ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ സുപ്രീംകോടതി നടത്തിയതു നിരന്തര ഇടപെടലും രൂക്ഷ വിമര്‍ശനവും. കൊവിഡ് അനുബന്ധ വിഷയങ്ങളില്‍ സുപ്രീംകോടതി സ്വമേധയാ ആണു കേസ് രജിസ്റ്റര്‍ ചെയ്തത്.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഏറ്റവും ഒടുവില്‍ വാക്‌സിന്‍ വിതരണത്തിന്റേയും സംഭരണത്തിന്റേയും വിശദാംശങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. വാക്‌സിനുകള്‍ക്കു കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്ത വില നിശ്ചയിച്ചതിന്റെ വിശദീകരണവും നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണു കേന്ദ്രസര്‍ക്കാര്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് അറിയിച്ചതെന്നതും ശ്രദ്ധേയമാണ്.
സര്‍ക്കാര്‍ നയങ്ങള്‍ പൗരന്മാരുടെ അവകാശത്തില്‍ കടന്നുകയറിയാല്‍ മിണ്ടാതിരിക്കാന്‍ കോടതികളെ ഭരണഘടന അനുവദിക്കുന്നില്ലെന്നായിരുന്നു കോടതി പറഞ്ഞത്. അസാധാരണ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ വിവേചനാധികാരം ഉപയോഗിച്ചെടുക്കുന്ന തീരുമാനങ്ങളില്‍ കോടതി ഇടപെടരുതെന്ന കേന്ദ്രത്തിന്റെ വാദത്തോടായിരുന്നു കോടതിയുടെ പ്രതികരണം.
കഴിഞ്ഞ കേന്ദ്രബജറ്റില്‍ വാക്‌സിന്‍ സംഭരിക്കാന്‍ നീക്കിവെച്ച 35,000 കോടി രൂപ ഇതുവരെ എങ്ങനെയാണു ചെലവഴിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞിരുന്നു. 18-നും 44-നും ഇടയിലുള്ളവര്‍ക്കു കുത്തിവെപ്പ് നല്‍കാന്‍ ഈ തുക ഉപയോഗിച്ചുകൂടേയെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു.