നെല്ലുത്പാദനത്തില്‍ റെക്കോഡ്; പക്ഷേ കര്‍ഷകര്‍ക്ക് ഇനിയും ലഭിക്കണം, 692 കോടി രൂപ
Agriculture
നെല്ലുത്പാദനത്തില്‍ റെക്കോഡ്; പക്ഷേ കര്‍ഷകര്‍ക്ക് ഇനിയും ലഭിക്കണം, 692 കോടി രൂപ
ഹരിമോഹന്‍
Tuesday, 28th May 2019, 8:29 pm
ഉത്പാദനം കൂടുകയും വില വര്‍ധിപ്പിക്കുകയും ചെയ്തുകഴിഞ്ഞപ്പോള്‍ അതു നല്‍കാനുള്ള മാര്‍ഗം സപ്ലൈകോയും സംസ്ഥാന സര്‍ക്കാരും കണ്ടെത്തിയിട്ടില്ല. അഞ്ചരലക്ഷം മെട്രിക് ടണ്ണിന് അപ്പുറത്തേക്ക് പോകാതിരിക്കുന്ന കേരളത്തിലെ നെല്ലുത്പാദന മേഖലയില്‍ ഇത്തവണ ഒരുലക്ഷം മെട്രിക് ടണ്ണോളം അധികമായി ലഭിച്ചപ്പോള്‍ അതിന് ആനുപാതികമായ പണം കണ്ടെത്തേണ്ടത് ആവശ്യമായി വന്നു. ഇതു തുക വിതരണം ചെയ്യുന്നതിനെ കാര്യമായി ബാധിച്ചു. ഇനിയും 692 കോടി രൂപയാണ് സപ്ലൈകോ കര്‍ഷകര്‍ക്കു നല്‍കാനുള്ളത്.

2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ലോകം കൊടുംചൂടിലേക്കു നീങ്ങുകയാണെ ഭീതിജനകമായ റിപ്പോര്‍ട്ടുമായാണ് ലോക കാലാവസ്ഥാ സംഘടന (ഡബ്ലു.എം.ഒ) ഈവര്‍ഷം രംഗപ്രവേശം ചെയ്തത്. അതിനിടെ 2019-ലെ വേനല്‍ക്കാലം കേരളത്തില്‍ ചൂട് വര്‍ധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പും പുറത്തുവന്നിരുന്നു.

ഈ കൊടുംചൂട് കേരളത്തിന്റെ കാര്‍ഷികമേഖലയെ അപ്പാടെ തകര്‍ത്തുകളയുമെന്ന വിലയിരുത്തലും ഇക്കാലയളവിലുണ്ടായി. പ്രളയം തകര്‍ത്ത കേരളത്തിന്റെ കാര്‍ഷികമേഖലയുടെ പതനം ഇതോടെ പൂര്‍ത്തിയാകുമെന്നു നമ്മളും കരുതി. അതേറ്റവും ബാധിക്കുക സംസ്ഥാനത്തിന്റെ നെല്‍ക്കൃഷിയിലായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായി.

പക്ഷേ അത്ഭുതാവഹമായ പ്രകടനമാണ് കേരളത്തിന്റെ നെല്ലുത്പാദനത്തില്‍ ഇക്കുറിയുണ്ടായത്. പരമാവധി അഞ്ചരലക്ഷം മെട്രിക് ടണ്‍ ലഭിച്ചുകൊണ്ടിരുന്ന കേരളത്തിന്റെ നെല്ലുത്പാദനത്തില്‍ നിന്ന് ഈവര്‍ഷം ഇതുവരെ 6.74 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചുകഴിഞ്ഞത്. കഴിഞ്ഞവര്‍ഷം 5.25 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു ഉത്പാദനം. സെപ്റ്റംബറിലാണ് സംഭരണം തുടങ്ങിയത്. ജൂണ്‍ 30-നു മാത്രമേ നെല്ല് സംഭരണം പൂര്‍ത്തിയാകൂ. ഇപ്പോഴും കൊയ്ത്തു നടക്കുന്ന സ്ഥലങ്ങളിലെ സംഭരണം കൂടി പൂര്‍ത്തിയാകുമ്പോള്‍ ഇനിയും വര്‍ധനയുണ്ടാകും.

