അനധികൃത നിര്‍മാണം; നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ ഹാള്‍ തകര്‍ത്ത് തെലങ്കാന സര്‍ക്കാര്‍
national news
അനധികൃത നിര്‍മാണം; നടന്‍ നാഗാര്‍ജുനയുടെ കണ്‍വെന്‍ഷന്‍ ഹാള്‍ തകര്‍ത്ത് തെലങ്കാന സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2024, 10:04 pm

ഹൈദരാബാദ്: അനധികൃത നിര്‍മാണമെന്ന് ചൂണ്ടിക്കാട്ടി നടന്‍ നാഗാര്‍ജുനയുടെ ഉടസ്ഥതയിലുള്ള കണ്‍വെന്‍ഷന്‍ ഹാള്‍ ബുള്‍ഡോസ് ചെയ്ത് തെലങ്കാന സര്‍ക്കാര്‍. ഹൈദരാബാദിലെ മദാപൂരിലെ ഫുള്‍ ടാങ്ക് ലെവല്‍ (എഫ്.ടി.എല്‍) മേഖലയില്‍ അനധികൃത കൈയേറ്റം നടന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.

പരിസ്ഥിതിലോല പ്രദേശങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ കൈയേറ്റങ്ങള്‍ തടയാന്‍ തെലങ്കാന സര്‍ക്കാര്‍ രൂപീകരിച്ച ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ആന്റ് അസറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി (ഹൈഡ്ര)യാണ് കെട്ടിടം പൊളിച്ചത്.

കണ്‍വെന്‍ഷന്‍ ഹാളിന്റെ വിവിധ ഭാഗങ്ങളാണ് ഹൈഡ്ര തകര്‍ത്തത്. കെട്ടിടം ബുള്‍ഡോസ് ചെയ്യുന്ന സമയത്തെ ക്രമസമാധാനം നിയന്ത്രിക്കുന്നതിനായി സംഭവസ്ഥലത്ത് സര്‍ക്കാര്‍ പൊലീസിനെ വിന്യസിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഏജന്‍സിയുടെ നടപടിയെ വിമര്‍ശിച്ച് നാഗാര്‍ജുന രംഗത്തെത്തി. നടപടിയെ നിയവിരുദ്ധമെന്നാണ് നടന്‍ വിശേഷിപ്പിച്ചത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും പട്ടയഭൂമിയില്‍ ഒരിഞ്ച് ഭൂമി പോലും കൈയേറിയിട്ടില്ലെന്നും നാഗാര്‍ജുന എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.

തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊളിക്കല്‍ നടപടി ഉണ്ടായതെന്നും കോടതി തനിക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നെങ്കില്‍ ഉത്തരവ് താന്‍ അനുസരിച്ചേനെയെന്നും നാഗാര്‍ജുന പറഞ്ഞു. പൊതുജനങ്ങളെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കരുതെന്നും നാഗാര്‍ജുന നടപടിയില്‍ പ്രതികരിക്കുകയുണ്ടായി.

നേരത്തെ ഹൈദരാബാദിലെ ഉള്‍പ്രദേശമായ ഖാനാപൂരില്‍ തടാകപ്രദേശം കൈയേറിയെന്നാരോപിച്ച് മൂന്ന് നില കെട്ടിടം ഹൈഡ്ര പൊളിച്ചുനീക്കിയിരുന്നു. സര്‍ക്കാരില്‍ നിന്ന് എല്ലാ അനുമതികളുമെടുത്താണ് കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്ന് ഉടമകള്‍ പറഞ്ഞിരുന്നെങ്കിലും നിര്‍മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാണിച്ച് പത്തോളം കെട്ടിടങ്ങള്‍ ഹൈഡ്ര പൊളിച്ചുനീക്കുകയായിരുന്നു.

എന്നാല്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതില്‍ തിടുക്കം കാട്ടുന്ന സര്‍ക്കാര്‍ ജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതില്‍ പ്രാധാന്യം നല്‍കുന്നില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്നുണ്ട്. കുടിവെള്ള സ്രോതസുകള്‍ക്ക് അടുത്തുള്ള 40 ഓളം വീടുകളാണ് ഹൈഡ്ര പൊളിച്ചുനീക്കിയത്.

Content Highlight: Telangana government bulldozes convention hall owned by actor Nagarjuna citing illegal construction