നീ ഹിന്ദിയില്‍ പറഞ്ഞത് അവന് മനസിലാവാത്തതുകൊണ്ട്, അല്ലെങ്കില്‍... ഹെഡിനെ കളിയാക്കിയ അയ്യരിന്റെ വാക്കുകള്‍ പിടിച്ചെടുത്ത് സ്റ്റംപ് മൈക്ക്
Sports News
നീ ഹിന്ദിയില്‍ പറഞ്ഞത് അവന് മനസിലാവാത്തതുകൊണ്ട്, അല്ലെങ്കില്‍... ഹെഡിനെ കളിയാക്കിയ അയ്യരിന്റെ വാക്കുകള്‍ പിടിച്ചെടുത്ത് സ്റ്റംപ് മൈക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th March 2023, 12:36 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് കനത്ത പരാജയം നേരിടേണ്ടി വന്നിരുന്നു. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

ഓസീസിന് മുമ്പില്‍ ഇന്ത്യ വെച്ച 76 റണ്‍സിന്റെ ടാര്‍ഗെറ്റ് കങ്കാരുക്കള്‍ അനായാസം മറികടക്കുകയായിരുന്നു. ട്രാവിസ് ഹെഡും മാര്‍നസ് ലബുഷാനും ചേര്‍ന്നായിരുന്നു ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്.

മത്സരത്തില്‍ ട്രാവിസ് ഹെഡിനെ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യന്‍ സൂപ്പര്‍ താരം ശ്രേയസ് അയ്യരിന്റെ വീഡിയോ ചര്‍ച്ചയാവുകയാണ്. മത്സരത്തിന്റെ ആറാം ഓവറില്‍ അയ്യര്‍ പറഞ്ഞ കാര്യങ്ങള്‍ സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയായിരുന്നു.

ആറാം ഓവറില്‍ ഹെഡ് രവീന്ദ്ര ജഡേജയെ ഫേസ് ചെയ്യുമ്പോഴായിരുന്നു സംഭവം. ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന അയ്യര്‍ ‘ഇസ്‌കാ ഏക് പൈര്‍ ചണ്ഡീഗഡ് മേ, ഓര്‍ ദൂസരാ ഹരിയാനാ മേ’ (ഇവന്റെ ഒരു കാല്‍ ചണ്ഡീഗഡിലും മറ്റേ കാല്‍ ഹരിയാനയിലുമാണ്) എന്നായിരുന്നു അയ്യര്‍ പറഞ്ഞത്.

അയ്യര്‍ പറഞ്ഞത് മനസിലാകാത്തതുകൊണ്ടായിരിക്കണം പ്രതികരിക്കാന്‍ നില്‍ക്കാതെ ഹെഡ് ബാറ്റിങ് തുടരുകയായിരുന്നു.

ഒടുവില്‍ 53 പന്ത് നേരിട്ട് 49 റണ്‍സ് നേടിയ ട്രാവിസ് ഹെഡ് ഓസ്‌ട്രേലിയയെ വിജയത്തിലെത്തിക്കുകയായിരുന്നു.

സൂപ്പര്‍ താരം നഥാന്‍ ലിയോണിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ നെഞ്ചില്‍ ഇടിത്തീ വീഴ്ത്തിയത്. 23.3 ഓവറില്‍ 64 റണ്‍സ് വഴങ്ങിയാണ് ലിയോണ്‍ എട്ട് വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റായിരുന്നു നഥാന്‍ ലിയോണ്‍ പിഴുതെറിഞ്ഞത്.

കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാനും ഓസീസിനായി. ഇന്ത്യയോ ശ്രീലങ്കയോ ആവും ഓസീസിനെ ഫൈനലില്‍ നേരിടുക.

പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും പരാജയപ്പെട്ട ഇന്ത്യക്ക് മൂന്നാം ടെസ്റ്റിലൂടെ പരമ്പരയിലേക്ക് തിരിച്ചുവരാനും സാധിച്ചു. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് പിന്നിലാണ് ഓസീസ്.

മാര്‍ച്ച് ഒമ്പതിനാണ് പരമ്പരയിലെ അടുത്ത മത്സരം. ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പ്രതീക്ഷ സജീവമാക്കാന്‍ സാധിക്കുകയുള്ളൂ.

 

Content Highlight: Stump mic catches Shreyas Iyer’s comment about Travis  Head