ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്നാക്കും: കെ.സുരേന്ദ്രന്‍
Kerala News
ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്നാക്കും: കെ.സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2024, 6:26 pm

കല്‍പറ്റ: വയനാട്ടില്‍ താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്നാക്കുമെന്ന് വയനാട്ടിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന്‍. റിപബ്ലിക് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് കെ.സുരേന്ദ്രന്റെ പ്രതികരണം.

സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് ഗണപതിവട്ടമെന്നായിരുന്നു എന്നും ബ്രിട്ടീഷുകാരാണ് ടിപ്പുസുല്‍ത്താന്റെ അധിനിവേശത്തിന് ശേഷം ഈ സ്ഥലത്തിന്റെ പേര് സുല്‍ത്താന്‍ ബത്തേരിയെന്നാക്കി മാറ്റിയതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. സുല്‍ത്താന്റെ ആയുധപുര എന്ന അര്‍ത്ഥം വരുന്ന സുല്‍ത്താന്‍സ് ബാറ്ററി എന്ന് പിന്നീട് ചരിത്രമെഴുതിയ ബ്രിട്ടീഷുകാര്‍ പേര് നല്‍കുകയും അത് സുല്‍ത്താന്‍ ബത്തേരിയെന്ന് ആകുകയുമാണ് ചെയ്തത് എന്നും കെ.സുരേന്ദ്രന്‍ പറയുന്നു.

മാത്രവുമല്ല താന്‍ എം.പിയായാല്‍ തന്റെ ആദ്യ പരിഗണന സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുന്നതിനായിരിക്കുമെന്നും ഇതിന് മോദിയുടെ സഹായം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 1984ല്‍ പ്രമോദ് മഹാജന്‍ വയനാട് സന്ദര്‍ശിച്ച സന്ദര്‍ഭത്തിലും ഇക്കാര്യം പറഞ്ഞിരുന്നതും കെ. സുരേന്ദ്രന്‍ അഭിമുഖത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

വൈദേശിക ആധിപത്യത്തിനെതിരെയും ടിപ്പു സുല്‍ത്താനെതിരെയും വലിയ പോരാട്ടം നടത്തിയ ചരിത്രമുള്ള സ്ഥലമാണ് സുല്‍ത്താന്‍ ബത്തേരിയെന്നും അദ്ദേഹം പറഞ്ഞു. ടിപ്പു സുല്‍ത്താന്‍ മലയാളികളെ ആക്രമിക്കുകയും ഹിന്ദുക്കളെ ആക്രമിച്ച് മതം മാറ്റുകയും ചെയ്തിട്ടുണ്ടെന്നും കെ.സുരേന്ദ്രന്‍ പറയുന്നു.

‘വൈദേശിക ആധിപത്യത്തിനെതിരെ പോരാട്ടം നടന്ന ചരിത്രമുള്ള ഇടമാണിത്. പഴശ്ശിരാജയും പോരാളികളും ടിപ്പുവിനെതിരെ പടനയിച്ചിട്ടുണ്ട്. ഈ സ്ഥലത്തിന്റെ യഥാര്‍ത്ഥ പേര് ഗണപതിവട്ടമെന്നാണ്. ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിന് ശേഷമാണ് സുല്‍ത്താന്‍ ബത്തേരി എന്ന് പേര് വന്നത്. സുല്‍ത്താന്‍ ബത്തേരി എന്ന പേരിന്റെ ആവശ്യമില്ല. മലയാളികളെ ആക്രമിച്ച്, ഹിന്ദുക്കളെ മതംമാറ്റി മുസ്‌ലിമാക്കിയ വ്യക്തിയാണ് ടിപ്പു സുല്‍ത്താന്‍. മോദിയുടെ സഹായത്തോടെ ഈ സ്ഥലത്തിന്റെ പേര് ഗണപതിവട്ടമെന്നാക്കി പുനര്‍നാമകരണം ചെയ്യും. എം.പിയായാല്‍ തന്റെ ആദ്യ പരിഗണന അതിനായിരിക്കും’ കെ.സുരേന്ദ്രന്‍ പറഞ്ഞു.

content highlights: Sultan Batheri’s name will be changed to Ganapativattam if he wins: K. Surendran