IPL
ഇങ്ങനെ ചെയ്താൽ ഭാവിയിൽ അവൻ സച്ചിനെയും കോഹ്‍ലിയെയും പോലെയാകും; സൂര്യവംശിയെ പ്രശംസിച്ച് ഇന്ത്യൻ സ്പിൻ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 29, 06:13 am
Tuesday, 29th April 2025, 11:43 am

ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിന്റെ വിജയമാണ് റോയൽസ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ടൈറ്റൻസ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടക്കുകയായിരുന്നു.

മത്സരത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രകടനം സെഞ്ച്വറിയുമായി തിളങ്ങിയ രാജസ്ഥാൻ റോയൽസിന്റെ 14കാരൻ താരം വൈഭവ് സൂര്യവംശിയുടേതായിരുന്നു. 38 പന്തിൽ 101 റൺസുമായാണ് താരം മത്സരത്തിൽ മിന്നും പ്രകടനം നടത്തിയത്. 11 സിക്സറും ഏഴ് ഫോറും അടക്കം 265.79 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

Youngest to score a T20 1⃣0⃣0⃣ ✅
Fastest TATA IPL hundred by an Indian ✅
Second-fastest hundred in TATA IPL ✅

Vaibhav Suryavanshi, TAKE. A. BOW 🙇 ✨

Updates ▶ https://t.co/HvqSuGgTlN#TATAIPL | #RRvGT | @rajasthanroyals pic.twitter.com/sn4HjurqR6

— IndianPremierLeague (@IPL) April 28, 2025

ഇപ്പോൾ താരത്തെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. കഠിനാധ്വാനം ചെയ്താൽ വൈഭവിന് സച്ചിൻ ടെണ്ടുൽക്കറെയും വിരാട് കോഹ്‌ലിയെയും പോലെയാകാൻ സാധിക്കുമെന്ന് ഹർഭജൻ പറഞ്ഞു.

ഗുജറാത്ത് ബൗളർമാർക്കെതിരെ അവൻ ആധിപത്യം സ്ഥാപിച്ച രീതി തന്നെ അത്ഭുതപ്പെടുത്തിയെന്നും കഠിനാധ്വാനം ചെയ്താൽ ഭാവിയിൽ അവൻ ഒരു സൂപ്പർസ്റ്റാറായി മാറുമെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

‘ഞാൻ ഒരു താരതമ്യവും നടത്തുകയല്ല. കഠിനാധ്വാനം ചെയ്താൽ സച്ചിൻ ടെണ്ടുൽക്കറെയും വിരാട് കോഹ്‌ലിയെയും പോലെയാകാൻ സാധിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യ മത്സരം കളിക്കുമ്പോൾ സച്ചിന് 16 വയസായിരുന്നു, പക്ഷേ വൈഭവിന് വെറും 14 വയസ് മാത്രമാണ്.

ജി.ടി ബൗളർമാർക്കെതിരെ അവൻ ആധിപത്യം സ്ഥാപിച്ച രീതി എന്നെ അത്ഭുതപ്പെടുത്തി. പ്രകടനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്താൽ, അവൻ ഒരു സൂപ്പർസ്റ്റാറായി മാറുകയും ധാരാളം പണം സമ്പാദിക്കുകയും ചെയ്യും,’ ഹർഭജൻ പറഞ്ഞു.

വൈഭവിന്റെ സെഞ്ച്വറിക്ക് പുറമെ യശസ്വി ജെയ്സ്വാളിന്റെ അര്‍ധ സെഞ്ച്വറിയും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി. 40 പന്തിൽ രണ്ട് സിക്‌സും ഒമ്പത് ഫോറും അടക്കം 70 റൺസാണ് ജെയ്സ്വാൾ അടിച്ചെടുത്തത്. റിയാൻ പരാഗ് 15 പന്തിൽ 32 റൺസും എടുത്തു.

നേരത്തെ, മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിന് പതിവുപോലെ മികച്ച തുടക്കമാണ് ഓപ്പണർമാരായ സായ് സുദർശനും ശുഭ്മൻ ഗില്ലും ചേർന്ന് സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 93 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

സുദർശൻ പുറത്തായതിന് ശേഷമെത്തിയ ജോസ് ബട്ലർ ഗുജറാത്തിന്റെ സ്കോറിങ്ങിൽ മുതൽ കൂട്ടായി. ടൈറ്റൻസിനായി ഗിൽ 50 പന്തിൽ 84 റൺസും ബട്ലർ 26 പന്തിൽ 50 റൺസും സുദർശൻ 30 പന്തിൽ 39 റൺസും നേടി.

രാജസ്ഥാനായി മഹീഷ് തീക്ഷണ രണ്ട് വിക്കറ്റ് നേടിയപ്പോൾ സന്ദീപ് ശർമയും ജോഫ്രാ ആർച്ചറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content Highlight: IPL 2025:RR vs GT: Former Indian Cricketer Harabhajan Singh talks about Rajasthan Royals Centurion Vaibhav Suryavanshi