World News
ടെസ്‌ല ലാഭത്തിൽ 71 ശതമാനം ഇടിവ്; മെയ് മുതൽ ഡോഗ് റോളിൽ നിന്ന് ഇലോൺ മസ്‌ക് പിന്മാറിയേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 23, 02:23 am
Wednesday, 23rd April 2025, 7:53 am

വാഷിങ്ടൺ: മെയ് മാസം മുതൽ ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ നേതൃത്വ സ്ഥാനത്ത് നിന്നും പിന്മാറുമെന്ന് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഇലോൺ മസ്ക് സൂചിപ്പിച്ചതായി റിപ്പോർട്ട് ചെയ്ത് അന്താരാഷ്ട്ര മാധ്യമങ്ങൾ.

ട്രംപ് ഭരണകൂടത്തിലെ മസ്കിന്റെ പങ്കിനെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ 2025 ന്റെ ആദ്യ പാദത്തിൽ കമ്പനിയുടെ ലാഭത്തിലും വരുമാനത്തിലും വൻ ഇടിവ് റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് മസ്‌കിന്റെ പിൻവാങ്ങൽ. ചൊവ്വാഴ്ച, കമ്പനിയുടെ വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം ഇടിവ് റിപ്പോർട്ട് ചെയ്തു. അതേസമയം ലാഭം 70 ശതമാനത്തിലധികം കുറയുകയും ചെയ്തിട്ടുണ്ട്.

സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ക്രമപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഭൂരിഭാഗവും കഴിഞ്ഞു, അതിനാൽ അടുത്തമാസം മുതൽ ഡോഗിനായി പ്രവർത്തിക്കുന്ന സമയം കുറയ്ക്കുമെന്ന് മസ്‌ക് പറഞ്ഞു.

‘സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ക്രമപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഭൂരിഭാഗവും കഴിഞ്ഞു. അതിനാൽ മെയ് മാസം മുതൽ, ഡോഗിനുള്ള എന്റെ സമയ വിഹിതം ഞാൻ ഗണ്യമായി കുറക്കുന്നതായിരിക്കും,’ മസ്‌ക് പറഞ്ഞു.

എങ്കിലും ഡോഗിൽ താൻ അത്യാവശ്യ പ്രവർത്തനങ്ങൾ എന്തെങ്കിലും ചെയ്യണമെന്ന് പ്രസിഡന്റ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ചെയ്യുമെന്നും അതിനായി ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ചെലവഴിക്കാൻ ശ്രമിക്കുമെന്നും മസ്‌ക് പറഞ്ഞു.

മെയ് 30 ന് മസ്‌ക് ഡോഗിൽ നിന്ന് വിരമിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സേവനത്തിന് കർശനമായ 130 ദിവസത്തെ പരിധി നിശ്ചയിച്ചിട്ടുണ്ട്.

പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ പാദത്തിൽ ടെസ്‌ലയുടെ മൊത്തം വരുമാനം 19.3 ബില്യൺ ഡോളർ ആയിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനം കുറവായിരുന്നു. വിദഗ്ധർ പ്രതീക്ഷിച്ചത് 21.1 ബില്യൺ ഡോളർ വരുമാനമായിരുന്നു. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി കമ്പനി വില കുറച്ചതാണ് വരുമാനം കുറയുന്നതിന് കാരണമായത്.

വാഹന ഡെലിവറിയിലും 13 ശതമാനം ഇടിവ് നേരിട്ടു. 2022 ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും മോശം വില്പനയാണിത്. 336,681 വാഹനങ്ങളാണ് ടെസ്‌ല ഡെലിവർ ചെയ്തത്. അടുത്തിടെ ബുദ്ധിമുട്ടുണ്ടാക്കുന്ന സമയങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മസ്‌ക് സമ്മതിച്ചിട്ടുണ്ടെങ്കിലും കമ്പനിയുടെ ഭാവിയെക്കുറിച്ച് അദ്ദേഹം ശുഭാപ്തിവിശ്വാസം പുലർത്തുന്നുണ്ട്.

ട്രംപ് ഭരണകൂടത്തിനും ഡോഗിന്റെ പ്രവർത്തങ്ങളിലും പ്രതിഷേധിക്കുന്ന ആളുകൾ ഇലോൺ മസ്കിൻ്റെ ഇലക്ട്രിക് കാറായ ടെസ്‌ലക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ വർധിക്കുന്നതായും റിപ്പോർട്ട് വരുന്നുണ്ട്. അമേരിക്കയിലെ ഒരു സർവീസ് സെന്ററിൽ നിരവധി ടെസ്‌ല വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചിരുന്നു.

 

Content Highlight: Tesla profits plunge as Musk promises he’s ready to step away from role at DOGE