സ്‌പെഷ്യല്‍ റണ്‍ വേട്ടയില്‍ ഇന്നും ഒന്നാമന്‍ ബിന്നിച്ചായന്‍; കളം വിട്ട് കാലമേറെയായിട്ടും ഒരുത്തനും വട്ടം വെക്കാന്‍ സാധിക്കാത്ത റെക്കോഡ്
IPL
സ്‌പെഷ്യല്‍ റണ്‍ വേട്ടയില്‍ ഇന്നും ഒന്നാമന്‍ ബിന്നിച്ചായന്‍; കളം വിട്ട് കാലമേറെയായിട്ടും ഒരുത്തനും വട്ടം വെക്കാന്‍ സാധിക്കാത്ത റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th March 2024, 10:16 am

ഐ.പി.എല്‍ 2024ന് കൊടിയേറാന്‍ ഇനി കേവലം അഞ്ച് ദിവസത്തെ മാത്രം കാത്തിരിപ്പാണുള്ളത്. മാര്‍ച്ച് 22ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുന്നതോടെയാണ് പുതിയ സീസണിന്റെ ആവേശമുയരുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം സ്‌റ്റേഡിയമായ ചെപ്പോക് സ്‌റ്റേഡിയമാണ് വാശിയേറിയ പോരാട്ടത്തിന് വേദിയാകുന്നത്.

ഐ.പി.എല്ലിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇന്ത്യന്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമാകുന്നത്. ഇത്തവണത്തെ വിജയികള്‍, ഓറഞ്ച് ക്യാപ്പ്, പര്‍പ്പിള്‍ ക്യാപ്പ് എന്നിവരെയടക്കം പ്രവചിക്കുന്നത് മുതല്‍ ഇതുവരെയുള്ള ഐ.പി.എല്‍ റെക്കോഡുകളും ഈ ചര്‍ച്ചകളുടെ ഭാഗമാണ്.

 

ഇത്തരത്തിലുള്ള ഒരു റെക്കോഡാണ് ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒറ്റ അര്‍ധ സെഞ്ച്വറി പോലുമില്ലാതെ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്നത്. ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയാണ് പട്ടികയില്‍ ഒന്നാമത്.

ബംഗ്ലാദേശിനെ എറിഞ്ഞുവിഴ്ത്തിയ ഇന്ത്യയുടെ മാച്ച് വിന്നിറിന്റെ പേരില്‍ ഇത്തരമൊരു അത്യപൂര്‍വ ഐ.പി.എല്‍ റെക്കോഡ് ഉണ്ട് എന്നത് അധികമാര്‍ക്കും അറിയാത്ത കാര്യമാണ്.

ഐ.പി.എല്‍ കരിയറില്‍ 95 മത്സരം കളിച്ച സ്റ്റുവര്‍ട്ട് ബിന്നി 19.55 എന്ന ശരാശരിയിലും 128.84 എന്ന സ്‌ട്രൈക്ക് റേറ്റിലും 880 റണ്‍സാണ് നേടിയത്. 48* ആണ് ഉയര്‍ന്ന സ്‌കോര്‍.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്.

 

ഐ.പി.എല്ലില്‍ ഒരു അര്‍ധ സെഞ്ച്വറി നേടാതെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയ താരങ്ങള്‍

(താരം – റണ്‍സ് – ടോട്ടല്‍ സ്‌കോര്‍ എന്നീ ക്രമത്തില്‍)

സ്റ്റുവര്‍ട്ട് ബിന്നി – 880 – 48*

അഭിഷേക് നായര്‍ – 672 – 45*

പീയൂഷ് ചൗള – 609 – 24*

ജിതേഷ് ശര്‍മ – 543 – 49*

ജെയിംസ് ഫോക്‌നര്‍ – 527 – 46

മിഥുന്‍ മന്‍ഹാസ് – 514 – 42*

ഇക്കൂട്ടത്തില്‍ ജിതേഷ് ശര്‍മയും പീയൂഷ് ചൗളയുമാണ് ഇപ്പോള്‍ ഐ.പി.എല്ലിന്റെ ഭാഗമായിരിക്കുന്നത്.

ഈ സീസണോടെ ജിതേഷ് ശര്‍മ ഈ പട്ടികയില്‍ നിന്നും പുറത്താകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഐ.പി.എല്‍ 2024ല്‍ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമായി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

കഴിഞ്ഞ സീസണില്‍ 14 മത്സരത്തില്‍ നിന്നും 23.77 എന്ന ശരാശരിയിലും 156.06 എന്ന സ്‌ട്രൈക്ക് റേറ്റിലും 309 റണ്‍സാണ് താരം നേടിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ നേടിയ 49* ആണ് ഉയര്‍ന്ന സ്‌കോര്‍.

 

Content highlight: Stuart Binny scored more runs in IPL with out scoring a half century