മോഹന്‍ലാലിന്റെ ആ സീന്‍ കഴിഞ്ഞപ്പോള്‍ കെട്ടിപിടിച്ച് കവിളില്‍ ഉമ്മ കൊടുത്തു; എപ്പോള്‍ കണ്ടാലും രോമാഞ്ചം വരും: സ്വര്‍ഗചിത്ര അപ്പച്ചന്‍
Entertainment
മോഹന്‍ലാലിന്റെ ആ സീന്‍ കഴിഞ്ഞപ്പോള്‍ കെട്ടിപിടിച്ച് കവിളില്‍ ഉമ്മ കൊടുത്തു; എപ്പോള്‍ കണ്ടാലും രോമാഞ്ചം വരും: സ്വര്‍ഗചിത്ര അപ്പച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th November 2024, 8:15 am

ഫാസില്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ പൂവിന് പുതിയ പൂന്തെന്നല്‍ എന്ന സിനിമയിലൂടെ നിര്‍മാണരംഗത്തേക്ക് കടന്നുവന്നയാളാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. മലയാളത്തിന് ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവ് കൂടിയാണ് അദ്ദേഹം. പിന്നീട് ഗോഡ്ഫാദര്‍, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, പഞ്ചാബി ഹൗസ് തുടങ്ങി ഹിറ്റ് സിനിമകള്‍ അപ്പച്ചന്‍ മലയാളികള്‍ക്ക് സമ്മാനിച്ചു.

2001ല്‍ രണ്‍ജി പണിക്കരുടെ രചനയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് പ്രജ. ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായിരുന്നു സ്വര്‍ഗചിത്ര അപ്പച്ചന്‍. പ്രജയിലെ നായകന്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ചിത്രത്തില്‍ എന്‍.എഫ് വര്‍ഗീസുമായുള്ള ഒരു സീന്‍ കഴിഞ്ഞപ്പോള്‍ താന്‍ മോഹന്‍ലാലിനെ പോയി കെട്ടിപിടിച്ച് ഉമ്മ കൊടുത്തെന്ന് സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു.

ഇപ്പോഴും ആ സീനിന്റെ ഭാഗങ്ങള്‍ യൂട്യൂബില്‍ വന്നാല്‍ ഇരുന്ന് കാണുമെന്നും എപ്പോള്‍ കണ്ടാലും രോമാഞ്ചം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസ്റ്റര്‍ ബിന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു സ്വര്‍ഗചിത്ര അപ്പച്ചന്‍.

‘ആ സിനിമയില്‍ മോഹന്‍ലാലിന്റെ അതിഭയങ്കര പെര്‍ഫോമന്‍സല്ലേ. എന്‍.എഫ് വര്‍ഗീസിന്റെ അടുത്തുപോയിട്ടുള്ള ഡയലോഗെല്ലാം ഓര്‍ക്കുന്നില്ലേ, അത് കഷ്ണം വെട്ടി യുട്യൂബില്‍ കാണുമ്പോള്‍ ഇപ്പോഴും എനിക്ക് രോമാഞ്ചം വരും. ഇപ്പോഴും ആദ്യം കാണുന്ന എക്‌സൈറ്റ്‌മെന്റില്‍ അത് ഇരുന്ന് കാണും.

ആ സീന്‍ എടുക്കുമ്പോള്‍ ജോഷിയെല്ലാം വളരെ സന്തോഷത്തിലായിരുന്നു. രഞ്ജി ഉണ്ട്. അവരെല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. ആ സീന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ മോഹന്‍ലാലിനെ കെട്ടിപിടിച്ച് കവിളില്‍ ഒരു ഉമ്മ കൊടുത്തത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഇപ്പോഴും അതൊക്കെ ഒന്ന് എടുത്ത് കണ്ടു നോക്കിക്കേ, എന്ത് രാസമായിട്ടാണ് മോഹന്‍ലാല്‍ ആ ഡയലോഗെല്ലാം പറയുന്നത്. പിണ്ടി കുരിശ് മാലയും ഹേ റാം എന്നൊക്കെ പറയുന്നതെല്ലാം അത്രയും രസമാണ്. അത്രയും ഡയലോഗ് കാണാപാഠം പഠിച്ച് പറയുക എന്ന് പറഞ്ഞാല്‍ ആരെകൊണ്ട് പറ്റും,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറയുന്നു.

Content Highlight: Swargachithra Appanchan Talks About Mohanlal’s Performance In Praja Movie