ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്റെ ആവശ്യമില്ലെന്ന് പറഞ്ഞു; നിരാശ വ്യക്തമാക്കി ഗവാസ്‌കര്‍
Sports News
ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്റെ ആവശ്യമില്ലെന്ന് പറഞ്ഞു; നിരാശ വ്യക്തമാക്കി ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th January 2025, 10:04 am

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തന്റെ പേരിലുള്ള ട്രോഫി വിജയികള്‍ക്ക് കൈമാറുന്ന ചടങ്ങില്‍ സുനില്‍ ഗവാസ്‌കറിനെ ക്ഷണിക്കാത്തതിലുള്ള വിവാദങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്നുകേള്‍ക്കുന്നത്.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ പരമ്പര വിജയിച്ചതിന് പിന്നാലെ നടന്ന ട്രോഫി പ്രസന്റേഷന്‍ ചടങ്ങിലാണ് ഗവാസ്‌കറിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

 

ജേതാക്കളായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് അലന്‍ ബോര്‍ഡറാണ് ട്രോഫി കൈമാറിയത്. സിഡ്‌നിയില്‍ ഉണ്ടായിരുന്നിട്ടും ഗവാസ്‌കറിനെ ട്രോഫി പ്രസന്റെഷനായി ക്ഷണിച്ചിരുന്നില്ല.

ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍. ഇന്ത്യ പരാജയപ്പെടുകയോ പരമ്പര സമനിലയില്‍ അവസാനിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ തന്റെ ആവശ്യമില്ലെന്ന് മത്സരത്തിന് മുമ്പ് തന്നോട് പറഞ്ഞിരുന്നു എന്നാണ് ഗവാസ്‌കര്‍ വ്യക്തമാക്കുന്നത്.

എ.ബി.സി സ്‌പോര്‍ടിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍.

‘ഇന്ത്യയ്ക്ക് മത്സരം വിജയിക്കാനോ പരമ്പര സമനിലയിലെത്തിക്കാനോ സാധിക്കുന്നില്ലെങ്കില്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി കൈമാറാന്‍ എന്റെ ആവശ്യമില്ല എന്ന് ടെസ്റ്റ് മത്സരത്തിന് മുമ്പാണ് എന്നോട് പറഞ്ഞത്.

ഇക്കാര്യത്തില്‍ എനിക്ക് ഒരു തരത്തിലുമുള്ള വിഷമവുമില്ല, എന്നാല്‍ ഞാന്‍ ചിന്താക്കുഴപ്പത്തിലാണ്. അത് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയാണ്, ഞങ്ങള്‍ രണ്ട് പേരും അവിടെയുണ്ടാകണമായിരുന്നു,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

 

ഈ വിഷയത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തങ്ങളുടെ പിഴവ് സമ്മതിച്ചിരുന്നു.

‘അലന്‍ ബോര്‍ഡറിനോടും സുനില്‍ ഗവാസ്‌കറിനോടും വേദിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അത് അഭികാമ്യമാകുമായിരുന്നു,’ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് വക്താവ് പറഞ്ഞു.

ട്രോഫി പ്രസന്റേഷനില്‍ താനുണ്ടാകണമെന്ന് ആഗ്രഹിച്ചതായി ഗവാസ്‌കര്‍ പറഞ്ഞിരുന്നു.

‘അവതരണ ചടങ്ങില്‍ അലന്‍ ബോര്‍ഡറിനൊപ്പം ചേരാന്‍ ഞാന്‍ ആഗ്രഹിച്ചു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ളതാണ്. ആ സമയത്ത് ഞാന്‍ ഗ്രൗണ്ടിലുണ്ടായിരുന്നു, ഓസ്‌ട്രേലിയ പരമ്പര നേടിയതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും തന്നെയില്ല. അവര്‍ മികച്ചവരായിരുന്നു, അതുകൊണ്ടാണ് അവര്‍ വിജയിച്ചത്.

ഞാനൊരു ഇന്ത്യക്കാരനാണ്, എന്റെ നല്ല സുഹൃത്ത് അലന്‍ ബോര്‍ഡറിനൊപ്പം ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി സമ്മാനിച്ചിരുന്നെങ്കില്‍ ഞാന്‍ സന്തുഷ്ടനാകുമായിരുന്നു,’ ഗവാസ്‌കറെ ഉദ്ധരിച്ച് കോഡ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.

 

Content Highlight: Sunil Gavaskar on not being invited to present the Border-Gavaskar Trophy