വിമര്‍ശനങ്ങളില്‍ തളര്‍ന്നുപോകില്ലെന്നും തന്റെ നിലപാടുകളില്‍ എന്നും ഉറച്ചു നില്‍ക്കുമെന്നും നടിയും ആക്ടിവിസ്റ്റുമായ മാലാ പാര്‍വതി.
2005 ല്‍ മനോരമ പത്രത്തില്‍ തെരുവിലൂടെയുള്ള സ്ത്രീകളുടെ രാത്രിയാത്രയുമായി ബന്ധപ്പെട്ട് ഒരു സ്റ്റോറി ചെയ്തതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെന്നും അന്നൊന്നും താന്‍ തളര്‍ന്നിട്ടില്ലെന്നും മാലാ പാര്‍വതി പറയുന്നു. മനോരമ ന്യൂസ് നേരെ ചൊവ്വേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
അന്നത്തെ സംഭവത്തിന് ശേഷം ഭാഗ്യലക്ഷ്മി ചേച്ചി വിളിച്ചിട്ട് എന്ത് വൃത്തികേടാണ് കാണിച്ചതെന്ന് തന്നോട് ചോദിച്ചെന്നും കലാഭവന്‍ മണിയും പുനത്തിലും തനിക്കെതിരെ കുറിപ്പെഴുതിയെന്നും മാലാ പാര്‍വതി പറയുന്നു.
‘2005 ല്‍ ഞാന്‍ മനോരമ പത്രവുമായി ചേര്‍ന്നിട്ട് സ്ത്രീകളുടെ ജീവിതവുമായി ബന്ധപ്പെട്ട് ഒരു സ്റ്റോറി ചെയ്തു. സ്ത്രീകള്‍ രാത്രി പുറത്തിറങ്ങിയാല്‍ എന്തൊക്കെയാണ് അനുഭവിക്കുക എന്ന ഒരു ഫീച്ചര്‍.
പിറ്റേ ദിവസം എനിക്ക് വന്ന ആദ്യത്തെ കോള്‍ ഭാഗ്യലക്ഷ്മി ചേച്ചിയുടേതായിരുന്നു. നീ എന്ത് വൃത്തികേടാണ് കാണിച്ചത് എന്ന് ചോദിച്ചു. ആരെങ്കിലും ഇനി നിന്നോട് സംസാരിക്കുമോ എന്ന് ചോദിച്ചു.
പച്ചക്കുതിരയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള, കലാഭവന്‍ മണി തുടങ്ങിയവര്‍ എനിക്കെതിരെ കുറിപ്പെഴുതി. 2012 ല്‍ സൗമ്യ മരിക്കുന്നതുവരെ തിരുവനന്തപുരത്ത് അറിയപ്പെടുന്ന വിവാഹങ്ങള്‍ക്ക് എന്നെ ക്ഷണിക്കില്ലായിരുന്നു.
അതില്‍ ഞാന്‍ തളര്‍ന്നിട്ടില്ല. എന്റെ മകന്‍ സ്‌കൂളില്‍ ചെന്നപ്പോഴേക്ക് അവരുടെ ടീച്ചര്‍ ചോദിച്ചു, നിങ്ങളുടെ അമ്മ എന്തൊരു വൃത്തിക്കെട്ട സ്ത്രീയാണ് എന്ന്.
രാത്രി ഇറങ്ങി ബസ് സ്റ്റാന്റില്‍ നില്‍ക്കുന്ന സ്ത്രീയാണോ നിന്റെ അമ്മ എന്ന് ചോദിച്ചെന്ന് അവന്‍ വന്ന് പറഞ്ഞു. ഞാന്‍ അവന് കാര്യം വിശദീകരിച്ചു കൊടുത്തു. പിന്നെ അവന്‍ ഒന്നും പറഞ്ഞില്ല.
സതീശന്‍ ഒന്നും ചോദിച്ചിട്ടില്ല. ‘നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് നിങ്ങള്‍ ചെയ്യും അതെനിക്ക് അറിയാം’ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അവര്‍ക്ക് നേരെയും കുടുംബാംഗങ്ങള്‍ക്ക് നേരെയും ഒരു വൃത്തികെട്ട സ്ത്രീയുടെ ഭര്‍ത്താവാണെന്നുള്ള ലേബല്‍ വന്നു.
2012 ല്‍ സൗമ്യയുടെ മരണം സംഭവിച്ചു. അന്നെനിക്ക് പല തരത്തില്‍ ചാനലുകളില്‍ നിന്ന് വിളി വന്നു. നിങ്ങള്‍ വന്ന് സംസാരിക്കണമെന്നും അന്നേ നിങ്ങള്‍ ഈ വിഷയം പറഞ്ഞതാണെന്നും അവര്‍ പറഞ്ഞു.
2005 മുതല്‍ 2012 വരെ എന്നത് ചെറിയ പിരീഡ് ആയിരുന്നില്ല. ഇന്ന് മറ്റൊരു വിഷയത്തില്‍ ഞാന്‍ സ്ത്രീകള്‍ക്ക് ഒപ്പമല്ല എന്ന് പറഞ്ഞ് എന്നെ മാറ്റി നിര്‍ത്തുന്നു. അല്ലെങ്കില്‍ വലിയ അറ്റാക്ക് വരുന്നു.
ഇത് രണ്ടും എനിക്ക് വിഷയമല്ല. കാരണം എനിക്ക് അറിയാവുന്ന ശരിയാണ് ഞാന്‍ ചെയ്തത്. തുറിച്ചുനോട്ടം, കമന്റടി ഇവയെല്ലാം ലൈംഗികാതിക്രമം ആണ് എന്ന് പറയെ തന്നെ റേപ്പിനേയും അതുപോലുള്ള കാര്യങ്ങളേയും ഒരൊറ്റ കുഴലിലൂടെ കടത്തിവിടുന്നതിനോട് എനിക്ക് യോജിപ്പില്ല.
വേറൊരാളെ ഞാന്‍ ജഡ്ജ് ചെയ്യുന്നില്ല. ശരിയും തെറ്റും വ്യക്തിപരമാണ്. എന്റെ മനസ് പറയുന്ന കാര്യങ്ങളില്‍ ഞാന്‍ ഉറച്ചുനില്‍ക്കും. എന്ത് സംഭവിച്ചാലും,’ മാലാ പാര്‍വതി പറഞ്ഞു.
Content Highlight: Actress Mala Parvathy about the criticism she faced and share an incident occured in 2005