തിരുവനന്തപുരം: കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാകാനുള്ള നീക്കവുമായി സുരേഷ് ഗോപി. തൃശൂരില്‍ മികച്ച വിജയം നേടി ബി.ജെ.പി കേരളത്തില്‍ ലോക്‌സഭാ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നല്‍കിയതിനാലാണ് സുരേഷ് ഗോപി മന്ത്രി സ്ഥാനത്ത് നിന്നും ഒഴിയുന്നതെന്നാണ് സൂചനകള്‍.
ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും, മന്ത്രി സ്ഥാനം അതിന് തടസമാണെന്നുമാണ് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നത്. തൃശൂരിലെ വിജയത്തെ തുടര്‍ന്ന് സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാല്‍ ലഭിച്ചത് സഹമന്ത്രി സ്ഥാനം മാത്രമാണ്.
‘താമസിക്കാതെ എന്നെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് സിനിമ ചെയ്‌തേ പറ്റൂ. എം.പി എന്ന നിലയില്‍ തൃശൂരില്‍ പ്രവര്‍ത്തിക്കും. കേന്ദ്രമന്ത്രി സ്ഥാനം വേണ്ടെന്നായിരുന്നു എന്റെ നിലപാട്. കേന്ദ്ര നേതൃത്വം കാര്യങ്ങള്‍ തീരുമാനിക്കട്ടെ,’ സുരേഷ് ഗോപി പറഞ്ഞു.
ദല്‍ഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചപ്പോള്‍ സിനിമകള്‍ക്ക് കരാറില്‍ ഒപ്പിട്ട കാര്യം സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ചരിത്രം പ്രമേയമാകുന്ന ചിത്രം ഉള്‍പ്പെടെ 4 ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഗോപി. സിനിമകള്‍ മുടങ്ങിയാല്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലാകുമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു.