വഖഫ് പരാമര്‍ശം; ചോദ്യമുന്നയിച്ച 24 ന്യൂസ് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി സുരേഷ് ഗോപി
Kerala News
വഖഫ് പരാമര്‍ശം; ചോദ്യമുന്നയിച്ച 24 ന്യൂസ് മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2024, 2:37 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വഖഫ് സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനെയാണ് സഹമന്ത്രി ഭീഷണിപ്പെടുത്തിയത്.

ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് 24 ന്യൂസ് മാധ്യമപ്രവര്‍ത്തകനായ അലക്‌സ് റാം മുഹമ്മദിനെ റൂമിലേക്ക് വിളിച്ചുവരുത്തി സുരേഷ് ഗോപി ഭീഷണിപ്പെടുത്തുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തിയ സുരേഷ് ഗോപി ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്നും പറഞ്ഞു. ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സുരേഷ് ഗോപിയുടെ ഗണ്‍മാന്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.

വിവാദ വഖഫ് കിരാത പരാമര്‍ശത്തില്‍ ചോദ്യം ചോദിച്ചതാണ് സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചത്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ വഖഫ് ബോര്‍ഡിന്റെ പേര് പറയാതെയാണ് സുരേഷ് ഗോപി വിവാദ പരാമര്‍ശം നടത്തിയത്.

‘ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. നാല് ആംഗലേയ അക്ഷരങ്ങളില്‍ ഒതുങ്ങുന്ന ഒരു കിരാതമുണ്ട്,’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

തൈക്കാട് നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു 24 ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങള്‍ കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണം തേടിയത്.

ചോദ്യങ്ങളോട് പ്രതികരിക്കാതെ പോയ സഹമന്ത്രി തന്നെ റൂമിലേക്ക് വിളിച്ചുവരുത്തി  താന്‍ നടത്തിയ പ്രസംഗം നിങ്ങള്‍ കേട്ടോയെന്ന് ചോദിച്ചതായി അലക്‌സ് റാം പറഞ്ഞു.

എന്നാല്‍ പ്രസംഗത്തെ കുറിച്ചല്ല താന്‍ ചോദിച്ചതെന്നും അതിനെ തുടര്‍ന്നുണ്ടായ യു.ഡി.എഫ്-എല്‍.ഡി.എഫ് പ്രതികരണങ്ങളെ കുറിച്ചാണെന്നും അലക്‌സ് റാം സഹമന്ത്രിയോട് പറഞ്ഞതായും മാധ്യമപ്രവര്‍ത്തകന്‍ പ്രതികരിച്ചു. പിന്നാലെ തനിക്ക് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സൗകര്യമില്ലെന്ന് സുരേഷ് ഗോപി  പറഞ്ഞുവെന്നാണ് അലക്സ് റാം പറയുന്നത്.

അതേസമയം ഇതിനുമുമ്പും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സുരേഷ് ഗോപി ആക്രോശിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. തൃശൂരില്‍ വെച്ച് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകനെ സുരേഷ് ഗോപി കൈയേറ്റം ചെയ്യുകയായിരുന്നു.

കോഴിക്കോട് വെച്ച് മീഡിയ വണ്ണിലെ വനിത മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് സുരേഷ് ഗോപിക്കെതിരെ കേസ് നിലനില്‍ക്കുന്നുമുണ്ട്.

Content Highlight: Suresh Gopi threatened the 24 News journalist who raised the question