സാധാരണ ഒരു ഹെക്ടറില്‍ നിന്ന് എട്ടു ടണ്‍ നെല്ല് ലഭിച്ചുകൊണ്ടിരുന്ന സ്ഥാനത്ത് ഇത്തവണ പലയിടങ്ങളിലും 10 ടണ്‍ വരെ വിളവ് ലഭിച്ചെന്നുള്ളതാണു ശ്രദ്ധേയം. പ്രളയം കാര്യമായി ബാധിച്ച കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശ്ശൂര്‍, പത്തനംതിട്ട ജില്ലകളിലെ വിവിധ മേഖലകളില്‍ നിന്നാണ് ഈ നേട്ടമെന്നുള്ളത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.

മുന്‍വര്‍ഷങ്ങളില്‍ ഒരു കിലോ നെല്ലിന് കേരളാ സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) നല്‍കിക്കൊണ്ടിരുന്നത് 23.30 രൂപയാണ്. ഇത്തവണയാകട്ടെ അത്, 25.30 രൂപയാക്കി സപ്ലൈകോ വര്‍ധിപ്പിച്ചു. ഇതില്‍ 17.50 രൂപ മിനിമം താങ്ങുവിലയും 7.80 രൂപയുടെ സര്‍ക്കാര്‍ ബോണസും ഉള്‍പ്പെടും. എല്ലാംകൊണ്ടും കര്‍ഷകന് സന്തോഷിക്കാനും ആശ്വസിക്കാനുമുള്ള നിമിഷങ്ങള്‍. എന്നാല്‍ മുന്‍വര്‍ഷങ്ങളിലേതില്‍ നിന്ന് ഇത്തവണ അതിലും വ്യത്യസ്തതയുണ്ട്. മുന്‍പു കൊടുത്തുകൊണ്ടിരുന്ന തുകയില്‍ കര്‍ഷകന്‍ ഏറെക്കുറേ തൃപ്തനായിരുന്നെെങ്കില്‍ ഇക്കുറി അതങ്ങനെയല്ല.

ഉത്പാദനം കൂടി, വില വര്‍ധിപ്പിച്ചു, പ്രതിസന്ധിയിലായി സപ്ലൈകോ

കാരണം മറ്റൊന്നുമല്ല, ഉത്പാദനം കൂടുകയും വില വര്‍ധിപ്പിക്കുകയും ചെയ്തുകഴിഞ്ഞപ്പോള്‍ അതു നല്‍കാനുള്ള മാര്‍ഗം സപ്ലൈകോയും സംസ്ഥാന സര്‍ക്കാരും കണ്ടെത്തിയിട്ടില്ല. അഞ്ചരലക്ഷം മെട്രിക് ടണ്ണിന് അപ്പുറത്തേക്ക് പോകാതിരിക്കുന്ന കേരളത്തിലെ നെല്ലുത്പാദന മേഖലയില്‍ ഇത്തവണ ഒരുലക്ഷം മെട്രിക് ടണ്ണോളം അധികമായി ലഭിച്ചപ്പോള്‍ അതിന് ആനുപാതികമായ പണം കണ്ടെത്തേണ്ടത് ആവശ്യമായി വന്നു. ഇതു തുക വിതരണം ചെയ്യുന്നതിനെ കാര്യമായി ബാധിച്ചു. ഇനിയും 692 കോടി രൂപയാണ് സപ്ലൈകോ കര്‍ഷകര്‍ക്കു നല്‍കാനുള്ളത്.

