ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 18.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തില്‍ പുതിയ ഒരു നാഴികക്കല്ല് സ്വന്തമാക്കാനും നടരാജന് സാധിച്ചിരുന്നു. മത്സരത്തില്‍ നേടിയ ഒരു വിക്കറ്റിന് പിന്നാലെ ഐ.പി.എല്ലില്‍ 50 വിക്കറ്റുകള്‍ എന്ന നേട്ടത്തിലേക്കാണ് നടരാജന്‍ നടന്നു കയറിയത്.
A belated birthday delight for our Yorker King 😁
Nattu brings up 5️⃣0️⃣ wickets in orange 🔥#PlayWithFire #SRHvCSK pic.twitter.com/TPGgQ522EW
— SunRisers Hyderabad (@SunRisers) April 5, 2024
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ന്യൂസിലാന്‍ഡ് താരം ഡാറില്‍ മിച്ചലിനെ പുറത്താക്കി കൊണ്ടാണ് താരം അവിസ്മരണീയമായ നേട്ടത്തിലേക്ക് കാലെടുത്തുവെച്ചത്. മത്സരത്തിലെ അവസാന ഓവറിലെ മൂന്നാം പന്തില്‍ അബ്ദുല്‍ സമദിന് ക്യാച്ച് നല്‍കിയാണ് ന്യൂസിലാന്‍ഡ് താരം പുറത്തായത്. 11 പന്തില്‍ 13 റണ്‍സ് നേടിക്കൊണ്ടായിരുന്നു ഡാറില്‍ മിച്ചല്‍ പവലിയനിലേക്ക് മടങ്ങിയത്.
മത്സരത്തില്‍ നാല് ഓവറില്‍ 39 റണ്‍സ് വിട്ടു നല്‍കിയാണ് താരം ഒരു വിക്കറ്റ് വീഴ്ത്തിയത്. നായകന്‍ പാറ്റ് കമ്മിന്‍സ്, ഭുവനേശ്വര്‍ കുമാര്‍, ജയ്‌ദേവ് ഉനത്ഖട്ട്, ഷഹബാസ് അഹമ്മദ് എന്നിവരും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
അതേസമയം 36 പന്തില്‍ 50 റണ്‍സ് നേടിയ എയ്ഡന്‍ മര്‍ക്രമിന്റെ കരുത്തിലാണ് ഓറഞ്ച് ആര്‍മി ജയിച്ചു കയറിയത്. അഭിഷേക് ശര്‍മ 12 പന്തില്‍ 37 റണ്‍സും ട്രാവിസ് ഹെഡ് 24 പന്തില്‍ 31 റണ്‍സും നേടി നിര്‍ണായകമായി.
അതേസമയം ചെന്നൈ ബാറ്റിങ്ങില്‍ 24 പന്തില്‍ 45 റണ്‍സ് നേടിയ ശിവം ദൂബെയാണ് സൂപ്പര്‍ കിങ്സിന്റെ ടോപ് സ്‌കോറര്‍. രണ്ട് ഫോറുകളും നാല് സിക്സുകളും ആണ് ദൂബെയുടെ ബാറ്റില്‍ നിന്നും പിറന്നത്. 30 പന്തില്‍ 35 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയും 21 പന്തില്‍ പുറത്താവാതെ 31 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും മികച്ച പ്രകടനം നടത്തി.
ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വീതം ജയവും തോല്‍വിയുമടക്കം നാല് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഹൈദരാബാദ്. ഏപ്രില്‍ ഒമ്പതിന് മൊഹാലിയില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് ഓറഞ്ച് ആര്‍മിയുടെ എതിരളികള്‍.
Content Highlight: T. Natarajan take 50 wickets for Sunrisers Hyderabad