national news
ഫോണ്‍ ഹാക്ക് ചെയ്തവര്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി: സുപ്രിയ സുലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 12, 03:11 pm
Monday, 12th August 2024, 8:41 pm

മുംബൈ: തന്റെ ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്തതിന് പിന്നാലെ ഹാക്കര്‍മാര്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി എന്‍.സി.പി എം.പി സുപ്രിയ സുലെ. ഹാക്കര്‍മാര്‍ 400 യു.എസ് ഡോളര്‍ ആവശ്യപ്പെട്ടുവെന്നാണ് സുപ്രിയ സുലെ പറയുന്നത്.

ഹാക്കര്‍മാരുടെ ആവശ്യം സമ്മതിച്ചെന്ന രീതിയില്‍ അവരുമായി സംസാരിക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയെന്നും സുപ്രിയ സുലെ പറഞ്ഞു. സംഭവത്തില്‍ പൂനെ റൂറല്‍ പൊലീസിലാണ് സുപ്രിയ സുലെ പരാതിപ്പെട്ടത്.

ഉടനടി ലഭ്യമായ സഹായത്തിന് പൂനെ റൂറല്‍ പൊലീസിനും വാട്ട്സ്ആപ്പിനും സുപ്രിയ സുലെ നന്ദിയറിയിച്ചു. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട കാരണത്താല്‍ തനിക്ക് എത്തിച്ചേരാന്‍ കഴിയാതെ വന്ന പരിപാടികളുടെ സംഘാടകരോട് സുപ്രിയ സുലെ ഖേദം അറിയിക്കുകയും ചെയ്തു.

ഒരിക്കലും ഫോണില്‍ ലഭിക്കുന്ന ഒ.ടി.പികള്‍ മറ്റുള്ളവരുമായി പങ്കിടുകയോ അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. ദയവായി ശ്രദ്ധിക്കണമെന്നും സുപ്രിയ സുലെ പറഞ്ഞു.

അതേസമയം സുപ്രിയ സുലെയ്ക്ക് പുറമെ എന്‍.സി.പി ജനറല്‍ സെക്രട്ടറി അതിഥി നാല്‍വഡെയുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അഥിതിയോടും ഹാക്കര്‍മാര്‍ പണം ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 10000 രൂപയാണ് അതിഥി നാല്‍വഡെയോട് ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്.

ഇന്നലെയാണ് (ഞായറാഴ്ച) ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് സുപ്രിയ സുലെ പരാതിപ്പെട്ടത്. എം.പി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

‘എന്റെ ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടു. ദയവായി ആരും എന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്യരുത്. ഞാന്‍ പൊലീസില്‍ പരാതി കൊടുക്കുകയാണ്. ദയവായി ശ്രദ്ധിക്കുക,’ എന്നാണ് സുപ്രിയ സുലെ എക്‌സില്‍ കുറിച്ചത്.

മുന്‍കരുതലുകള്‍ ഉണ്ടായിട്ടും വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടു. ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ച് എല്ലാവരും ശ്രദ്ധാലുക്കളായിരിക്കണമെന്നും സുപ്രിയ സുലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഭരണകക്ഷിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രതിപക്ഷ നേതാക്കളില്‍ ഒരാളാണ് സുപ്രിയ സുലെ. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ മകള്‍ കൂടിയായ സുപ്രിയ സുലെ പതിനാറാം ലോക്‌സഭയിലെ ബാരാമതിയില്‍ നിന്നുള്ള എം.പിയാണ്.

Content Highlight: Supriya Sule said hackers demanded money after hacking her phone and WhatsApp