Advertisement
Entertainment
മമ്മൂക്ക സെക്കന്റുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടു; വളരെ മൂർച്ചയേറിയ വസ്തുവായിരുന്നു അത്: സുമിത് നവൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 13, 01:49 pm
Thursday, 13th July 2023, 7:19 pm

ബിഗ് ബി എന്ന ചിത്രത്തിൽ കാർ പൊട്ടിത്തെറിക്കുന്ന ഷോട്ട് എല്ലാ പ്രേക്ഷകരുടെയും മനസിൽനിന്ന് മായാതെ കിടക്കുന്ന ഒന്നാണ്. കാരണം അത്രത്തോളം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ്  സ്റ്റാർ മമ്മൂട്ടി രംഗം കൈകാര്യം ചെയ്തിരിക്കുന്നത്. ബിഗ് ബിയിലെ തന്റെ ഓർമകൾ പങ്കുവെക്കുകയാണ് നടൻ സുമിത് നവൽ.

കാർ പൊട്ടിത്തെറിച്ചപ്പോൾ ഒരു ഇരുമ്പ് കഷ്ണം മമ്മൂട്ടിയുടെ നേർക്ക് തെറിച്ച് വീണെന്നും മമ്മൂട്ടി ഒഴിഞ്ഞുമാറിയതുകൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിൽ കൊണ്ടില്ലെന്നും സുമിത് പറഞ്ഞു. അദ്ദേഹത്തിന്റെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ കഴുത്തിൽ മുറിവുണ്ടാകുമായിരുന്നെന്നും മമ്മൂട്ടിയുടേത് അവസരോചിതമായ പ്രവർത്തിയായിരുന്നെന്നും സുമിത് പറഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചിത്രത്തിൽ കാറിന് തീയിടുന്ന രംഗം ഒരിക്കലും മറക്കാനാകില്ല. പൊട്ടിത്തെറിച്ചപ്പോൾ വളരെ മൂർച്ചയുള്ള ഒരു വസ്തു തെറിച്ച് വീഴുന്നുണ്ടായിരുന്നു.

മമ്മൂക്കയുടെ റിഫ്ലെക്സ്‌ വളരെ വേഗത്തിൽ ആയിരുന്നു. അദ്ദേഹം പെട്ടെന്ന് തല തിരിച്ചു. മമ്മൂക്ക അതിൽനിന്നും ഒഴിവായത് വെറും അര ഇഞ്ച് വ്യത്യാസത്തിലാണ്. വെറും സെക്കന്റുകളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടു.

അദ്ദേഹത്തിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ എന്റെ കഴുത്തിൽ കൊണ്ടേനെ. ക്യാമറക്ക്‌ വരെ അനക്കം ഉണ്ടായി. ഞാൻ അത് ഒരിക്കലും മറക്കില്ല. ഷൂട്ട് കഴിഞ്ഞപ്പോൾ ടേക്ക് നന്നായിരുന്നെന്ന് എല്ലാവരും പറഞ്ഞു.

ഇപ്പോഴും അതിനെപ്പറ്റി ഓർക്കുമ്പോൾ ഭയമാണ്. കാരണം വളരെ മൂർച്ചയേറിയ ഒരു വസ്തുവായിരുന്നു അത്,’ സുമിത് നവൽ പറഞ്ഞു.

അഭിമുഖത്തിൽ മമ്മൂട്ടി നായകനാകുന്ന ബസൂക്ക എന്ന ചിത്രത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. താൻ ബസൂക്കയിൽ അഭിനയിക്കാൻ കാരണം മമ്മൂട്ടി ആണെന്നും തനിക്കേറ്റവും ഇഷ്ടമുള്ള നടൻ മമ്മൂട്ടി ആണെന്നും സുമിത് പറഞ്ഞു.

‘ബസൂക്ക വളരെ മികച്ച ഒരു ചിത്രമായി തീരും. ആളുകൾ വീണ്ടും മമ്മൂട്ടിയെ ഇഷ്ടപ്പെടാൻ തുടങ്ങും. എന്നെ ബസൂക്ക എന്ന ചിത്രത്തിലേക്ക് നയിച്ചത് മമ്മൂക്കയാണ്. ആളുകൾ അദ്ദേഹത്തെ കാണാൻ വേണ്ടി ക്യൂ നിൽക്കും അത്രക്ക് ഇഷ്ടമാണ്. ഞാനും ഉണ്ടാകും ആ ക്യൂവിൽ. ഞാൻ ഒരു മമ്മൂക്ക ഫാൻ ആണ്. ലാലേട്ടനെയും, ദുൽഖറിനെയും ഒക്കെ വളരെ ഇഷ്ടമാണ്. പക്ഷെ മമ്മൂക്ക ആയിരിക്കും ഫസ്റ്റ് പൊസിഷനിൽ. അദ്ദേഹത്തിന്റെ സ്ഥാനം മാറ്റാൻ പറ്റില്ല,’ സുമിത് നവൽ പറഞ്ഞു.

Content Highlights: Sumith Naval on Mammootty