Kerala News
വേടനെതിരെ നടക്കുന്നത് വംശീയ വേട്ട, ലഹരിയുടെ ഉറവിടമാണ് കണ്ടത്തേണ്ടത്; 'കഞ്ചാവ് തുന്നിയിട്ട കുപ്പായം' തലക്കെട്ടിനെ വിമര്‍ശിച്ച് അരുണ്‍ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 29, 06:18 am
Tuesday, 29th April 2025, 11:48 am

കൊച്ചി: റാപ്പര്‍ വേടന്‍ അറസ്റ്റിലായ സംഭവത്തില്‍ എഷ്യനെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നല്‍കിയ തലക്കെട്ടിനെ വിമര്‍ശിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍കുമാര്‍. കഞ്ചാവ് തുന്നിയിട്ട കുപ്പായം എന്ന് ഉദ്ധരിച്ച എഷ്യനെറ്റിന്റെ സമീപനത്തെ അദ്ദേഹം വിമര്‍ശിച്ചു.

ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലാണ് വേടന്റെ പരിപാടിക്കിടയില്‍ കഞ്ചാവ് കണ്ടെത്തിയിരുന്നതെങ്കില്‍ അത് ബാംഗാണെന്നും പാലില്‍ കലര്‍ത്തി എല്ലാവര്‍ക്കും നല്‍കുന്ന പ്രസാദമായിട്ടാണ് കാണുന്നതെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. അവിടെ ഇത് കേസല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഞ്ചാവിനെയോ ലഹരിയേയോ പ്രോത്സാഹിപ്പിക്കാനല്ല താനിത് പറയുന്നതെന്നും ഒരു വംശീയ വേട്ടയിലേക്ക് പോവാനുള്ള സാധ്യത നമ്മള്‍ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉപയോഗിക്കുന്ന ആളുകളെ ടാര്‍ഗറ്റ് ചെയ്യുന്നതിനേക്കാള്‍ അതിന്റെ ഉറവിടമാണ് അതിന്റെ യഥാര്‍ത്ഥത്തിലുള്ള പ്രശ്‌നമെന്നും അതിലേക്ക് പോവാതിരിക്കുമ്പോഴാണ് അതൊരു പി.ആര്‍ സ്റ്റണ്ട് മാത്രമായി മാറുന്നതെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തന്നെ തങ്ങളുടെ ചാനല്‍ തന്നെ സംവിധായകരെ അറസ്റ്റ് ചെയ്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും വലിയ വാര്‍ത്ത തന്നെയാണ് അതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

എന്നാല്‍ ഒരിക്കലും അങ്ങനെയുള്ള വാര്‍ത്തകളെ കഞ്ചാവ് തുന്നിയിട്ട കുപ്പായം എന്ന് ഹെഡ്‌ലൈന്‍ സ്ട്രിപ് അടിക്കില്ലെന്നും അത് അയാളോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.

വിയര്‍പ്പ് തുന്നിയിട്ട കുപ്പായമെന്ന വേടന്റെ പ്രശസ്തമായ പാട്ടിന് പകരമായിരുന്ന കഞ്ചാവ് തുന്നയിട്ട കുപ്പായമെന്ന തലക്കെട്ട്. ഇതിനെ തുടര്‍ന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരടക്കം എഷ്യനെറ്റിന്റെ നീക്കത്തിന് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

തന്റെ ജീവിതം തന്നെയാണ് തന്റെ പാട്ടുകളെന്ന് വേടന്‍ നിരവധി വേദികളില്‍ പറഞ്ഞിരുന്നുവെന്നും ഈ സംഭവത്തിന്റെ പേരില്‍ ജാതീയ അധിക്ഷേപങ്ങള്‍ വേടനെതിരെയോ, ഒരു സമൂഹത്തിനെതിരെയോ ഉണ്ടാവരുതെന്നും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്.

അഞ്ച് ഗ്രാം കഞ്ചാവിന്റെ പേരില്‍ ഒരുത്തനെ റദ്ദ് ചെയ്യാന്‍ ഉത്സാഹം തോന്നുന്നുണ്ടെങ്കില്‍ ആ യുവാവിന്റെ സാന്നിധ്യം അത്രമേല്‍ ഇവരെയൊക്കെ ചൊടിപ്പിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍ പ്രതികരിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പടെ ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ശ്രീജിത്ത് ദിവാകരന്‍ വേടന് പിന്തുണ അറിയിച്ചത്.

ഇന്നലെ തൃപ്പൂണിത്തറ പൊലീസാണ് വേടന്റെ ഫ്ളാറ്റില്‍ നിന്ന് അഞ്ച് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് ഉപയോഗിച്ചതായി വേടന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വേടന്റെ കൂടെ മറ്റ് ഒമ്പത് പേര്‍കൂടി ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു. ഇവരില്‍ ആരുടെ പക്കല്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന കാര്യം വ്യക്തമല്ല. വേടന്‍ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റായിരുന്നു ഇത്. ഞായറാഴ്ച രാത്രിയിലെ പ്രോഗ്രാം കഴിഞ്ഞാണ്സംഘം ഫ്‌ളാറ്റിലെത്തിയത്.

കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ വേടന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വേടനെ വിട്ടയയ്ക്കുമെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് വേടന്റെ കഴുത്തിലെ മാലയിലെ പുലി പല്ലിന്റെ പേരില്‍ വനം വകുപ്പ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

Content Highlight: What is happening against the hunter is a racist hunt, the source of the intoxication should be found; Arun Kumar criticizes the headline of asianet news