ഇതുവരെ 1721.50 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതില്‍ 1029 കോടിയും കര്‍ഷകര്‍ക്കു നല്‍കാന്‍ സപ്ലൈകോയ്ക്കു കഴിഞ്ഞു. എന്നാല്‍ ബാക്കി തുക കൂടി നല്‍കാന്‍ കഴിഞ്ഞാലേ കേരളത്തില്‍ അടുത്ത ഘട്ട നെല്‍കൃഷി ആരംഭിക്കാനാകൂ. അതിനു കഴിഞ്ഞില്ലെങ്കില്‍ അടുത്തവര്‍ഷം ഉത്പാദനം കുറയാനും അതു കാരണമാകും. 1.67 ലക്ഷം കര്‍ഷകരില്‍ നിന്നാണ് ഇതുവരെ നെല്ല് സംഭരിച്ചിരിക്കുന്നത്.

മുന്‍വര്‍ഷങ്ങളില്‍ സാധാരണ 1400 കോടി രൂപവരെ മാത്രമായിരുന്നു പരമാവധി സപ്ലൈകോയ്ക്കു കണ്ടെത്തേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ മുന്നൂറിലധികം കോടി രൂപയുടെ വര്‍ധന അവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബാക്കിതുക പാഡി റസീപ്റ്റ് ഷീറ്റ് (പി.ആര്‍.എസ്) വായ്പാപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ആ പണം കണ്ടെത്താന്‍ കഴിയുമെുമുള്ള പ്രതീക്ഷയുണ്ടെും സപ്ലൈകോ, പാഡി അസിസ്റ്റന്റ് മാനേജര്‍ എ.വി സുരേഷ് കുമാര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. ബാങ്കുകളില്‍ പണലഭ്യതയുടെ പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. 16 ബാങ്കുകളുമായി ഇക്കാര്യത്തില്‍ സംസാരിച്ചു ധാരണയായിട്ടുണ്ട്. എാല്‍ ചില സാങ്കേതിക കാരണങ്ങളാലാണു വൈകുന്നതെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

എന്നാല്‍ മേല്‍പ്പറഞ്ഞ രീതിയില്‍ക്കൂടി ലഭിക്കുന്ന തുക എന്നുപറയുന്നത് മുന്‍തവണകളില്‍ ആവശ്യമായിവന്നിരുന്ന തുകയാണ്. അതുകൂടാതെ 202 കോടി രൂപ അധികമായി കണ്ടെത്തേണ്ടതുണ്ടെന്നതു വെല്ലുവിളിയാണ്. പി.ആര്‍.എസ് വായ്പാപദ്ധതിയാണ് അതിലും പ്രതീക്ഷ. എന്നാല്‍ അതുടന്‍ ലഭിക്കുമോയെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഉറപ്പു പറയാനാകുന്നില്ല. കൂടാതെ ഒരുമാസം കൂടി സംഭരണം തുടരുമ്പോള്‍ ലഭിക്കുന്ന നെല്ലിന് ഇനിയും പണം കണ്ടെത്തേണ്ടതായുണ്ട്. ഇതും കൂടി മുന്നില്‍ക്കണ്ട് പ്രവര്‍ത്തിച്ചാല്‍ മാത്രമേ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലേക്കു കൂപ്പുകുത്താതിരിക്കൂ.

പ്രധാന ജില്ലകളിലെ നെല്ലുത്പാദനം ഇങ്ങനെ:

പാലക്കാട് ജില്ലയില്‍ നിന്നാണ് ഇക്കുറിയും ഏറ്റവുമധികം നെല്ല് ലഭിച്ചത്. പ്രളയം കാര്യമായി ബാധിച്ച ആലപ്പുഴയിലും വയനാട്ടിലും പോലും ഇത്തവണ മികച്ച രീതിയില്‍ വിളവ് ലഭിച്ചുകഴിഞ്ഞു.

