2007 ടി-20 ലോകകപ്പുമായി അസാധാരണമാം വിധം സാമ്യങ്ങളാണ് ഈ വര്‍ഷത്തെ ലോകകപ്പിനുള്ളത്. 24 മത്സരങ്ങള്‍ കഴിയുമ്പോഴേക്കും ഉദ്ഘാടന സീസണുമായുള്ള സാമ്യതയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ഇതില്‍ പ്രധാനം ഇന്ത്യയും പാകിസ്ഥാനുമായുള്ള മത്സരങ്ങളിലെ സാമ്യത തന്നെയാണ്. 2007ല്‍ പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആസിഫ് ഓപ്പണറായ ഗൗതം ഗംഭീറിനെ ഡക്കൗട്ടാക്കുകയും, സേവാഗിനെ ഒറ്റയക്കത്തില്‍ മടക്കുകയും ചെയതിരുന്നു. 2021ല്‍ ഷഹീന്‍ അഫ്രിദി രോഹിത്തിനെ പൂജ്യത്തിനും കെ.എല്‍. രാഹുലിനെ ഒറ്റയക്കത്തിലും കൂടാരം കയറ്റി !
ഇവിടെ തീരുന്നില്ല സാമ്യതകള്‍, മൂന്നാമനായി ഇറങ്ങിയ ഉത്തപ്പ അര്‍ധ സെഞ്ച്വറി നേടുകയും, വിക്കറ്റ് കീപ്പറായ ധോണി 30+ റണ്‍സ് നേടുകയും ചെയ്തിരുന്നു. 2021ല്‍ മൂന്നാമനായി ഇറങ്ങിയ കോഹ്‌ലി അര്‍ധ സെഞ്ച്വറി നേടുകയും, വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത് 30+റണ്‍സ് നേടുകയും ചെയ്തു!! ഇരു മത്സരങ്ങളിലും പാകിസ്ഥാന്‍ ബൗളര്‍മാരാണ് മാന്‍ ഓഫ് ദി മാച്ച് അയതും. 2007ല്‍ മുഹമ്മദ് ആസിഫും, 2021 ഷഹീന്‍ അഫ്രിദിയുമാണ് കളിയിലെ താരമായത്.
2007ലും 2021ലും ഇംഗ്ലണ്ട് സ്‌ക്വാഡില്‍ ദക്ഷിണാഫ്രിക്കയില്‍ ജനിച്ച 2 വീതം താരങ്ങളുണ്ട് എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം. 2007ല്‍ ഇംഗ്ലണ്ടിനായി ബാറ്റേന്തിയ കെവിന്‍ പീറ്റേഴ്‌സണും മാറ്റ് പ്രയറുമാണെങ്കില്‍, 2021ല്‍ എത്തുമ്പോള്‍ ജെയസണ്‍ റോയിയും ടോം കറണും ആണെന്നുള്ള വ്യത്യാസം മാത്രമാണുള്ളത്.
2007 ലോകകപ്പ് കളിച്ച 8 താരങ്ങള്‍ മാത്രമാണ് 2021ലും കളിക്കുന്നത്. രോഹിത് ശര്‍മ, ഷാകിബ് അല്‍ ഹസന്‍, മഹ്മദുള്ള, മുഷ്ഫിഖര്‍ റഹീം, മൊഹമ്മദ് ഹഫീസ്, ഷോയ്ബ് മാലിക്, ക്രിസ് ഗെയ്ല്‍, ഡ്വെയ്ന്‍ ബ്രാവോ, രവി രാംപോള്‍ എന്നിവരാണ് ആ എട്ട് താരങ്ങള്‍. പല താരങ്ങളുടെയും അവസാന ലോകകപ്പും ആണെന്ന പ്രത്യേകതയും ഈ ടൂര്‍ണമെന്റിനുണ്ട്.