കാബൂള്‍: സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് നിരോധനം പ്രഖ്യാപിച്ച് താലിബാന്‍. അഫ്ഗാനിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. വിലക്ക് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇത് തുടരുമെന്നും താലിബാന്‍ അറിയിച്ചിട്ടുണ്ട്.
‘സ്ത്രീകളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയാണ്. ഇത് ഉടനടി നടപ്പിലാക്കണം. പുതിയ ഒരു ഉത്തരവുണ്ടാകുന്നത് വരെ ഇത് തുടരും,’ വിദ്യാഭ്യാസ മന്ത്രി നെദ മുഹമ്മദ് നദീം പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ എല്ലാ സര്‍ക്കാര്‍/സ്വകാര്യ സര്‍വകലാശാലകളിലേക്കും ഈ ഉത്തരവ് എത്തിയിട്ടുണ്ട്.
പുതിയ നടപടിപ്രകാരം നിലവില്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളും പുറത്താകും. നേരത്തെ സെക്കന്ററി സ്‌കൂളുകളില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് പ്രവേശം നിഷേധിച്ചിരുന്നു.
ഏകദേശം മൂന്ന് മാസം മുമ്പാണ് അഫ്ഗാനിസ്ഥാനില്‍ സര്‍വകലാശാലകളിലേക്ക് പ്രവേശന പരീക്ഷ നടന്നത്. പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അനുവാദം നല്‍കിയിരുന്നെങ്കിലും വിവിധ വിഷയങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.
സര്‍ക്കാര്‍ ജോലികളില്‍ നിന്നും സ്ത്രീകളെ പുറത്താക്കുന്നതിന് വേണ്ടി ശമ്പളം വെട്ടികുറക്കുന്ന നടപടിയും താലിബാന്‍ സ്വീകരിച്ചിരുന്നു. വീടിന് പുറത്തിറങ്ങുമ്പോള്‍ ബുര്‍ഖ ധരിക്കണമെന്നും ബന്ധുവായ ഒരു പുരുഷനോടൊപ്പം മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളുവെന്നുമുള്ള ഉത്തരവും താലിബാന്‍ കഴിഞ്ഞ മാസങ്ങളിലായി ഇറക്കിയിരുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായമാണ് അഫ്ഗാനിസ്ഥാന്റെ ഇക്കോണമിയെ ഇപ്പോള്‍ താങ്ങിനിര്‍ത്തുന്നത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതടക്കമുള്ള നടപടികളെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ഈ സഹായങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. സര്‍വകലാശാലകളിലെ വിലക്ക് കൂടിയാകുന്നതോടെ താലിബാനെതിരെ അന്താരാഷ്ട്ര ലോകം നിലപാട് കടുപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Taliban bans women from universities in Afghanistan