പാലക്കാട്-2.47 ലക്ഷം മെട്രിക് ടണ്‍
ആലപ്പുഴ- 1.93 ലക്ഷം മെട്രിക് ടണ്‍
തൃശ്ശൂര്‍-0.93 മെട്രിക് ടണ്‍
കോട്ടയം-0.90 ലക്ഷം മെട്രിക് ടണ്‍
മലപ്പുറം- 0.28 ലക്ഷം മെട്രിക് ടണ്‍
വയനാട്- 9369 മെട്രിക് ടണ്‍

പ്രളയത്തെ അതിജീവിച്ച കുട്ടനാട്; പക്ഷേ ലഭിക്കാനുള്ളത് 96 കോടി

കേരളത്തില്‍ പ്രളയം ആദ്യവും ഏറ്റവും മോശമായും ബാധിച്ച സ്ഥലം കുട്ടനാടാണ്. നെല്‍ക്കൃഷിയില്‍ മാത്രം 150 കോടി രൂപയുടെ നഷ്ടമാണ് കുട്ടനാട്ടിലെ നെല്‍ക്കൃഷിയില്‍ നിന്നു മാത്രം ഉണ്ടായത്. 23,000 നെല്‍ക്കര്‍ഷകരുടെ ജീവിതത്തെ കൂടിയാണു പ്രളയം ബാധിച്ചത്. കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലുമായി 10,495 ഹെക്ടറിലെ നെല്‍ക്കൃഷി പൂര്‍ണമായും നശിച്ചു. കുട്ടനാടും അപ്പര്‍ കുട്ടനാടും ഉള്‍പ്പെടുന്ന 28 പഞ്ചായത്തുകളില്‍ ഒറ്റ നെല്‍വയല്‍പ്പോലും ബാക്കിയുണ്ടായില്ല. ഹെക്ടര്‍ ഒന്നിന് ഏറ്റവും കുറഞ്ഞത് 1.25 ലക്ഷം രൂപയാണു നഷ്ടം കണക്കാക്കുന്നത്.

എന്നാല്‍ അവിടെ നിന്ന് കുട്ടനാട് ഉയര്‍ത്തെണീറ്റു. അവര്‍ പ്രളയത്തെ അതിജീവിച്ചത് ഒരു മാതൃകയാണ്. കഴിഞ്ഞപ്രാവശ്യം 1.5 ലക്ഷം മെട്രിക് ടണ്‍ നെല്ല് ലഭിച്ച കുട്ടനാട്ടില്‍ ഇത്തവണ 1.92 ലക്ഷം മെട്രിക് ടണ്ണാണു ലഭിച്ചത്. അഞ്ചാറു വര്‍ഷത്തെ കണക്കെടുത്തു പരിശോധിച്ചപ്പോള്‍ ഇരട്ടി വിളവ് ലഭിച്ചിരിക്കുന്നത്. 462 കോടി രൂപയുടെ നെല്ലാണിത്. 368 കോടി രൂപയാണ് ഇവിടെ ഇതുവരെ നല്‍കിയിട്ടുള്ളത്. ഏകദേശം 25,000-ത്തോളം കര്‍ഷകര്‍ക്കായാണ് ഇതുനല്‍കിയത്. ഇനി ഏകദേശം ഏഴായിരത്തോളം കര്‍ഷകര്‍ക്കായി 94 കോടി രൂപയോളം ഇവിടെ നല്‍കേണ്ടതുണ്ട്.

