Advertisement
Entertainment
എന്താണ് സംഭവിച്ചതെന്നറിയില്ല, ലാലേട്ടന്‍ ആ സീന്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ കട്ട് വിളിക്കാന്‍ തോന്നിയില്ല: തരുണ്‍ മൂര്‍ത്തി

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 16 വര്‍ഷത്തിന് ശേഷം ശോഭന മോഹന്‍ലാലിന്റെ നായികയായെത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് തരുണ്‍ മൂര്‍ത്തി. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഒരു സീന്‍ എടുത്തുകൊണ്ടിരുന്നപ്പോള്‍ കട്ട് വിളിക്കാന്‍ തോന്നിയില്ലായിരുന്നെന്ന് തരുണ്‍ പറഞ്ഞു. മോഹന്‍ലാല്‍ അത്രക്ക് മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തുകൊണ്ടിരിക്കുകയായിരുന്നെന്നും എന്നാല്‍ അത് തനിക്ക് മനസിലായില്ലെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിന് എന്തെങ്കിലും മിസ്‌റ്റേക്ക് പറ്റിയതാണോ എന്ന് കണ്‍ഫ്യൂഷനായെന്നും എന്താണ് അവിടെ സംഭവിച്ചതെന്ന് തനിക്ക് കൃത്യമായി അറിയില്ലായിരുന്നെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. അത് അഭിനയത്തിന്റെ ഭാഗമായിരുന്നെന്ന് പിന്നീട് മനസിലായെന്നും തരുണ്‍ പറയുന്നു. തന്റെ കാലില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് കട്ട് വിളിക്കരുതെന്നും അത് പെര്‍ഫോമന്‍സാണെന്നും ബിനു പപ്പു പറഞ്ഞിരുന്നെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.  ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.

‘ഈ പടത്തില്‍ ഒരു സീന്‍ എടുത്തുകൊണ്ടിരുന്നപ്പോള്‍ കട്ട് വിളിക്കാന്‍ പറ്റാത്ത ഒരു സിറ്റുവേഷന്‍ ഉണ്ടായി. എന്താണ് അവിടെ സംഭവിച്ചതെന്നറിയില്ല. കട്ട് വിളിക്കണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷന്‍ എനിക്കുണ്ടായി. ലാലേട്ടനാണെങ്കില്‍ ആ സീന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. കട്ട് വിളിച്ച് റീടേക്ക് പോണോ അതോ ലാലേട്ടന്റെ പെര്‍ഫോമന്‍സാണോ അതെന്ന് ഡൗട്ടായി.

ലാലേട്ടന്‍ ശരിക്കും ആ സീനില്‍ പെര്‍ഫോം ചെയ്യുകയായിരുന്നു. അത് അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ഭാഗമായിരുന്നെന്ന് പിന്നീട് മനസിലായി. ഞാന്‍ കട്ട് വിളിക്കാന്‍ ചാന്‍സുണ്ടെന്ന് കരുതി ബിനു എന്റെ കാലില്‍ അമര്‍ത്തിപ്പിടിച്ചിട്ട് ‘ നീ കട്ട് വിളിക്കല്ലേ, അത് പെര്‍ഫോമന്‍സാണ്’ എന്ന് പറഞ്ഞു. അത്തരത്തില്‍ ഒരുപാട് ഇമോഷന്‍സ് ഈ സിനിമയിലുണ്ട്,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

മോഹന്‍ലാലിനെയും ശോഭനയെയും കൂടാതെ തോമസ് മാത്യു, മണിയന്‍പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ്, ബിനു പപ്പു തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജേക്സ് ബിജോയ്യാണ് ചിത്രത്തിന്റെ സംഗീതം. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രഞ്ജിത് നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 25ന് തിയേറ്ററുകളിലെത്തും.

Content Highlight: Tharun Moorthy about Mohanlal’s performance in Thudarum movie