നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തയെ അവരുടെ ഹോംഗ്രൗണ്ടില്‍ തകര്‍ത്ത് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 39 റണ്‍സിനാണ് ടൈറ്റന്‍സ് വിജയിച്ചത്. 199 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തയുടെ പോരാട്ടം 159 റണ്‍സില്‍ അവസാനിച്ചു.
ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനായ ആശിഷ് നെഹ്‌റയും ഐ.പി.എല്ലില്‍ ടീമിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഇപ്പോള്‍ നെഹ്‌റയെ അഭിനന്ദിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.
മുന്‍ പേസര്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ യോഗ്യനാണെന്നാണ് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ തിരക്കേറിയ ഷെഡ്യൂള്‍ കാരണം അദ്ദേഹം പരിശീലക സ്ഥാനം നിരസിച്ചേക്കാമെന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.
‘ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന് അദ്ദേഹത്തെക്കാള്‍ മികച്ച ഒരു പരിശീലകനില്ലെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം വളരെ മികച്ച ഒരു പരിശീലകനാണ്. ഇന്ത്യന്‍ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് ബി.സി.സി.ഐ അദ്ദേഹത്തോട് ചോദിക്കണം.
അത്രയും സമയം ടീമിന് വേണ്ടി നല്‍കാന്‍ അദ്ദേഹത്തിന് കഴിയില്ല എന്നതിനാല്‍ അദ്ദേഹം സമ്മതിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷേ അദ്ദേഹത്തെക്കാള്‍ മികച്ച മറ്റൊരു ഓപ്ഷന്‍ ഇല്ല,’ ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു.
2022ലെ ടീമിന്റെ കന്നി സീസണില്‍ മുതല്‍ മുഖ്യ പരിശീലകനാണ് നെഹ്‌റ. സീസണില്‍ ജി.ടിക്ക് തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം നേടിക്കൊടുക്കുവാനും നെഹ്‌റയ്ക്ക് സാധിച്ചിരുന്നു. 2023ല്‍ ഗുജറാത്തിനെ റണ്ണേഴ്‌സ് അപ്പ് ആക്കാനും അദ്ദേഹത്തിന് സാധിച്ചു.
Content Highlight: IPL 2025: Harbhajan Singh Talking About Ashish Nehra