വടയമ്പാടിയിലേത് വെറും പ്രാദേശിക പ്രശ്‌നമല്ല, ജനാധിപത്യ പ്രശ്‌നമാണെന്ന് സണ്ണി എം കപിക്കാട്
Dalit Life and Struggle
വടയമ്പാടിയിലേത് വെറും പ്രാദേശിക പ്രശ്‌നമല്ല, ജനാധിപത്യ പ്രശ്‌നമാണെന്ന് സണ്ണി എം കപിക്കാട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th February 2018, 9:43 pm

കൊച്ചി: വടയമ്പാടിയിലേത് വെറും പ്രാദേശിക പ്രശ്‌നമല്ല ജനാധിപത്യ പ്രശ്‌നമാണെന്ന് ദളിത് ചിന്തകനായ സണ്ണി.എം.കപിക്കാട്. ജാതി മേധാവിത്വത്തെ പ്രതിരോധിക്കുക എന്നത് ജനാധിപത്യത്തിന്റെ മൗലികമായ കടമയാണെന്നും ഇത് കേരളം ഏറ്റെടുക്കണം എന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പൊലീസ് ദളിതര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത് ആസൂത്രിതമായാണ് എന്നും സണ്ണി ആരോപിച്ചു.

“” ഭജനമഠത്തില്‍ പോയാല്‍ സംഘര്‍ഷമുണ്ടാകും എന്ന വാര്‍ത്തയാണ് പൊലീസ് പുറത്തുവിടുന്നത്. ഭജനമഠത്തില്‍ പോയാല്‍ അവിടെ യാതൊരു സംഘര്‍ഷവും ഉണ്ടാകില്ല. ഇതുപോലെ തന്നെ ആള്‍ക്കാര്‍ അവിടെ കൂടി സമരം നടത്തി പിരിയുമായിരുന്നു. എന്നാല്‍ പൊലീസ് പ്രചരിപ്പിച്ചൊരു കാര്യം, പൊലീസ് മുകളിലേക്ക് കൊടുത്ത റിപ്പോര്‍ട്ടിലൊക്കെ ഭജനമഠത്തില്‍ സംഘര്‍ഷമാണ് അവിടെ ഇത് അനുവദിക്കാന്‍ പാടില്ല എന്നൊക്കെയാണ്. അതുകൊണ്ടാണ് കലക്ടര്‍ ഇത് നിരോധിക്കുന്നത്.” അദ്ദേഹം പറയുന്നു.

“ഇവിടെ 144 ഒന്നും പ്രഖ്യാപിച്ചിട്ടില്ലല്ലോ. ഇവിടെ താഴെ ചൂണ്ടികവലയില്‍ സമാധാനപരമായി സമ്മേളനം നടത്താനാണ് രാവിലെ മുതല്‍ ആളുകള്‍ ഇവിടെ എത്തിക്കൊണ്ടിരുന്നത്. അവരെ ആര്‍എസ്എസ്സുകാര്‍, സംഘപരിവാര്‍ ശക്തികള്‍ ഒരുവശത്ത് നിന്നുകൊണ്ട് അവര്‍ക്കെതിരെ ആക്രോശിക്കുകയും ആക്രമിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്കെതിരെ ഒരു നടപടിയും എടുക്കാത്ത പൊലീസ് സമാധാനപരമായി കൂടിനിന്നവരെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി അറസ്റ്റുചെയ്യുകയും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയും ചെയ്യുന്നു.” അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ, വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമര പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ദളിത് സമരനേതാവ് ജിഗ്‌നേഷ് മേവാനി രംഗത്തെത്തിയിരുന്നു. വടയമ്പാടിയില്‍ സംഭവിച്ചത് അപലപനീയമാണെന്നും ദളിത് പ്രക്ഷോഭങ്ങള്‍ക്കെതിരായ പൊലീസിന്റെ നടപടി വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാണെന്നും ജിഗ്‌നേഷ് പറഞ്ഞു. പ്രസ്താവനയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്തിന്റെ പേരിലാണ് പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം പറയണമെന്നും ജിഗ്‌നേഷ് പറയുന്നു. പൊലീസ് രാജിനും ദളിത് അതിക്രമങ്ങള്‍ക്കുമെതിരെ ദളിത് ലാന്റ് റൈറ്റ് ഫ്രന്റ് സംഘടിപ്പിച്ചതാണ് വടയമ്പാടിയിലെ ദളിത് ആത്മാഭിമാന കണ്‍വെന്‍ഷനെന്നും എന്‍.എസ്.എസിന്റെ ജാതി മതിലിനുമെതിരെയുമാണ് കണ്‍വെന്‍ഷനെന്നും അദ്ദേഹം പറയുന്നു.

ജനാധിപത്യപരമായും സമാധാനപരമായും നടന്ന സമരത്തെ പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നുവെന്നും ആര്‍.എസ്.എസിന്റേയും ഹിന്ദു ഐക്യവേദിയുടേയും പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത് സംഘപരിവാറുമായും ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുമായും കേരള സര്‍ക്കാര്‍ സന്ധിയിലാണെന്നതിന്റെ തെളിവാണെന്നും ജിഗ്‌നേഷ് പറയുന്നു.

ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുമായി ഇടത് സര്‍ക്കാര്‍ അവിശുദ്ധ സന്ധിയിലാണെന്ന് പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്കെതിരെ പുരോഗമ പ്രസ്ഥാനങ്ങള്‍ ഒരുമിക്കേണ്ട സമയത്ത് ഇടത് സര്‍ക്കാരിന്റെ നടപടി ദളിത്-ഇടത് ഐക്യത്തെ തകര്‍ക്കുമെന്നും അദ്ദേഹം പറയുന്നു.