Entertainment
അവ‍ർ ഉണ്ടെങ്കിൽ മാത്രമാണ് അമ്മ സംഘടനയ്ക്ക് ബലമുള്ളു: മല്ലിക സുകുമാരൻ

മോഹൻലാലും മമ്മൂട്ടിയും ഉണ്ടെങ്കിൽ മാത്രമാണ് അമ്മ (Association of Malayalam Movie Artists) സംഘടനയ്ക്ക് ബലമുള്ളു എന്ന് പറയുകയാണ് നടി മല്ലിക സുകുമാരൻ. മോഹൻലാലും മമ്മൂട്ടിയുമൊക്കെ എന്നും ഓഫീസിൽ വരുമോയെന്ന് എല്ലാരും ചോദിക്കുമെന്നും അത്തരത്തിലുള്ള ചോദ്യങ്ങൾ മണ്ടത്തരമാണെന്നും മല്ലിക പറഞ്ഞു.

മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും പേര് അമ്മയുടെ തലപ്പത്തുള്ളത് ഒരു ബലമാണെന്നും മല്ലിക പറഞ്ഞു. എന്നും ഓഫീസിൽ പോയി ഫയൽ നോക്കാനൊന്നും അവർക്ക് സമയമില്ലെന്നും ചില കാര്യങ്ങൾ അറിയാൻ ഒരൽപം വൈകുമെന്നും മല്ലിക കൂട്ടിച്ചേർത്തു.

കൗമുദിയോട് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരൻ.

‘മോഹൻലാലും മമ്മൂട്ടിയുമൊക്കെ എന്നും അമ്മയുടെ ഓഫീസിൽ വരുമോ എന്ന് എല്ലാവരും ചോദിക്കും. എന്ത് മണ്ടത്തരമാണ് ചോദിക്കുന്നത്? എന്തുകൊണ്ടാണ് അമ്മയുടെ തലപ്പത്ത് അവരുടെ പേര് എപ്പോഴും നമ്മൾ പറയുന്നത്. ആ പേരുകൾ അവിടെ ഉണ്ടെങ്കിൽ ആ സംഘടനയ്ക്കാണ് ആ ബലം. അവർ വരുമോ വരാതിരിക്കുകയോ ചെയ്യട്ടെ.

അയ്യോ മോഹൻലാൽ സാർ ഒക്കെയാണല്ലേ, നമ്മൾ പോയി പറഞ്ഞുകഴിഞ്ഞാൽ പ്രശ്നമാകുമോ, ലാലേട്ടന് വല്ലതും തോന്നുമോ, മമ്മൂക്കക്ക് വല്ലതും തോന്നുമോ അങ്ങനെ ചിന്തിക്കണം. അപ്പോൾ അങ്ങനെ ചിന്തിക്കുന്ന തരത്തിലുള്ള വ്യക്തികൾ അതിൻ്റെ തലപ്പത്തുണ്ട്. അല്ലാതെ അവരെന്നും ആപ്പീസിൽ കയറിയിരുന്ന് ഫയൽ നോക്കാനൊന്നും അവർക്ക് സമയമില്ല. അപ്പോൾ ചില കാര്യങ്ങൾ അവർ അറിയാൻ ഒരൽപം വൈകും. ചിലത് അപ്പോൾ തന്നെ അറിയും,’ മല്ലിക പറയുന്നു.

1974ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടിയാണ് മല്ലിക സുകുമാരൻ. ഒരിടക്ക് സിനിമ അഭിനയം വിട്ടുവെങ്കിലും പിന്നീട് മല്ലിക രാജസേനൻ സംവിധാനം ചെയ്ത മേഘസന്ദേശം സിനിമയിലൂടെ അഭിനരംഗത്ത് വീണ്ടും സജീവമായി. അമ്മക്കിളിക്കൂട്, ഛോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ, ഇവർ വിവാഹിതരായാൽ എന്നിവയാണ് മല്ലികയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങൾ.

Content Highlight: Mallika Sukumaran talking about AMMA Association