T20 world cup
ഇയാള്‍ എന്തൊരു മനുഷ്യനാണ്!! എതിരാളികള്‍ കിലോമീറ്ററുകള്‍ അകലെ, അക്ഷരം തെറ്റാതെ വിളിക്കാം ഇതിഹാസ ഓള്‍ റൗണ്ടറെന്ന്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 13, 06:03 pm
Thursday, 13th June 2024, 11:33 pm

 

ടി-20 ലോകകപ്പിലെ 27ാം മത്സരത്തില്‍ ബംഗ്ലാദേശ് നെതര്‍ലന്‍ഡ്‌സിനെ നേരിടുകയാണ്. അര്‍ണോസ് വെയ്ല്‍ സ്‌റ്റേഡിയമാണ് ഗ്രൂപ്പ് ഡി-യിലെ ക്ലാസിക് പോരാട്ടത്തിന് വേദിയാകുന്നത്.

ഗ്രൂപ്പ് ഡി-യില്‍ നിന്നും ഒന്നാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്ക മാത്രമാണ് നിലവില്‍ സൂപ്പര്‍ എട്ടിന് യോഗ്യത നേടിയത്. ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശും മൂന്നാം സ്ഥാനത്തുള്ള നെതര്‍ലന്‍ഡ്‌സും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് സൂപ്പര്‍ എട്ടിലേക്ക് ഒരു അടി കൂടി അടുക്കാന്‍ സാധിക്കും.

മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട് എഡ്വാര്‍ഡ്‌സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 159റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിപ്പച്ചത്. ഷാകിബ് അല്‍ ഹസന്റെ അര്‍ധ സെഞ്ച്വറിയാണ് ബംഗ്ലാദേശിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 46 പന്ത് നേരിട്ട് ഒമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെ പുറത്താകാതെ 64 റണ്‍സാണ് ഷാകിബ് നേടിയത്.

കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയും നിരവധി ഹേറ്റേഴ്‌സിനെ സ്വന്തമാക്കുകയും ചെയ്ത താരമാണ് ഷാകിബ്. എങ്കിലും പ്ലെയര്‍ എന്ന നിലയില്‍ മുന്‍ ബംഗ്ലാ നായകന്‍ സ്വന്തമാക്കിയ പല നേട്ടങ്ങളും പകരം വെക്കാനില്ലാത്തതാണ്.

ലോകകപ്പിലെ (ഏകദിനം+ടി-20) 17ാമത് 50+ സ്‌കോറാണ് താരം കിങ്‌സ് ടൗണില്‍ ഷാകിബ് സ്വന്തമാക്കിയത്. 90 വിക്കറ്റുകളും ലോകകപ്പുകളില്‍ നിന്ന് മാത്രമായി മുന്‍ ബംഗ്ലാ നായകന്‍ തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

ലോകകപ്പിന്റെ ചരിത്രത്തില്‍ മറ്റൊരു താരത്തിന് പോലും ഈ ഐക്കോണിക് ഡബിള്‍ നേട്ടത്തിന് അടുത്തെത്താന്‍ പോലും സാധിച്ചിട്ടില്ല. പത്തിലധികം 50+ സ്‌കോറുകളോ 35+ വിക്കറ്റുകളോ ഒന്നിച്ച് സ്വന്തമാക്കിയ മറ്റൊരു താരം പോലും ഇല്ല എന്നറിയുമ്പോഴാണ് ഷാകിബിന്റെ റെക്കോഡ് എത്രത്തോളം മികച്ചതാണെന്ന് വ്യക്തമാകുന്നത്.

അതേസമയം, ഐ.സി.സി ലിമിറ്റഡ് ഓവര്‍ ലോകകപ്പുകളില്‍ നിന്നും ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ ശ്രീലങ്കന്‍ ലെജന്‍ഡ് തിലകരത്‌നെ ദില്‍ഷനെ മറികടന്ന് ഒമ്പതാം സ്ഥാനത്തെത്താനും ഏറ്റവുമധികം 50+ സ്‌കോര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ കുമാര്‍ സംഗക്കാരയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും ഷാകിബിനായി.

നിലവില്‍ 2,373 റണ്‍സാണ് ഐ.സി.സി ലിമിറ്റഡ് ഓവര്‍ ടൂര്‍ണമെന്റില്‍ നിന്നും ഷാകിബ് സ്വന്തമാക്കിയത്.

ഐ.സി.സി ലോകകപ്പുകളില്‍ (ഏകദിനം & ടി-20) നിന്നും ഏറ്റവുമധികം 50+ സ്‌കോര്‍ നേടിയ താരങ്ങള്‍

(താരം – ടീം – 50+ സ്‌കോര്‍ എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 31

ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 17*

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 16

യുവരാജ് സിങ് – ഇന്ത്യ – 12

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 12

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 12

എ.ബി ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 12

സ്റ്റാറ്റുകള്‍ക്ക് കടപ്പാട്: റിതാങ്കര്‍ ബണ്ഡോപാധ്യായ്

 

Content Highlight: T20 World Cup 2024: Shakib Al Hasan scripted yet another historical feat