മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമായി പരിഗണിക്കുന്ന സിനിമയാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത് 1993ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ഇന്നും ആളുകള്‍ യാതൊരു മടുപ്പും കൂടാതെയിരുന്ന് കാണുന്ന സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. ജനപ്രിയ ചിത്രത്തിനും മികച്ച നടിക്കുമുള്ള ദേശീയ, സംസ്ഥാന അവാര്‍ഡ് മണിച്ചിത്രത്താഴ് സ്വന്തമാക്കിയിരുന്നു.
എന്നാല് ചിത്രം ആദ്യം റിലീസായപ്പേള്‍ ഫസ്റ്റ് ഡേ അതിഭയങ്കരമായ റെസ്‌പോണ്‍സല്ല കിട്ടിയതെന്ന് പറയുകയാണ് നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍. ഒരു സാധാരണ വിജയചിത്രം എന്നതിനപ്പുറത്തേക്ക് ഒന്നും വിചാരിച്ചിരുന്നില്ലെന്നും എന്നാല്‍ പതിയെ ചിത്രം കത്തിക്കയറിയെന്നും അപ്പച്ചന്‍ പറഞ്ഞു. ഒരു ഡോക്ടര്‍ മണിച്ചിത്രത്താഴ് 200ലധികം തവണ കണ്ടുവെന്ന് കേട്ടപ്പോള്‍ തനിക്ക് അത്ഭുതമായെന്നും അപ്പച്ചന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അപ്പച്ചന്‍.
‘മണിച്ചിത്രത്താഴിന്റെ ഫസ്റ്റ് ഡേ ഇപ്പോഴും നല്ല ഓര്‍മയുണ്ട്. ഇത് അതിഭയങ്കരമായ സിനിമയാണെന്ന പ്രതീതിയൊന്നും ആ സമയത്ത് കിട്ടിയില്ല. ഒരു സാധാരണ വിജയചിത്രം എന്ന് മാത്രമേ ആദ്യത്തെ ദിവസം തോന്നിയുള്ളൂ. പക്ഷേ പിന്നീട് പടം കത്തിക്കയറി. 360ലധികം ദിവസം മണിച്ചിത്രത്താഴ് തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. മിക്കവരും ഒന്നില്‍ കൂടുതല്‍ തവണ ആ സിനിമ കണ്ടിട്ടുണ്ട്.
അതില്‍ തന്നെ ഒരു ഡോക്ടര്‍ 200ല്‍ കൂടുതല്‍ തവണ ആ സിനിമ കണ്ടുവെന്ന് കേട്ടപ്പോള്‍ ആദ്യം അത്ഭുതം തോന്നി. പക്ഷേ അത്രയും തവണ കാണാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ആ സിനിമയുടെ മാജിക്കാണ്. ഇനിയും എന്തൊക്കെയോ ഈ സിനിമയിലുണ്ടെന്ന പലരെയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള സ്‌ക്രിപ്റ്റാണ് മണിച്ചിത്രത്താഴിന്റേത് ഇപ്പോള്‍ റീ റിലീസിന് വേണ്ടി പലരെയും കാത്ത് നിര്‍ത്തുന്നതും ഇതേ കാരണ തന്നെയാണ്,’ അപ്പച്ചന്‍ പറഞ്ഞു.
Content Highlight: Swargachithra Appachan about the first day response of Manichithrathazhu