ബെംഗളൂരു: മംഗളൂരുവില്‍ ഒരാള്‍ക്ക് നിപയെന്ന് സംശയം. ലാബ് ടെക്നീഷ്യനാണ് രോഗലക്ഷണം പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പൂനെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.
കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായാണ് പറയുന്നത്. കുറച്ചുദിവസം മുന്‍പ് ഗോവയിലേക്ക് ഇദ്ദേഹം യാത്ര നടത്തുകയും ചെയ്തിരുന്നു. യാത്രയ്ക്കിടെ നിപ വൈറസ് ബാധ ഏറ്റതാവുമോ എന്ന സംശയവുമുണ്ടെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് പറയുന്നു.
ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. കേരളത്തില്‍ നിന്ന് എത്തുന്നവരെ നിരീക്ഷിക്കണം എന്ന് കര്‍ണാടക ആരോഗ്യവകുപ്പ് മംഗളൂരുവിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.