ലഖ്‌നൗ: ജാതി സമവാക്യം പാര്‍ട്ടിക്ക് അനുകൂലമായി നിലനിര്‍ത്തുന്നതിന് ബ്രാഹ്മണ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി ബി.ജെ.പി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച്ച നടത്തിയത്.
പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രാഹ്മണ സമൂഹത്തിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ വസതിയില്‍ മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രമുഖരായ ബ്രാഹ്മണ നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. ജിതിന്‍ പ്രസാദ, രമാപതി ത്രിപാഠി, മറ്റ് എം.പിമാര്‍, ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ, സംസ്ഥാന കാബിനറ്റ് മന്ത്രിമാരായ ശ്രീകാന്ത് ശര്‍മ്മ, ബ്രിജേഷ് പഥക് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ചാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്ന് ദിനേശ് ശര്‍മ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമൂഹത്തിലെ ഒരു വിഭാഗത്തിനും അതുപോലെ വ്യത്യസ്ത ജാതിയിലുള്ള ആളുകള്‍ക്കും ബി.ജെ.പിയോട് അതൃപ്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരില്‍ നിരവധി ബ്രാഹ്മണരായ മന്ത്രിമാരുണ്ടെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും മുന്നോട്ട് നയിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നേതാക്കളുമായി വിവിധ വിഷയങ്ങളില്‍ ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ച ചെയ്തതായും വരാനിരിക്കുന്ന തെരഞ്ഞെടുപ്പന് മുന്നോടിയായി ആളുകളില്‍ നിന്ന് ഫീഡ്ബാക്ക് സ്വീകരിച്ചതായും വൃത്തങ്ങള്‍ അറിയിച്ചു.