ഷര്‍ദുല്‍ താക്കൂറിന് സഞ്ജുവും കേരളവും സമ്മാനിച്ച നാണക്കേട് ഇതാ ഇവിടെ അവസാനിക്കുന്നു; ചരിത്രത്തിനൊപ്പം പിറന്ന മോശം റെക്കോഡും
Sports News
ഷര്‍ദുല്‍ താക്കൂറിന് സഞ്ജുവും കേരളവും സമ്മാനിച്ച നാണക്കേട് ഇതാ ഇവിടെ അവസാനിക്കുന്നു; ചരിത്രത്തിനൊപ്പം പിറന്ന മോശം റെക്കോഡും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th December 2024, 1:33 pm

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സിക്കിമിനെതിരെ പടുകൂറ്റന്‍ വിജയവുമായി ബറോഡ. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ 263 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ബറോഡ സ്വന്തമാക്കിയത്.

ബറോഡ ഉയര്‍ത്തിയ 350 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സിക്കിമിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

ഭാനു പനിയയുടെ സെഞ്ച്വറിയും ശിവാലിക് ശര്‍മ, അഭിമന്യു സിങ് രാജ്പുത്, വിഷ്ണു സോളങ്കി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ബറോഡക്ക് പടുകൂറ്റന്‍ ടോട്ടല്‍ സമ്മാനിച്ചത്.

പനിയ 51 പന്തില്‍ പുറത്താകാതെ 134 റണ്‍സ് നേടി. ശിവാലിക് ശര്‍മ 17 പന്തില്‍ 55 റണ്‍സും അഭിമന്യു രാജ്പുത് 17 പന്തില്‍ 53 റണ്‍സും അടിച്ചെടുത്തപ്പോള്‍ 16 പന്തില്‍ 50 റണ്‍സാണ് വിഷ്ണു സോളങ്കിയുടെ പേരില്‍ കുറിക്കപ്പെട്ടത്. ഇവര്‍ക്കൊപ്പം 16 പന്തില്‍ 43 റണ്‍സുമായി ശാശ്വത് സിങ്ങും തിളങ്ങി.

ടി-20യിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവുമുയര്‍ന്ന വിജയം തുടങ്ങി ചരിത്ര റെക്കോഡുകള്‍ പിറന്ന മത്സരത്തില്‍ സിക്കിം താരം സുനില്‍ പ്രസാദ് റോഷന്‍ കുമാറിന്റെ പേരില്‍ ഒരു മോശം റെക്കോഡും കുറിക്കപ്പെട്ടു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന ബൗളര്‍ എന്ന അനാവശ്യ നേട്ടമാണ് താരത്തിന്റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്. നാല് ഓവറില്‍ നിന്നും 81 റണ്‍സാണ് സുനില്‍ പ്രസാദ് റോഷന്‍ കുമാര്‍ വഴങ്ങിയത്.

ഇന്ത്യന്‍ സൂപ്പര്‍ താരം ഷര്‍ദുല്‍ താക്കൂറിന്റെ പേരിലും അരുണാചല്‍ പ്രദേശ് താരം രമേഷ് രാഹുലിന്റെ പേരിലുമാണ് ഈ മോശം റെക്കോഡ് ഇതുവരെയുണ്ടായിരുന്നത്. നാല് ഓവറില്‍ നിന്നും 69 റണ്‍സാണ് ഇവര്‍ വഴങ്ങിയിരുന്നത്.

സഞ്ജു സാംസണിന്റെ കേരളമാണ് ഷര്‍ദുല്‍ താക്കൂറിനെ തല്ലിച്ചതച്ചതെങ്കില്‍ ഹരിയാനക്കെതിരെയാണ് രമേഷ് രാഹുല്‍ റണ്‍സ് വഴങ്ങിയത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഒരു ഇന്നിങ്സില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ബൗളര്‍

(താരം – ടീം – എതിരാളികള്‍ – എറിഞ്ഞ ഓവര്‍ – വഴങ്ങിയ റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

സുനില്‍ പ്രസാദ് റോഷന്‍ കുമാര്‍ – സിക്കിം – ബറോഡ – 4.0 – 81 – 2024*

ഷര്‍ദുല്‍ താക്കൂര്‍ – മുംബൈ – കേരളം – 4.0 – 69 – 2024

രമേഷ് രാഹുല്‍ – അരുണാചല്‍ പ്രദേശ് – ഹരിയാന – 4.0 – 69 – 2024

പഗദാല നായിഡു – ഹൈദരാബാദ് – മുംബൈ – 4.0 – 67 – 2010

ബാലചന്ദ്ര അഖില്‍ – കര്‍ണാടക – തമിഴ്നാട് – 4.0 – 67 – 2010

ലിച്ച തേഹി – അരുണാചല്‍ പ്രദേശ് – ബംഗാള്‍ – 4.0 – 67 – 2019

ഹരിശങ്കര്‍ റെഡ്ഡി – ആന്ധ്ര പ്രദേശ് – പഞ്ചാബ് – 4.0 – 66 – 2023

അതേസമയം, ഈ സീസണില്‍ ഒറ്റ വിജയം പോലും സ്വന്തമാക്കാന്‍ സാധിക്കാതെയാണ് സിക്കിം ടൂര്‍ണമെന്റിനോട് വിടപറയുന്നത്. കളിച്ച ഏഴ് മത്സരത്തില്‍ ഏഴിലും പരാജയപ്പെട്ട സിക്കിം ഗ്രൂപ്പ് ബി-യില്‍ എട്ടാമതാണ്.

 

Content Highlight: Syed Mushtaq Ali Trophy: Sunil Prasad Roshan Kumar created an unwanted record