തീവ്രമായ ജാതീയത ക്രൈസ്തവതയില്‍ ഒളിഞ്ഞുകിടപ്പുണ്ട്; ഞാന്‍ അതനുഭവിച്ചിട്ടുമുണ്ട്
Opinion
തീവ്രമായ ജാതീയത ക്രൈസ്തവതയില്‍ ഒളിഞ്ഞുകിടപ്പുണ്ട്; ഞാന്‍ അതനുഭവിച്ചിട്ടുമുണ്ട്
ഫ്രാന്‍സിസ് നൊറോണ
Thursday, 31st May 2018, 8:27 pm
ഉന്നതമായ മാനവിക മൂല്യങ്ങള്‍ ലോകത്തോട് സംവദിച്ച ഒരു ആശയസംഹിത ക്രിസ്തുമതത്തിനകത്തുണ്ടെങ്കിലും ലോകചരിത്രത്തില്‍ അത് ആരംഭിക്കുന്നത് തന്നെ ജാതീയമായ വേര്‍തിരിവുകളിലൂടെയാണ്. ക്രിസ്തുശിഷ്യനായ പത്രോ ശ്ലീഹാ യഹൂദര്‍ക്കിടയില്‍ നടത്തിയ മതപരിവര്‍ത്തനത്തിലൂടെയായിരുന്നു ക്രിസ്തുമതത്തിന്റെ ആരംഭം. യഹൂദരില്‍ നിന്നും വന്ന ഒരു മതമായിട്ടായിരുന്നു തുടക്കത്തില്‍ അത് കണക്കാക്കപ്പെട്ടത്. പുറംജാതികള്‍ എന്ന് യഹൂദര്‍ കണക്കാക്കുന്ന മറ്റ് മതസ്ഥര്‍ക്കിടയില്‍ പൗലോസ് അപ്പോസ്തലന്‍ വഴി  പരിവര്‍ത്തനം നടന്നപ്പോള്‍ അവരെ രണ്ടാംകിട സമൂഹമായാണ് പരിഗണിച്ചത്. ഉന്നതജാതരായ യഹൂദരും അധകൃതരായ പുറംജാതികളും എന്ന തരത്തിലാണ് ഈ ഇരുവിഭാഗങ്ങളെയും അന്ന് കണക്കാക്കിയത്. ക്രൈസ്തവസമൂഹങ്ങള്‍ക്കിടയിലെ ജാതീയമായ വേര്‍തിരിവുകളുടെ തുടക്കം ഇവിടെ നിന്നാണ്.
ഈ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന വേര്‍തിരിവുകളും വഴക്കുകളുമൊക്കെ ബൈബിളില്‍ നമുക്ക് കാണാവുന്നതാണ്. അപ്പോസ്തലനടപടികളില്‍ ഇവര്‍ തമ്മിലുള്ള കലഹങ്ങള്‍, ഒരുമിച്ച് ഭക്ഷണം കഴിക്കാത്ത സാഹചര്യങ്ങള്‍, ആചാരങ്ങളിലെ ഭിന്നിപ്പ്, ജീവിത ശൈലിയിലെ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്നുമുണ്ട്.
