Kerala News
നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗാവാറിന്റെ പേര്; പാലക്കാട് നഗരസഭയില്‍ കയ്യാങ്കളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 29, 07:06 am
Tuesday, 29th April 2025, 12:36 pm

പാലക്കാട്: നൈപുണ്യ വികസകേന്ദ്രത്തിന് ഹെഡ്ഗാവാറിന്റെ പേരിടുന്നതില്‍ പാലക്കാട് നഗരസഭ കൗണ്‍സില്‍ ഹാളില്‍ പ്രതിഷേധം. പാലക്കാട് നഗരസഭയില്‍ ബി.ജെ.പി- കോണ്‍ഗ്രസ്, എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ടു.

കൗണ്‍സില്‍ ഹാളിനകത്ത് എല്‍.ഡി.എഫ്, യുഡിഎഫ് അംഗങ്ങള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി കൊണ്ട് പ്രതിഷേധിക്കുകയും ചെയര്‍പേഴ്സണ് കരിങ്കൊടി കാണിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്.

കയ്യാങ്കളിയില്‍ നഗരസഭയിലെ മൈക്കുകളുള്‍പ്പെടെ തകര്‍ന്നതായും പ്രതിഷേധം നഗരസഭ ചെയര്‍പേഴ്‌സണിന്റെ മുറിയിലേക്ക് വ്യാപിക്കുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പേരുമാറ്റുന്നതില്‍ തീരുമാനമാകാതെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ ഭാഗം.

ആദ്യം യു.ഡി.എഫ്, എല്‍.ഡി.എഫ് അംഗങ്ങള്‍ നഗരസഭയില്‍ കൗണ്‍സില്‍ യോഗം ആരംഭിക്കാനിരിക്കെ പ്രതിഷേധിക്കുകയായിരുന്നു. പ്രമേയം പാസാക്കിയെന്നും ഭൂരിപക്ഷം ഉണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചതിന് പിന്നാലെ പ്രതിഷേധം രൂക്ഷമാവുകയായിരുന്നു..

ഏപ്രില്‍ 12ന് പാലക്കാട്ടെ ഭിന്നശേഷിക്കാര്‍ക്കുള്ള കെയര്‍ സെന്ററിന് ആര്‍.എസ്.എസ് നേതാവ് കെ.ബി. ഹെഡ്‌ഗേവാറിന്റെ പേര് നല്‍കിയതോടെയാണ് വിവാദം ആരംഭിച്ചത്. നൈപുണ്യ വികസന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ്  ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ യൂത്ത് കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തി.

പരിപാടി നടന്ന വേദി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. ശിലാഫലകം ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തു. പദ്ധതിക്കായി തറക്കല്ലിട്ട ഭൂമിയില്‍ യൂത്ത് കോണ്‍ഗ്രസ് വാഴ വെക്കുകയും ചെയ്തിരുന്നു. നഗരസഭയുടെ നടപടിക്കെതിരെ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തലിന്റെ നേതൃത്വത്തില്‍ നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു. പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്തിരുന്നു.

Content Highlight: Skill development center named after Hedgewar; Clashes in Palakkad municipality