Entertainment
അതിഗംഭീര ഫസ്റ്റ് ഫാഫ്, അനക്കമില്ലാത്ത സെക്കന്‍ഡ് ഫാഫ്, ക്ലൈമാക്‌സ് എന്താകുമെന്ന് അറിയാതെ 2024ല്‍ മലയാളസിനിമ
ഇന്ത്യന്‍ സിനിമയിലെ മറ്റ് ഇന്‍ഡസ്ട്രികളെ അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു 2024ന്റെ തുടക്കത്തില്‍ മലയാളസിനിമ. മൂന്ന് മാസം പിന്നിടുമ്പോള്‍ തന്നെ നാല് സിനിമകള്‍ 100 കോടി ക്ലബ്ബില്‍ കയറുകയും ഒരുപാട് സിനിമകള്‍ ഭാഷയുടെ അതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചാവിഷയമാകുന്നതും കാണാന്‍ സാധിച്ചു. പ്രേമലു എന്ന റോം കോം സിനിമയെപ്പറ്റി രാജമൗലിയും, മഹേഷ് ബാബുവുമടക്കമുള്ളവര്‍ പ്രശംസിച്ചിരുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തെക്കാള്‍ തമിഴ്‌നാട്ടില്‍ ആഘോഷമാകുന്നതും ഈ വര്‍ഷം കാണാന്‍ സാധിച്ചു. സിനിമയുടെ അവസാനഭാഗത്ത് വരുന്ന ‘കണ്മണീ അന്‍പോട്’ എന്ന പാട്ടിന്റെ തമിഴ്‌നാട് തിയേറ്റര്‍ റെസ്‌പോണ്‍സ് എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൈറലായിരുന്നു. ഉലകനായകന്‍ കമല്‍ ഹാസന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ നേരില്‍ കണ്ട് അഭിനന്ദിച്ചതും ഇന്‍ഡസ്ട്രിക്ക് അഭിമാനിക്കാനുള്ള വക നല്‍കി.
മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലായ ആടുജീവിതത്തിന് ബ്ലെസി ചലച്ചിത്രഭാഷ്യം ഒരുക്കിയപ്പോള്‍ മലയാളസിനിമക്ക് എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ചലച്ചിത്രാനുഭവമായി മാറി. പൃഥ്വിരാജ് എന്ന നടന്റെയും ബ്ലെസി എന്ന സംവിധായകന്റെയും വര്‍ഷങ്ങള്‍ നീണ്ട പരിശ്രമം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ബെംഗളൂരുവിലെ ഗ്യാങ്സ്റ്റര്‍ രംഗണ്ണനായി ഫഹദ് അഴിഞ്ഞാടിയ ആവേശവും ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് ഹിറ്റായി. ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ആവേശം മാറി. ഇല്ലുമിനാറ്റി എന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. ആവേശത്തോടൊപ്പം റിലീസായ വര്‍ഷങ്ങള്‍ക്ക് ശേഷവും വലിയ വിജയമായി മാറി.
പൃഥ്വിരാജും ബേസില്‍ ജോസഫും ആദ്യമായി ഒന്നിച്ച ഗുരുവായൂരമ്പല നടയില്‍ ഈ വര്‍ഷം അമ്പത് കോടി ക്ലബ്ബില്‍ കയറുന്ന ആറാമത്തെ സിനിമയായി മാറി. ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് വിപിന്‍ ദാസായിരുന്നു. ജയ ജയ ജയ ജയഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത സിനിമ ഒ.ടി.ടി റിലീസിന് ശേഷം തമിഴിലും ചര്‍ച്ചാവിഷയമായി. മമ്മൂട്ടി- വൈശാഖ് കോമ്പോയുടെ ടര്‍ബോയും മികച്ച വിജയം സ്വന്തമാക്കി.
എന്നാല്‍ 2024ന്റെ രണ്ടാം പകുതി നിരാശജനകമാണ്. ടര്‍ബോ, തലവന്‍ എന്നീ സിനിമകള്‍ക്ക് ശേഷം എടുത്തുപറയാന്‍ ഒരു ഹിറ്റ് മോളിവുഡില്‍ നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് സത്യം. പല സിനിമകളും മുടക്കുമുതല്‍ പോലും നേടാന്‍ കഴിയാതെ ബോക്‌സ് ഓഫീസില്‍ തകരുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടുമാസമായി കാണുന്നത്.
റീ റിലീസുകളുടെ കാര്യത്തില്‍ തമിഴ് സിനിമയെ കളിയാക്കിയ മലയാളത്തിനും ഇപ്പോള്‍ അതേ അവസ്ഥയാണ്. രണ്ട് മാസത്തിനിടെ രണ്ട് സിനിമകള്‍ മലയാളത്തില്‍ റീ റിലീസ് ചെയ്തു. മോഹന്‍ലാല്‍- സിബി മലയില്‍ ടീമിന്റെ ദേവദൂതനും, മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രം മണിച്ചിത്രത്താഴും റീമാസ്റ്റര്‍ ചെയ്ത് വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തി.
ആദ്യവരവില്‍ പരാജയം രുചിക്കേണ്ടി വന്ന ദേവദൂതനെ ഇത്തവണ പ്രേക്ഷകര്‍ ഏറ്റെടുത്തു. മണിച്ചിത്രത്താഴും മികച്ച വിജയം നേടിക്കഴിഞ്ഞു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ ആവനാഴി, പാലേരിമാണിക്യം എന്നീ സിനിമകളും, ദിലീപ്- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ റിലീസായ വെട്ടവും റീ റിലീസിന് തയാറെടുക്കുന്നുവെന്നാണ് കേള്‍ക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതും പിന്നാലെ സിനിമാമേഖലയില്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ ചില നടികള്‍ വെളിപ്പെടുത്തിയതും മലയാളസിനിമയെ പ്രേക്ഷകരില്‍ നിന്ന് ചെറുതായി അകറ്റിനിര്‍ത്തിയിരിക്കുകയാണ്. ഇതിനെ എങ്ങനെ മലയാളസിനിമ മറികടക്കുമെന്നാണ് ഏറ്റവും വലിയ ചോദ്യം.
ഓണത്തിന് തിയേറ്ററുകളിലെത്തുന്ന അജയന്റെ രണ്ടാം മോഷണം, മമ്മൂട്ടിയുടെ ബസൂക്ക, മോഹന്‍ലാല്‍ ആദ്യമായി സംവിധായകകുപ്പായം അണിയുന്ന ബാറോസ് എന്നീ സിനിമകളാണ് മോളിവുഡിലെ വരാനിരിക്കുന്ന വന്‍ പ്രൊജക്ടുകള്‍. ആദ്യപകുതിയിലെ ആവേശം ആ വര്‍ഷം അവസാനിക്കുമ്പോഴും ഉണ്ടാകുമോ എന്നാണ് സിനിമാപ്രേമികള്‍ നോക്കിക്കാണുന്നത്.
Content Highlight: Struggling of Malayalam Film industry in second half of 2024
അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം