മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം സി.ബി.ഐക്ക് കൈമാറിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെ നിലപാട് വ്യക്തമാക്കി ശിവസേന നേതാവ് സജ്ഞയ് റാവത്ത്.
സത്യത്തിനും നീതിക്കും വേണ്ടി എന്നും നിലകൊള്ളുന്നവരാണ് തങ്ങളെന്നും മുംബൈ പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ട് ചിലര്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ചില രാഷ്ട്രീയക്കാര്‍ മുംബൈ പൊലീസിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും റാവത്ത് പറഞ്ഞു.
കേസ് കൈകാര്യംചെയ്ത രീതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആത്മപരിശോധന നടത്തണമെന്ന ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു റാവത്തിന്റെ മറുപടി.
മുംബൈ പൊലീസ് കേസിന്റെ എല്ലാവശവും പരിശോധിച്ചിട്ടുണ്ട്. നീതിയുടെ പക്ഷത്ത് നിന്ന് തന്നെയാണ് അവര്‍ അന്വേഷണം നടത്തിയത്. ആരും നിയമത്തിന് അതീതരല്ല. സുപ്രീം കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ അതിനെ കുറിച്ച് രാഷ്ട്രീയപരമായ ഒരു പ്രസ്താവന പറയുന്നത് ശരിയല്ല.
സുപ്രീം കോടതി വിധി സ്വാഗതം ചെയ്തുകൊണ്ട് ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും റാവത്ത് പറഞ്ഞു.
കേസ് കൈകാര്യംചെയ്ത രീതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആത്മപരിശോധന നടത്തണമെന്നും കേസില്‍ ഇനിയെങ്കിലും നീതി പ്രതീക്ഷിക്കുന്നെന്നുമായിരുന്നു ഫഡ്‌നാവിസ് പറഞ്ഞത്.
‘ ജൂഡീഷ്യറിയില്‍ വിശ്വാസം വര്‍ധിപ്പിക്കുന്ന തീരുമാനമാണ് ഇന്ന് ഉണ്ടായത്. കേസ് കൈകാര്യം ചെയ്ത രീതിയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആത്മപരിശോധന നടത്തണം. സുശാന്തിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, എന്നും ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് റാവത്ത് രംഗത്തെത്തിയത്.
ഈ വിധി ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിനു തിരിച്ചടിയാണോയെന്ന ചോദ്യത്തിന്, നിയമപരമായ പോരാട്ടങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമെന്നായിരുന്നു റാവത്തിന്റെ മറുപടി.
വിധിയെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യുമോ എന്ന ചോദ്യത്തില്‍ വിധിപകര്‍പ്പ് ലഭിച്ച ശേഷം അക്കാര്യത്തില്‍ പ്രതികരിക്കാമെന്നായിരുന്നു റാവത്ത് പറഞ്ഞത്.
കേസില്‍ ശിവസേന നേതാവും സംസ്ഥാന മന്ത്രിയുമായ ആദിത്യ താക്കറെക്കെതിരായ ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് അത്തരം ആരോപണങ്ങളൊന്നുമില്ലെന്നായിരുന്നു റാവത്തിന്റെ മറുപടി.
അതേസമയം സുപ്രീം കോടതി ഉത്തരവ് പഠിച്ചതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ അഭിപ്രായം പറയുകയുള്ളൂവെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.
അതേസമയം മുംബൈ പൊലീസില്‍ സര്‍ക്കാരിലുള്ള ചിലര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും അതാരാണെന്ന് ഇനി പുറത്തുവരണമെന്നുമായിരുന്നു മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ സംസ്ഥാന മന്ത്രിയുമായ ആശിഷ് ഷെലാര്‍ പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക