തൊഴിലാളികളെ പട്ടിണിക്കിട്ട് തോല്‍പ്പിക്കാമെന്നാണ് സീമാസ് മാനേജ്‌മെന്റ് കരുതുന്നത്, കേരളത്തിലെമ്പാടുമുള്ള സീമാസ് ബഹിഷ്‌കരിക്കാന്‍ തോമസ് ഐസക്കിന്റെ ആഹ്വാനം
Daily News
തൊഴിലാളികളെ പട്ടിണിക്കിട്ട് തോല്‍പ്പിക്കാമെന്നാണ് സീമാസ് മാനേജ്‌മെന്റ് കരുതുന്നത്, കേരളത്തിലെമ്പാടുമുള്ള സീമാസ് ബഹിഷ്‌കരിക്കാന്‍ തോമസ് ഐസക്കിന്റെ ആഹ്വാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th August 2015, 7:38 pm

seemas-02ഇരിക്കല്‍ സമരം നടത്തുന്ന സീമാസിലെ തൊഴിലാളികളെ പട്ടിണിക്കിട്ട് തോല്‍പ്പിക്കാമെന്നാണ് മാനേജ്‌മെന്റ് കരുതുന്നതെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം തോമസ് ഐസക്. കേരളത്തിലെ മുഴുവന്‍ സീമാസ് സ്ഥാപനങ്ങളും ബഹിഷ്‌കരിച്ചുകൊണ്ടാണ് ഈ ധാര്‍ഷ്ട്യത്തിന് മറുപടി നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സീമാസ് ബഹിഷ്‌കരിക്കുന്നതിനുള്ള ആഹ്വാനവും അദ്ദേഹം ഫേസ്ബുക്കിലൂടെ നല്‍കുന്നു. സീമാസ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കികൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് മൂന്ന് മണിക്കൂറിനുള്ളില്‍ 3500 ല്‍ അധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. തൊഴിലാളി സംഘടനയില്‍ ചേര്‍ന്നതിന് 13 ജീവനക്കാരെ സ്ഥാപനം പുറത്താക്കിയതിനെ തുടര്‍ന്നാണ് സീമാസില്‍ ജീവനക്കാര്‍ സമരം തുടങ്ങിയിരുന്നത്.

ആലപ്പുഴ തൊഴിലാളികളെ പട്ടിണിയ്ക്കിട്ടു തോല്‍പ്പിക്കാമെന്നാണ് സീമാസ് മാനേജ്മെന്‍റ് കരുതുന്നത്. ആലപ്പുഴയിലെ സ്ഥാപനം പൂട്ടി…

Posted by Dr.T.M Thomas Isaac on Saturday, August 15, 2015

തൊഴിലാളി യൂണിയനില്‍ ചേര്‍ന്നതിന്റെ പേരില്‍ പുറത്താക്കിയ 13 ജീവനക്കാരെ തിരിച്ചെടുക്കുക, ഇരിക്കാന്‍ അനുവദിക്കുക, ജോലിസമയം എട്ടുമണിക്കൂറാക്കുക, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, 7200 രൂപയില്‍ നിന്നും ശമ്പളം വര്‍ധിപ്പിക്കുക, ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റുന്നത് നിര്‍ത്തലാക്കുക, ജീവനക്കാരോടുളള മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്.

seemas-03“സീമാസ് ടെക്സ്റ്റയില്‍സിന്റെ അഞ്ചാം നിലയിലെ ഇടുങ്ങിയ, ശ്വാസം മുട്ടുന്ന പെട്ടിക്കൂട് പോലുളള മുറികളില്‍ ആറും, ഏഴും പേരായി നാല്‍പതോളം പേരാണ് കിടന്നുറങ്ങുന്നത്. ഈ 40 പേര്‍ക്കും മറ്റുളള ജീവനക്കാര്‍ക്കുമായി ആകെയുളളത് നാലു ബാത്ത്‌റൂമാണ്. രാവിലെ നേരത്തെ എഴുന്നേറ്റാല്‍ മാത്രമേ ബാത്ത്‌റൂമിലൊക്കെ സമയത്ത് പോകുവാന്‍ പോലും പറ്റുകയുളളു. ഉച്ചയ്ക്കത്തെയോ വൈകിട്ടത്തെയോ  ചോറാണ് പലപ്പോഴും രാത്രി കഴിക്കാന്‍ തരുന്നത്.” എന്നായിരുന്നു സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ നേരത്തെ പറഞ്ഞിരുന്നത്.

മാനേജ്‌മെന്റിന്റെ ചൂഷണം മാറ്റമില്ലാതെ തുടര്‍ന്നപ്പോഴാണ് തൊഴിലാളി യൂണിയനില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറയുന്നു. ഉച്ചഭക്ഷണത്തിനുള്ള സമയം അരമണിക്കൂര്‍ മാത്രമാണെന്നും ലിഫ്റ്റ് ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും ജീവനക്കാരികള്‍ പറഞ്ഞിരുന്നു.

ആലപ്പുഴ സീമാസ് സമര പോസ്റ്റുകളുടെ വിമര്‍ശകരില്‍ ഓരോരുത്തരോടായി പ്രതികരിക്കാന്‍ കഴിയില്ല. ആക്ഷേപഹാസ്യക്കാരെ അവഗണിക്കുന്നു….

Posted by Dr.T.M Thomas Isaac on Friday, August 14, 2015