കടക്കെണിയിലാകുന്ന കര്‍ഷകര്‍

കുട്ടനാടിലെ കര്‍ഷകര്‍ പലപ്പോഴും കൃഷിയിറക്കുന്നത് ബാങ്ക് വായ്പയെടുത്താണ്. എന്നാല്‍ കൃത്യസമയത്ത് പണം തിരിച്ചടയ്ക്കാന്‍ അവര്‍ക്കു കഴിയാറില്ല. നെല്ല് സര്‍ക്കാരിനു നല്‍കിയാല്‍ അതിന്റെ പണം കിട്ടാന്‍ മൂന്നും നാലും മാസങ്ങളാണു വൈകുന്നത്. ഇതാണ് അവര്‍ക്കു പണം തിരിച്ചടയ്ക്കാന്‍ കഴിയാതാകുന്നത്. തിരിച്ചടയ്ക്കാന്‍ വൈകുന്നതോടെ കാര്‍ഷികവായ്പക്കുള്ള നാലുശതമാനം പലിശയെന്ന ആനുകൂല്യം ലഭിക്കാതാവുകയും പലിശയും കൂട്ടുപലിശയും എല്ലാം ചേര്‍ന്ന് കര്‍ഷകര്‍ ജപ്തിഭീഷണിയിലാവുകയും ചെയ്യുന്നു.

കൃത്യസമയത്തു വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്നാല്‍ അടുത്ത വായ്പ കിട്ടാതിരിക്കുകയും സ്വകാര്യ പണമിടപാടുകാരില്‍ നിന്നു കൊള്ളപ്പലിശയ്ക്ക് പണം കടം വാങ്ങി കൃഷി ഇറക്കേണ്ടി വരുന്ന ഗതികേടിലാണു കര്‍ഷകര്‍.

കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി കൃഷിക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രോത്സാഹനമാണ് നല്‍കിയത്. ഏക്കറിന് 45 കിലോ വീതം കൃഷിക്കാര്‍ക്ക് സൗജന്യമായി വിത്തുനല്‍കി. ചെളിയും പോളയും നീക്കാന്‍ ഹെക്ടറിന് 12,200 രൂപയും കേടായ മേട്ടോറുകള്‍ നന്നാക്കാന്‍ 10,000 രൂപവരെയും നല്‍കി. മട വീണ പാടശേഖരങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തിലാണ് പുനര്‍നിര്‍മിക്കാന്‍ തുക അനുവദിച്ചത്.

അടുത്തഘട്ടം വെല്ലുവിളിയാകുന്നു

രണ്ടാംഘട്ട കൃഷിക്കുള്ള തയ്യാറെടുപ്പുകളിലാണ് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള നെല്‍ക്കര്‍ഷകര്‍. അതിനുള്ള പ്രാരംഭ നടപടികളൊക്കെയും അവര്‍ ആരംഭിച്ചുകഴിഞ്ഞു. സര്‍ക്കാരില്‍ നിന്നു ലഭിക്കാനുള്ള പണം മുന്നില്‍ക്കണ്ടായിരുന്നു അവര്‍ ഇക്കാര്യങ്ങളൊക്കെയും ആരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ പണം ലഭിക്കാന്‍ വൈകുന്നത് കര്‍ഷകര്‍ക്കു വന്‍തോതില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കും. കൃഷി ഉപേക്ഷിക്കാന്‍ കഴിയാത്തതിനാല്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ വായ്പയെടുത്തുവരെ കൃഷിക്കുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോയിക്കഴിഞ്ഞു.

പുഞ്ചക്കൃഷിക്കുള്ള സമയം അടുത്തുവെന്നതാണു നിലവിലെ പ്രശ്‌നം. സീസണ്‍ കഴിഞ്ഞതിനുശേഷം പണം ലഭിച്ചിട്ടു കാര്യമില്ലെന്ന് കുട്ടനാട്ടിലെ നെല്‍ക്കര്‍ഷകനായ ജോസഫ് ഡൂള്‍ന്യൂസിനോടു പറഞ്ഞു. പ്രളയത്തിനുശേഷം കുട്ടനാട്ടില്‍ മാത്രമായി 30,500 ഹെക്ടറിലാണ് പുഞ്ചക്കൃഷി നടത്താനൊരുങ്ങുന്നത്. കഴിഞ്ഞ സീസണില്‍ 23,000 ഹെക്ടര്‍ കൃഷിയുണ്ടായിരു സ്ഥാനത്താണിത്.

