ഒട്ടാവ: കാനഡയിൽ ലിബറൽ പാർട്ടിക്ക് നാലാം തവണയും വിജയം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികാര നടപടികൾക്കിടയിലാണ് മൈക്ക് കാർണിയുടെ ലിബറൽ പാർട്ടിയുടെ വിജയം. ഹൗസ് ഓഫ് കോമൺസിലെ 343 സീറ്റുകളിൽ 172 സീറ്റുകൾ നേടുന്നവർക്കാണ് സർക്കാർ രൂപീകരിക്കാൻ സാധിക്കുക.
എന്നാൽ വ്യക്തമായ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല. 167 ഓളം സീറ്റുകളാണ് ലിബറലുകൾക്ക് നേടാനായത്. അതിനാൽ തന്നെ മറ്റ് ചെറുപാർട്ടികളുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കാനായിരിക്കും ലിബറൽ പാർട്ടി ശ്രമിക്കുക. കൺസെർവേറ്റീവ് പാർട്ടിക്ക് 145 ഓളം സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ ലിബറലുകൾക്ക് മുന്നിൽ പരാജയം സമ്മതിച്ചെന്ന് പ്രസ്താവിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ജസ്റ്റിൻ ട്രൂഡോ രാജി വച്ച സമയത്ത് നടത്തിയ അഭിപ്രായ സർവേകളിൽ കൺസെർവേറ്റീവ് പാർട്ടിക്ക് 74 ശതമാനം ജനപ്രീതിയാണ് നേടാനായത്. ലിബറൽ പാർട്ടിക്ക് ഈ സർവേയിൽ ലഭിച്ചത് 20 ശതമാനം പിന്തുണ മാത്രമായിരുന്നു.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ വ്യാപാര പങ്കാളികളുടെയും പരസ്പര താരിഫുകൾ വർധിപ്പിക്കുകയും കാനഡയുമായി വ്യാപാര യുദ്ധവും പ്രഖ്യാപിക്കുകയും കാനഡയെ യു.എസിന്റെ 51-ാമത്തെ സംസ്ഥാനമായി കൂട്ടിച്ചേർക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതിനെതിരെ മാർക്ക് കാർണി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഇതാണ് ലിബറൽ പാർട്ടിക്ക് പിന്തുണ വർധിക്കുന്നതിന് കാരണമായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റ പ്രശ്നം , യു.എസുമായുള്ള ശീതയുദ്ധങ്ങൾ എന്നിവ മുൻനിർത്തി ജസ്റ്റിൻ ട്രൂഡോ പ്രസിഡന്റ് സ്ഥാനം രാജി വച്ചതോടെയാണ് ആ സ്ഥാനത്തേക്ക് മുൻ കേന്ദ്രബാങ്ക് ഗവർണറായ കാർണിയെത്തുന്നത്. ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ലിബറൽ പാർട്ടി തകർന്നടിയുമെന്നായിരുന്നു സർവ്വേ ഫലങ്ങളെല്ലാം.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ മാര്‍ക്ക് കാര്‍ണി പ്രതികരിച്ചു. അമേരിക്കയുമായുളള വ്യാപാര യുദ്ധത്തിൽ വിജയിക്കും. വരാൻ പോകുന്ന കുറച്ച് ദിവസങ്ങളും മാസങ്ങളും കനേഡിയൻ ജനതക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും ചില ത്യാഗങ്ങൾ ആവശ്യമായി വരുമെന്നുമായിരുന്നു കാർണിയുടെ പ്രതികരണം.
Content Highlight: Canada’s Liberal Party wins election