ജെറുസലേം: ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ന്ന് ഇസ്രഈലി കുടിയേറ്റക്കാര്‍. ശനിയാഴ്ച അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്ന് രണ്ട് ഫലസ്തീനികള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി കുടിയേറ്റക്കാര്‍ മരത്തില്‍ കെട്ടിയിട്ടു.
നാബ്‌ലസ് നഗരത്തിന് സമീപത്ത് നിന്നാണ് കുടിയേറ്റക്കാര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. പിന്നീടിവര്‍ 13 വയസുള്ള മറിയത്തെയും സഹോദരന്‍ മൂന്നുവയസുകാരനായ അഹമ്മദിനെയും മരത്തില്‍ കെട്ടിയിടുകയായിരുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന ഒരു സംഘം കുട്ടികളില്‍ നിന്നാണ് ഇസ്രഈലി കുടിയേറ്റക്കാര്‍ ഫലസ്തീന്‍ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ നാട്ടുകാര്‍ ചേര്‍ന്ന് കുടിയേറ്റക്കാരെ പിടികൂടുകയും കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, അതിക്രമത്തിനിരയായ കുട്ടികള്‍ ഇപ്പോള്‍ മാനസികമായി വെല്ലുവിളി നേരിടുന്നുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് ശാരീരികമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
‘എന്റെ രണ്ട് പെണ്‍മക്കളും ബന്ധുവിന്റെ കുട്ടികളും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ നിന്നാണ് അവര്‍ ഞങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കുറച്ചധികം ദൂരെ ഒരു ഒലീവ് മരത്തില്‍ കെട്ടിയിട്ട നിലയിലാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച എന്റെ ഒരു സഹോദരനെ കുടിയേറ്റക്കാര്‍ കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തു,’ കുട്ടികളുടെ അമ്മാവനായ മുഹമ്മദ് ഹനാനി പറഞ്ഞു.
2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് പ്രത്യാക്രമണം നടത്തിയതെയോടെയാണ് ഗസയിലെ ആക്രമണം ഇസ്രഈല്‍ ശക്തമാക്കിയത്. ഈ കാലയളവില്‍ തന്നെ ഇസ്രഈല്‍ സൈനികര്‍ക്കൊപ്പം ചേര്‍ന്ന് ഇസ്രഈലി കുടിയേറ്റക്കാരും ഫലസ്തീനികളെ ക്രൂരമായി ആക്രമിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ആദ്യമായാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. നേരത്തെ വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഫലസ്തീനികളുടെ വീടുകള്‍, കൃഷി സ്ഥലങ്ങള്‍ എന്നിവ കുടിയേറ്റക്കാര്‍ നശിപ്പിച്ചിരുന്നു.
വീടിനും പാടങ്ങള്‍ക്കും കുടിയേറ്റക്കാര്‍ തീയിടുകയായിരുന്നു. ഫലസ്തീനികളുടെ വാഹനങ്ങളും കുടിയേറ്റക്കാര്‍ തീയിട്ട് നശിപ്പിച്ചിരുന്നു. കന്നുകാലികളെ മോഷ്ടിച്ച് ഫലസ്തീനികളുടെ ഉപജീവന മാര്‍ഗം കുടിയേറ്റക്കാര്‍ തടസപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇതിനുപിന്നാലെയാണ് കുട്ടികള്‍ക്ക് നേരെയും ഇസ്രഈലികള്‍ അതിക്രമം നടത്തുന്നത്.
അതേസമയം 2014 ജൂലൈയില്‍ കിഴക്കന്‍ ജെറുസലേമിലെ ഷുവാഫത്ത് പട്ടണത്തില്‍ നിന്ന് മുഹമ്മദ് അബു ഖ്‌ദൈര്‍ എന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇസ്രഈലി കുടിയേറ്റക്കാര്‍ വനത്തിനുള്ളില്‍ വെച്ച് പീഡിപ്പിച്ച് ചുട്ടുകൊന്നിരുന്നു.
Content Highlight: Israeli settlers kidnap two Palestinian children, tie them to a tree