ഫോണ്‍ചോര്‍ത്തല്‍: പ്രതിമാസം റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്രം
India
ഫോണ്‍ചോര്‍ത്തല്‍: പ്രതിമാസം റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th October 2013, 11:31 am

[]ന്യൂദല്‍ഹി: ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പ്രതിമാസം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പത്തോളം അന്വേഷണ ഏജന്‍സികള്‍ക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ കൈമാറിയത്.

സി.ബി.ഐ, എന്‍.ഐ.എ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവ ഉള്‍പ്പെടെ നിലവില്‍ ഫോണ്‍ ചോര്‍ത്താന്‍ ചുമതലയുള്ള 10 ഏജന്‍സികള്‍ക്കാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

നീര റാഡിയ കേസ് ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തലുകള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചതോടെയാണ് ആഭ്യന്ത മന്ത്രാലയം പുതിയ തീരുമാനത്തിലെത്തിയിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ മുതലുള്ള ഫോണ്‍ ചോര്‍ത്തലുകളുടെ റിപ്പോര്‍ട്ടുകള്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്ത് വിഷയവുമായി ബന്ധപ്പെട്ടാണ് ഫോണ്‍ ചോര്‍ത്തിയത്, അത് ഏതെങ്കിലും അന്വേഷണത്തിന് ഉപയോഗിച്ചോ, ഉപയോഗിക്കാത്തവ ഏതെല്ലാം തുടങ്ങി സംക്ഷിപ്തമായ വിവരങ്ങള്‍ എല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഉത്തരവ്.

എന്നാല്‍ പ്രതിമാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ അത് കേസന്വേഷണങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ വാദം.