Daily News
രാജീവ് ഗാന്ധി വധക്കേസ്: ശിക്ഷായിളവിനായുള്ള നളിനിയുടെ അപേക്ഷ സുപ്രീം കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Oct 27, 11:45 am
Monday, 27th October 2014, 5:15 pm

Nalini1ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍ ശിക്ഷയിളവ് ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ സുപ്രീം കോടതി തള്ളി. നളിനി ശ്രീഹരന്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജയിലില്‍ തടവിലാണ്.

ഈ കേസുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ സ്വദേശികളായ മുരുകന്‍, ശാന്തന്‍ എന്നിവരുടെയും ഇന്ത്യക്കാരനായ പേരറിവാളന്റെയും വധശിക്ഷക്ക് ഇളവ് ലഭിച്ചിരുന്നു.

ദയാഹര്‍ജിയില്‍ കാലതാമസം വരുന്നതാണ് വധശിക്ഷക്ക് ഇളവ് ലഭിക്കാന്‍ കാരണം. ഇതേ കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന മറ്റു നാല് പേരെയും മോചിപ്പിക്കുമെന്ന് നിയമ വശങ്ങള്‍ ചൂണ്ടിക്കാട്ടി ജയലളിത മുഖ്യമന്ത്രിയായിരുന്ന തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷെ സുപ്രീം കോടതി ഈ തീരുമാനം തള്ളുകയും പ്രശ്‌നം നിരീക്ഷിക്കാന്‍ ഭരണഘടന ബെഞ്ചിനെ നിയോഗിക്കുകയും ചെയ്തു.

1998 ലാണ് തീവ്രവാദ, വിധ്വംസക പ്രവര്‍ത്തന നിരോധന നിയമപ്രകാരം രാജീവ് ഗാന്ധിയുടെ ഘാതകര്‍ക്ക് ശിക്ഷ വിധിച്ചത്. മൂന്നുപേര്‍ക്ക് വധശിക്ഷയും നാല് പേര്‍ക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. 1991 മെയ് 21നാണ്‌ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ച് ചാവേര്‍ ബോംബാക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട ഇലക്ഷന്‍ റാലിയില്‍ ആരുടെയോ കൂടെ പോയി എന്നല്ലാതെ നളിനി അറിഞ്ഞുകൊണ്ട് ഒരുതെറ്റും ചെയ്തിട്ടില്ലെന്നും 18 വര്‍ഷമായി അവര്‍ ജയിലില്‍ നരകിക്കുകയാണെന്നും നളിനിയുടെ വക്കീല്‍ ദുരൈസ്വാമി പറഞ്ഞു.