ദുരന്തം നല്‍കിയ ആശ്വാസം

കേരളത്തിലുണ്ടായ പ്രളയം ഒട്ടേറെ മനുഷ്യജീവനുകളെ നേരിട്ടും അല്ലാതെയും ബാധിച്ചതാണ്. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടവുമുണ്ടായി. എന്നാല്‍ പ്രകൃതിയെ സംബന്ധിച്ച് അതൊരു നല്ല സൂചനയായിരുന്നുവെന്നതാണ് നെല്‍ക്കൃഷിയുടെ കാര്യത്തില്‍ കാണാന്‍ കഴിയുന്നത്. ഓഗസ്റ്റിന്റെ പാതിയില്‍ വന്ന പ്രളയം സെപ്റ്റംബറില്‍ തുടങ്ങാനിരുന്ന കൃഷിയെ ഒരുരീതിയില്‍ സഹായിച്ചു.

പ്രളയം വന്നുപോയപ്പോള്‍ നെല്ലിനു ഗുണകരമായ സൂക്ഷ്മവും അല്ലാത്തതുമായ മൂലകങ്ങള്‍ പാടങ്ങളില്‍ അടിഞ്ഞുകൂടുകയും അമ്ലാംശം മാറുകയും ചെയ്തു. കൂടാതെ കളകള്‍ പഴയതിനേക്കാള്‍ കുറവായതും കീടനാശിനിയുടെ സാന്നിധ്യമില്ലാത്തതും കാലാവസ്ഥ അനുകൂലമായതും ഏറെ സഹായകമായി.

മാത്രമല്ല, ഏക്കറിനു പരമാവധി 20-25 ക്വിന്റല്‍ നെല്ല് വിളഞ്ഞിരുന്ന പല പാടങ്ങളിലും ഇത്തവണ 30-35 ക്വിന്റല്‍ നെല്ല് കിട്ടി. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇത്രയും വിള ലഭിക്കുന്ന കര്‍ഷകരൊക്കെ പത്തേക്കറെങ്കിലും കൃഷി ചെയ്യുന്നവരാണ് എന്നുള്ളതാണ്. പാട്ടക്കൃഷിയുടെ സാധ്യത പ്രയോജനപ്പെടുത്തിയവര്‍ക്കാണ് ഇപ്രകാരം നെല്ല് വരുമാനവിളയായി മാറിയത്. ഏക്കറുകളില്‍ വ്യാപിച്ചിരുന്ന റബ്ബര്‍തോട്ടങ്ങള്‍ ഒരുഭാഗത്തു തുണ്ടുകളായി മുറിയുന്ന കേരളത്തില്‍ തന്നെയാണ് പാട്ടക്കൃഷിയിലൂടെ നെല്‍പ്പാടങ്ങള്‍ സാമ്പത്തിക സുസ്ഥിരത വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്.


ഒരു ഏക്കര്‍ നെല്‍ക്കൃഷി നടത്താന്‍ 20,000-25,000 രൂപ ചെലവ് വരുമെന്നാണു കണക്ക്. ഇത്രയും സ്ഥലത്തുനിന്ന് 20-25 ക്വിന്റല്‍ വിളവ് പ്രതീക്ഷിക്കാം. ഇപ്പോഴത്തെ സംഭരണ വിലയനുസരിച്ച് 50,000-62,500 രൂപ മൊത്ത വരുമാനം. അതായത് ഒരു ഏക്കറില്‍ നിന്ന് 25,000 രൂപ അറ്റാദായം. ഇരുപതിനായിരം രൂപ പാട്ടമായി നല്‍കുന്നതോടെ ഈ വരുമാനം 5000 രൂപയായി താഴും. വര്‍ഷത്തില്‍ ഒരു കൃഷിയുണ്ടെങ്കില്‍ പതിനായിരം രൂപ വാര്‍ഷിക വരുമാനം. ഏറ്റവും താഴ്ന്ന ശമ്പളക്കാരന്റെ വരുമാനമെങ്കിലും-രണ്ടരലക്ഷം രൂപ വാര്‍ഷിക വരുമാനം-നെല്‍ക്കര്‍ഷകന് ഉറപ്പാക്കണമെങ്കില്‍25 ഏക്കറിലെങ്കിലും കൃഷി ഉണ്ടാവണമെന്നു സാരം. ഏറ്റവും മികച്ച സാഹചര്യങ്ങളിലെ ഒരു ചിത്രമാണിത്.

