ചാമ്പ്യന്‍സ് ട്രോഫിയുടെ ചൂട് മാറിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ഐ.പി.എല്ലിന്റെ പുതിയ പതിപ്പിനാണ്. മാര്‍ച്ച് 22ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്ക് തങ്ങളുടെ മൂന്നാം ഐ.പി.എല്‍ കിരീടം നേടുന്നതില്‍ പ്രധാന പങ്ക് വഹിച്ച മുന്‍ താരമാണ് ഗൗതം ഗംഭീര്‍. മെന്ററായി ടീമില്‍ തിരിച്ചെത്തുകയും ശ്രേയസ് അയ്യരിന്റെ ക്യാപ്റ്റന്‍സിയില്‍ കെ.കെ.ആറിന് കിരീടം നേടിക്കൊടുക്കാനും ഗംഭീറിന് സാധിച്ചു.
ഇപ്പോള്‍ മുന്‍ സീസണുകള്‍ മുതല്‍ക്കെ കെ.കെ.ആറിന്റെ കൂടെയുള്ള വെടിക്കെട്ട് ബാറ്ററും സ്പിന്‍ ബൗളറുമായ സുനില്‍ നരെയ്ന്‍ ഗംഭീറിനെക്കുറിച്ച് സംസാരിക്കുകയായണ്.
‘ജി.ജിക്ക് (ഗൗതം ഗംഭീര്‍) ക്രിക്കറ്റില്‍ തന്റേതായ വഴികളുണ്ട്, ഐ.പി.എല്ലില്‍ അദ്ദേഹത്തിന് വലിയ വിജയങ്ങളുണ്ട്. അതിനാല്‍, അദ്ദേഹത്തിന്റെ വിടവ് വലിയ നഷ്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ മനസ് ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ടാകും, അദ്ദേഹം ഞങ്ങളെ പിന്തുണയ്ക്കും.
രഹാനെ വളരെ പരിചയസമ്പന്നനായ ഒരു ക്രിക്കറ്റ് കളിക്കാരനാണ്, അദ്ദേഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്, പക്ഷേ അദ്ദേഹത്തിന് ചുറ്റും മുതിര്‍ന്ന കളിക്കാരുണ്ട്,’ ടൂര്‍ണമെന്റിന് മുമ്പുള്ള പത്രസമ്മേളനത്തില്‍ സുനില്‍ നരെയ്ന്‍ പറഞ്ഞു.
2024ല്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റ ഗംഭീറിന് കൊല്‍ക്കത്തയുടെ മെന്റര്‍ സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. 2012ല്‍ കൊല്‍ക്കത്തയെ ആദ്യ കിരീടം ചൂടിച്ച ക്യാപ്റ്റന്‍ കൂടിയാണ് ഗംഭീര്‍. മാത്രമല്ല 2014ല്‍ വീണ്ടും ഗംഭീര്‍ ചരിത്രം ആവര്‍ത്തിച്ചും.
2024ല്‍ മെന്റര്‍ വേഷത്തിലെത്തിയും ചാമ്പ്യന്‍നാകാന്‍ താരത്തിന് സാധിച്ചു. ഇത്തവണ അജിന്‍ക്യാ രഹാനെയുടെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത ഇറങ്ങുമ്പോള്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍.
Content Highlight: Sunil Narine Talking About Gautham Gambhir