ടെസ്റ്റ് ഫോര്‍മാറ്റിലേക്കുള്ള തന്റെ റീ എന്‍ട്രി മാസാക്കി സൂര്യകുമാര്‍ യാദവ്. രഞ്ജി ട്രോഫിയില്‍ മുംബൈ-ഹൈദരാബാദ് മത്സരത്തിലാണ് സൂര്യകുമാര്‍ അടക്കമുള്ള മുംബൈ താരങ്ങള്‍ ബാസ്‌ബോളിലേക്ക് ഗിയര്‍ മാറ്റിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍ പൃഥ്വി ഷായെ ടീം സ്‌കോര്‍ 23ല്‍ നില്‍ക്കവെ നഷ്ടമായെങ്കിലും മറ്റ് ബാറ്റര്‍മാര്‍ ആഞ്ഞടിച്ചു. 21 പന്തില്‍ നിന്നും നാല് ഫോര്‍ ഉള്‍പ്പെടെ 19 റണ്‍സ് നേടി നില്‍ക്കവെയായിരുന്നു ഷായുടെ മടക്കം.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനൊപ്പം വണ്‍ ഡൗണായി സൂര്യകുമാര്‍ യാദവുമെത്തിയതോടെ കളിയുടെ ഫോര്‍മാറ്റ് തന്നെ മാറി. ഇരുവരും വെടിക്കെട്ടിന് തിരി കൊളുത്തിയതോടെ ഹൈദരബാദ് ബൗളര്‍മാര്‍ നിന്നുവിറച്ചു.
195 പന്തില്‍ നിന്നും 162 റണ്‍സാണ് ജയ്‌സ്വാള്‍ സ്വന്തമാക്കിയത്. 27 ബൗണ്ടറിയും ഒരു സിക്‌സറുമായിരുന്നു താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
എല്ലാ മത്സരവും ടി-20 ഫോര്‍മാറ്റെന്ന പോലെ സമീപിക്കുന്ന സൂര്യകുമാറും തകര്‍ത്തടിച്ചു. 80 പന്തില്‍ നിന്നും 15 ഫോറിന്റെയും ഒരു മാക്‌സിമത്തിന്റെയും അകമ്പടിയോടെ 90 റണ്‍സാണ് സ്‌കൈ നേടിയത്. 112.50 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സൂര്യകുമാറിന്റെ ആറാട്ട്.
താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സിന് പിന്നാലെ ആരാധകരും ഏറെ ഹാപ്പിയാണ്. ഏറെ നാളുകള്‍ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ സ്‌കൈ നാഷണല്‍ ടീമിന് വേണ്ടിയും ടെസ്റ്റില്‍ അരങ്ങേറാനുള്ള ഒരുക്കത്തിലാണ്.
ഇവര്‍ക്ക് പുറമെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും കത്തിക്കയറി. 156 പന്തില്‍ നിന്നും 126 റണ്‍സെടുത്താണ് താരം ക്രീസില്‍ തുടരുന്നത്. ഒപ്പം 29 പന്തില്‍ നിന്നും 21 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനാണ് ഒപ്പമുള്ളത്.