കള്ളപ്പണ കേസില്‍ ശിക്ഷാനിരക്ക് ശോചനീയം; ഇ.ഡിയെ വിമര്‍ശിച്ച് സുപ്രീം കോടതി
national news
കള്ളപ്പണ കേസില്‍ ശിക്ഷാനിരക്ക് ശോചനീയം; ഇ.ഡിയെ വിമര്‍ശിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th November 2024, 8:46 am

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള (പി.എം.എല്‍.എ) കേസുകളില്‍ ശിക്ഷാനിരക്ക് വളരെ ശോചനീയമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി. ഇ.ഡിയുടെ ശിക്ഷാനിരക്ക് വളരെ പരിതാപകരമാണെന്നും വിചാരണ കൂടാതെ ആളുകളെ എത്ര കാലം തടവിലിടാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.

നേരത്തെയും പലവട്ടം പി.എം.എല്‍.എ കേസുകളില്‍ ശിക്ഷാനിരക്ക് സംബന്ധിച്ച് ഇതേ നിരീക്ഷണം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.

പശ്ചിമബംഗാള്‍ മുന്‍മന്ത്രി പാര്‍ഥാചാറ്റര്‍ജിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്റെ ഇടയിലാണ് സുപ്രീം കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വിമര്‍ശിച്ചത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ചായിരുന്നു പാര്‍ഥാചാറ്റര്‍ജിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്.

പശ്ചിമ ബംഗാളില്‍ അസിസ്റ്റന്റ് പ്രൈമറി ടീച്ചര്‍മാരുടെ നിയമനത്തിന് കോഴ വാങ്ങിയെന്ന കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് പാര്‍ഥാചാറ്റര്‍ജി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. 2014 മുതല്‍ 2021 വരെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ചാറ്റര്‍ജി.

ആ കാലഘട്ടത്തില്‍ സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള അധ്യാപക – അനധ്യാപക ജീവനക്കാരുടെ നിയമനത്തില്‍ അദ്ദേഹം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. വിചാരണക്കോടതിയും കൊല്‍ക്കത്ത ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ചാറ്റര്‍ജി സുപ്രീം കോടതിയില്‍ എത്തിയത്.

പാര്‍ഥാചാറ്റര്‍ജിക്ക് ജാമ്യം നല്‍കുകയാണെന്ന് കോടതി അറിയിച്ചപ്പോള്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്നായിരുന്നു ഇ.ഡി അഭിഭാഷകന്‍ അറിയിച്ചത്. എസ്.വി. രാജുവാണ് ഇ.ഡിക്ക് വേണ്ടി ഹാജരായത്. ഇതേതുടര്‍ന്ന് കേസ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.

Content Highlight: Supreme Court criticized the E.D Over Low Conviction Rate