിപ്പിക്കുന്നുണ്ടെങ്കിലും സെക്കന്‍ഡ് ഫാഫില്‍ സമദ് ‘എന്തിനോ വേണ്ടി തിളച്ച സാമ്പാര്‍’ ആയിപ്പോയെന്നാണ് ചില പ്രേക്ഷകര്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്.

‘വന്നു, കണ്ടു, കീഴടക്കി’, എന്ന് പറയുന്നത് പോലെ ‘വന്നു, അടി വാങ്ങി, മരിച്ചു’ എന്ന് പറയുന്ന തരത്തിലുള്ള ക്യാരക്ടറൈസേഷനാണ് സെക്കന്‍ഡ് ഹാഫില്‍ സമദിന് സംവിധായകന്‍ നല്‍കിയിരിക്കുന്നത്.

സിനിമയുടെ പ്രധാന ഭാഗമായ സെക്കന്‍ഡ് ഹാഫ് വയലന്‍സില്‍ സമദിന് കുറച്ചുകൂടി പ്രധാന്യം നല്‍കാമായിരുന്നെന്നും ആ കഥാപാത്രത്തെ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ പ്ലേസ് ചെയ്യാമായിരുന്നെന്നുമാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം, കുട്ടിയച്ചന്‍ എന്ന കഥാപാത്രമായുള്ള ഇന്ദ്രന്‍സിന്റെ പ്രകടനം തന്നെയാണ് ഉടല്‍ കാണാന്‍ തിയേറ്ററില്‍ ആളുകളെ പിടിച്ചിരുത്തുന്നത് എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

താരത്തിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകളിലൊന്ന് തന്നെയാണ് ഉടലിലെ കുട്ടിച്ചായനായുള്ള പ്രകടനമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ഗോകുലം ഗോപാലന്‍ നിര്‍മിച്ച ഉടലിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകന്‍ രതീഷ് രഘുനന്ദന്‍ തന്നെയാണ്. മനോജ് പിള്ളയുടെതാണ് ക്യാമറ. പശ്ചാത്തല സംഗീതം വില്യം ഫ്രാന്‍സിസ്. എഡിറ്റിങ്ങ് നിഷാദ് യൂസഫ്.

Content Highlight: the character of Samadh in Udal movie invites criticism for its placement