കര്‍ഷകസൗഹൃദമായി സര്‍ക്കാര്‍

മുന്‍തവണകളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനങ്ങളാണ് ഇതുവരെ വന്നുകൊണ്ടിരിക്കുത്. നെല്ല് സംഭരണത്തില്‍ പണം ഇനിയും നല്‍കാനുണ്ടെങ്കിലും കൃഷി ഉത്പാദിപ്പിക്കുന്നതിലെ പ്രോത്സാഹനം കേരളത്തിന്റെ കാര്‍ഷികമേഖലയെ ഏറെ മുന്നോട്ടുകൊണ്ടുപോയിക്കഴിഞ്ഞിരിക്കുന്നു.

49,000 ഏക്കര്‍ തരിശുഭൂമിയാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ കൃഷിഭൂമിയാക്കി മാറ്റിയതെന്നു കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. കേരളത്തിലെ നെല്ലുത്പാദനം 10 ലക്ഷം ടണ്ണിലേക്ക് എത്തിക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി കൃഷിക്ക് സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രോത്സാഹനമാണ് നല്‍കിയത്. ഏക്കറിന് 45 കിലോ വീതം കൃഷിക്കാര്‍ക്ക് സൗജന്യമായി വിത്തുനല്‍കി. ചെളിയും പോളയും നീക്കാന്‍ ഹെക്ടറിന് 12,200 രൂപയും കേടായ മേട്ടോറുകള്‍ നന്നാക്കാന്‍ 10,000 രൂപവരെയും നല്‍കി. മട വീണ പാടശേഖരങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തിലാണ് പുനര്‍നിര്‍മിക്കാന്‍ തുക അനുവദിച്ചത്.

കഴിഞ്ഞ 20 വര്‍ഷത്തില്‍ അധികമായി തരിശായിക്കിടന്ന പാടശേഖരത്തില്‍പ്പോലും ഇക്കുറി വിളവെടുപ്പ് നടന്നുവെതാണു യാഥാര്‍ഥ്യം. ആലത്തൂരില്‍ കഴിഞ്ഞമാസം നടത്തിയ പരിസ്ഥിതി സൗഹൃദ നെല്‍ക്കൃഷിയില്‍ ഏക്കറിന് 3,000 രൂപ മുതല്‍ 3,500 ടണ്‍ വരെ വിളവ് ലഭിച്ചിരുന്നു. രാസ കീടനാശിനി ഒഴിവാക്കി നടത്തിയ കൃഷിയില്‍ 20 ശതമാനം ചെലവ് ലാഭിച്ചപ്പോള്‍ സാധാരണ കൃഷിരീതിയിലേതിനെക്കാള്‍ 40 ശതമാനം വിളവ് കൂടി. വിവിധ പദ്ധതികളിലൂടെ ഏക്കറിന് 4,000 രൂപയോളം കര്‍ഷകര്‍ക്ക് സബ്‌സിഡിയും ലഭിച്ചു. ആലത്തൂര്‍ കൃഷിഭവനിലെ 150 ഹെക്ടറിനുള്ളിലാണ് ഇതു പരീക്ഷിച്ചത്. ഇവിടെയുള്ള എട്ടു പാടശേഖരങ്ങളില്‍ നിന്നു മാത്രം മൂന്നര ടണ്‍ വരെ നെല്ല് സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഹരിമോഹന്‍
മാധ്യമപ്രവര്‍ത്തകന്‍