തന്റെ രണ്ട് സിനിമകളിലൂടെ മലയാളികള്‍ക്കിടയില്‍ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ലുക്മാന്‍ അവറാന്‍, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു.
2022ല്‍ പുറത്തിറങ്ങിയ തരുണിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു സൗദി വെള്ളക്ക. ഓപ്പറേഷന്‍ ജാവയില്‍ നിന്ന് വ്യത്യസ്തമായ സിനിമയായിരുന്നു ഇത്. വലിയ നിരൂപക പ്രശംസകളും അവാര്‍ഡുകളും നേടാന്‍ സൗദി വെള്ളക്കക്ക് സാധിച്ചിരുന്നു.
തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കക്ക് ശേഷം വരുന്ന സിനിമക്കുള്ള കാത്തിരിപ്പിലായിരുന്നു സിനിമാ പ്രേമികള്‍. അപ്പോഴാണ് മലയാളികളുടെ സ്വന്തം മോഹൻലാലിനെ നായകനാക്കിയുള്ള തന്റെ അടുത്ത ചിത്രത്തെ കുറിച്ച് തരുൺ പുറത്തുവിട്ടത്.
സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും ആവേശത്തോടെ ഏറ്റെടുത്ത അനൗൺസ്മെന്റ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ചിത്രത്തിന്റെ കഥ മോഹൻലാലിനോട് പറയാൻ ചെന്ന അനുഭവം പറയുകയാണ് തരുൺ മൂർത്തി. ദേശാഭിമാനി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു തരുൺ.
‘കഴിഞ്ഞ ഒരു വർഷം തിരക്കഥ ജോലികളിലായിരുന്നു. തിരക്കഥ പൂർത്തിയായ ശേഷം മോഹൻലാലിനെ കണ്ടാൽ മതിയെന്ന് തീരുമാനിച്ചിരുന്നു. 14-15 കരട് തിരക്കഥ എഴുതിയ ശേഷമാണ് പൂർത്തിയായത്. ആദ്യം ലാലേട്ടനെ കാണാൻ പോയപ്പോൾ വളരെ ആകാംക്ഷയോടെയാണ് അദ്ദേഹം കഥ കേട്ടത്. കഥാപാത്രത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു. അതിലൊരു അഭിനേതാവിന്റെ കൊതി ഞാൻ കണ്ടിരുന്നു.
എമ്പുരാന്റെ ചിത്രീകരണത്തിനായി പോകുകയാണ്, അത് കഴിഞ്ഞ് കാണാമെന്നാണ് പറഞ്ഞത്. പിന്നെ രണ്ടുമാസം കാത്തിരിപ്പായിരുന്നു. വന്നശേഷം അദ്ദേഹം ഓർത്തു വിളിച്ചു. ആദ്യം കണ്ടപ്പോൾ നാലഞ്ചു മണിക്കൂറോളം സംസാരിച്ചു. രണ്ടാം തവണ രണ്ട്- മൂന്ന് മണിക്കൂർ സംസാരിച്ചു. എന്നിട്ട് ‘ചെയ്യാം മോനെ’ എന്നാണ് പറഞ്ഞത്. എന്ന് ചെയ്യാമെന്ന് അറിയിക്കാമെന്നും പറഞ്ഞു. പിന്നീട് ഏപ്രിലിൽ തുടങ്ങാമെന്ന് പറഞ്ഞു,’തരുൺ മൂർത്തി പറയുന്നു.
Content Highlight: Tharun Moorthy Shares The Experience With Mohanlal