Advertisement
national news
അഞ്ച് കോടി രൂപ ആര് തന്നുവെന്നാണ് ഈ പറയുന്നത്? മാധ്യമങ്ങളോട് തപ്‌സി പന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 08, 11:03 am
Monday, 8th March 2021, 4:33 pm

മുംബൈ: ആദായനികുതി വകുപ്പിന്റെ റെയ്ഡിനു പിന്നാലെയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി തപ്‌സി പന്നു. ആര് തനിക്ക് അഞ്ച് കോടിരൂപ തന്നുവെന്നാണ് പറയുന്നതെന്ന് തപ്‌സി ചോദിച്ചു. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് തപ്‌സിയുടെ പ്രതികരണം.

‘ആര് എനിക്ക് അഞ്ചു കോടി തന്നെന്നാണ് ഈ പറയുന്നത്. എനിക്ക് പാരിസില്‍ ഒരു ബംഗ്ലാവ് ഉണ്ടെന്ന് വരെ പലരും പറഞ്ഞുപരത്തി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ കൃത്യമായി ഉത്തരം നല്‍കിയിട്ടുണ്ട്. എന്റെ കുടുംബവും അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിച്ചു. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിയിച്ചാല്‍ ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണ്,’ തപ്‌സി പറഞ്ഞു.

റെയ്ഡില്‍ ആദായ നികുതി വകുപ്പിനെ പരിഹസിച്ചുകൊണ്ട് തപ്സി നേരത്തെ രംഗത്തെത്തിയിരുന്നു.

മൂന്നുദിവസം നീണ്ടുനിന്ന തിരച്ചിലില്‍ മൂന്ന് കാര്യങ്ങള്‍ കണ്ടെത്താനായിരുന്നു ശ്രമിച്ചത്

1. പാരീസില്‍ ഞാന്‍ സ്വന്തമാക്കിയെന്ന് പറയുന്ന ‘ആരോപണ വിധേയമായ’ ബംഗ്ലാവിന്റെ താക്കോലുകള്‍. കാരണം വേനല്‍ക്കാല അവധി ദിവസങ്ങള്‍ അടുത്തെത്താറായി

2. ആരോപണവിധേയമായ അഞ്ചുകോടിയുടെ രസീതുകള്‍. നേരത്തേ ഇവ ഞാന്‍ നിരസിക്കുകയും ഭാവിയിലേക്കായി മാറ്റിവെക്കുകയും ചെയ്തിരുന്നു. 3. 2013 ലെ റെയ്ഡിന്റെ ഓര്‍മയാണ് വരുന്നത് -ആദരണീയായ കേന്ദ്ര ധനകാര്യമന്ത്രി അത് വീണ്ടും ഓര്‍മിപ്പിച്ചു’

ഇതേ ആളുകള്‍ക്കെതിരെ 2013 ല്‍ റെയ്ഡ് നടന്നിരുന്നുവെന്ന നിര്‍മല സീതാരാമന്റെ ആരോപണത്തെ പരിഹസിച്ച് തപ്സി പറഞ്ഞു.

ഇനിയും ഇത് സഹിക്കാന്‍ കഴിയില്ലെന്നു പറഞ്ഞുകൊണ്ടാണ് തപ്സി ട്വീറ്റ് അവസാനിപ്പിക്കുന്നത്.

മൂന്ന് ദിവസമാണ് തപ്സിയുടെ വീട്ടില്‍ ആദായ നികുതിവകുപ്പിന്റെ റെയ്ഡ് നടന്നത്. തപ്സിക്ക് പുറമെ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Tapsee Pannu Response In  Income Tax Raid