മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ആരാധകര്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ ഉളവാക്കിയിരുന്നു. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ സാധാരണക്കാരനായി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും മികച്ചതായിരുന്നു.
ദൃശ്യം പോലൊരു ഫാമിലി സിനിമയാണ് തുടരും എന്ന് മോഹന്‍ലാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വൈറലായിരുന്നു. ദൃശ്യത്തിലേത് പോലെ വമ്പന്‍ ട്വിസ്റ്റാണ് പലരും ഇതിന് പിന്നാലെ പ്രതീക്ഷിക്കുന്നത്. ട്രെയ്‌ലര്‍ റിലീസായതിന് പിന്നാലെ ദൃശ്യത്തിന്റെ ബി.ജി.എം ഉപയോഗിച്ചുകൊണ്ടുള്ള എഡിറ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എന്നാല്‍ ദൃശ്യത്തിലെ ഫാമിലി എലമെന്റ് മാത്രമേ ഈ സിനിമയിലുള്ളൂവെന്ന് പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ഭാര്യയും മക്കളുമുള്ള ഒരു സാധാരണക്കാരനാണ് ഈ സിനിമയിലെ നായകനെന്നും ആ രീതിക്കാണ് ദൃശ്യം പോലൊരു സിനിമായണ് ഇതെന്ന് മോഹന്‍ലാല്‍ പറയാന്‍ കാരണമെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.
ദൃശ്യം മലയാളസിനിമയില്‍ ഉണ്ടാക്കിയ ഇംപാക്ട് എത്രത്തോളമുണ്ടെന്ന് അറിയാമെന്നും അതുപോലെ ചെയ്യാന്‍ നോക്കിയാല്‍ ബാധ്യതയാകുമെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു. ദൃശ്യത്തിലെ ഫാമിലി എലമെന്റ് ഉദ്ദേശിച്ചാണ് മോഹന്‍ലാല്‍ അങ്ങനെ പറഞ്ഞതെന്നും എന്നാല്‍ പലരും അതിനെ തെറ്റായിട്ടാണ് കേട്ടതെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘ദൃശ്യം പോലെ ഒരു മിസ്റ്ററി ത്രില്ലറല്ല തുടരും. ലാലേട്ടന്‍ അന്ന് അങ്ങനെ പറഞ്ഞത് രണ്ട് സിനിമയിലും ഫാമിലി എലമെന്റ് ഉള്ളതുകൊണ്ടാണ്. സാധരണക്കാരനായ കുടുംബനാഥനായി നായകന്‍, അയാളുടെ ഭാര്യയും കുട്ടികളും. ഇത് മാത്രമാണ് ദൃശ്യവുമായുള്ള സിമിലാരിറ്റി. ഇങ്ങനെയൊരു തീം വരുമ്പോള്‍ എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമയാണല്ലോ ദൃശ്യം. അതുകൊണ്ടാണ് ലാലേട്ടന്‍ അങ്ങനെ പറഞ്ഞത്.
ദൃശ്യം മലയാളസിനിമയുടെ ഒരു ലാന്‍ഡ് മാര്‍ക്കാണ്. ആ സിനിമ പോലെ ചെയ്യാന്‍ നോക്കുന്നത് ബാധ്യതയാണ്. തുടരും ഒരു സാധാരണ കുടുംബ കഥയാണ്. നായകനും അയാളുടെ കുടുംബവും ചുറ്റുമുള്ളവരുമൊക്കെയുള്ള ലോകമാണ് ഈ സിനിമയില്‍ കാണിക്കുന്നത്. ലാലേട്ടന്‍ പറഞ്ഞ കാര്യത്തെ പലരും തെറ്റായി കേട്ടതുകൊണ്ടാണ് ഇപ്പോള്‍ വരുന്നതുപോലുള്ള എഡിറ്റ് ആളുകള്‍ ഉണ്ടാക്കുന്നത്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
Content Highlight: Tharun Moorthy explains Mohanlal’s comment about Thudarum movie