അധിനിവേശത്തോടൊപ്പം ലോകമെമ്പാടും സഞ്ചരിച്ച മതം കൂടിയാണ് ക്രിസ്തുമതം. ലോകത്തിന്റെ വിവിധ കോണുകളില്‍ നടന്ന പരിവര്‍ത്തനങ്ങളില്‍ അതാത് സ്ഥലങ്ങളിലെ സമൂഹങ്ങളില്‍ നിലനിന്നിരുന്ന ജാതീയമായ ഉച്ഛനീചത്വങ്ങളെ അതേപടി സ്വാംശീകരിക്കുകയാണ് ക്രിസ്തുമതം ചെയ്തത്. ഇവിടെ കേരളത്തിന്റെ ചരിത്രം പരിശോധിക്കുമ്പോഴും നമ്പൂതിരി മുതല്‍
പുലയര്‍ വരെയുള്ള വ്യത്യസ്ത ജാതികളില്‍ നിന്നും പരിവര്‍ത്തനം ചെയ്യപ്പെട്ട് ക്രിസ്ത്യാനികളായവര്‍ക്കിടയില്‍ അവരുടെ ജാതി അതേപോലെ തന്നെ അവശേഷിക്കുകയായിരുന്നു. അതിനാല്‍ തന്നെ കേരളത്തിലെ ഹിന്ദുത്വസമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയതയുടെ ശാഖോപശാഖകളും ഉച്ഛനീചത്വങ്ങളും സാമ്പത്തിക അസമത്വങ്ങളും അതേ പോലെ തന്നെ ക്രിസ്ത്യാനികള്‍ക്കിടയിലും നമുക്ക് കാണാവുന്നതാണ്. ഇതൊരിക്കലും മാറാനും പോകുന്നില്ല. സ്‌നേഹ-സാഹോദര്യ സന്ദേശങ്ങളുടെയും മിഷണറി പ്രവര്‍ത്തനങ്ങളുടെയും ആവരണങ്ങളില്‍ പൊതിഞ്ഞുകടത്തപ്പെടുന്ന തീവ്രമായ ജാതീയത അങ്ങേയറ്റം രൂക്ഷമായി തന്നെയാണ് ഈ സമൂഹങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലെ ക്രൈസ്തവര്‍ പല തട്ടുകളിലായി തന്നെയാണ് നില്‍ക്കുന്നത്. ഇവര്‍ തമ്മില്‍ തൊട്ടുകൂടായ്മയും തീണ്ടലും ഒക്കെയുണ്ട്. ഓരോ വിഭാഗങ്ങള്‍ക്കുള്ളിലും വീണ്ടും വീണ്ടും കാണുന്ന വിഭാഗീയതകളുടെ ഉറവിടമായി അവരുടെ പാരമ്പര്യങ്ങളെ കാണാവുന്നതാണ്. മുഖ്യമായും രണ്ട് പാരമ്പര്യമാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കുള്ളത്. തോമാ ശ്ലീഹായുടെ ഒരു പാരമ്പര്യവും ഫ്രാന്‍സിസ് സേവിയറുടെ മറ്റൊരു പാരമ്പര്യവും. ഫ്രാന്‌സിസ് സേവിയറിന്റെ പാരമ്പര്യത്തിലുള്ള ലത്തീന്‍ കത്തോലിക്ക വിഭാഗം എപ്പോഴും തോമാ ശ്ലീഹയുടെ സിറിയന്‍ കത്തോലിക്ക വിഭാഗത്തെക്കാള്‍ താഴെയായാണ് നില്‍ക്കുന്നത്. ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍ തന്നെ വിണ്ടും ഉപവിഭാഗങ്ങളുണ്ട്. എഴുനൂറ്റിക്കാര്‍, അഞ്ഞൂറ്റിക്കാര്‍, മുന്നൂറ്റിക്കാര്‍ എന്നൊക്കെയുള്ള വിവിധ വിഭാഗങ്ങള്‍. കുറേ ആളുകളെ ഒന്നിച്ച് കൂട്ടി മാമോദീസ  മുക്കുകയാണ് ഫ്രാന്‍സിസ് സേവിയര്‍ ചെയ്തിരുന്നത്. ഇതില്‍ ഓരോ തവണ മുക്കിയവരും ആ കൂട്ടത്തിലുണ്ടായിരുന്ന ആളുകളുടെ എണ്ണത്തിന്റെ പേരില്‍ വിവിധ വിവിധ വിഭാഗങ്ങളായാണ് അറിയപ്പെട്ടത്. പിന്നീട് അവരുടെ തലമുറയും അങ്ങനെ നിലനിന്നു.
ഞാന്‍ ഒരു ആംഗ്‌ളോ ഇന്ത്യന്‍ സമുദായത്തില്‍ ജനിച്ചു വളര്‍ന്ന ഒരു വ്യക്തിയാണ്. പ്രത്യക്ഷത്തില്‍ ആരും കാണാത്ത ജാതി എന്ന സത്യത്തെ ജീവിതത്തിലുടനീളം ഞാന്‍ പേറിയിട്ടുണ്ട്. കുട്ടിക്കാലത്തെ അനുഭവങ്ങളില്‍ നിന്നാണ് ജാതി എന്നത് എത്രമാത്രം രൂക്ഷമാണെന്ന് ഞാനറിയുന്നത്. സുവോളജി പഠിക്കുന്ന ഒരു സഹോദരിയുണ്ടായിരുന്നു എനിക്ക്. അവര്‍ക്ക് ലാബില്‍ കീറിമുറിച്ച് പഠിക്കുന്നതിനായി ഒരു പാറ്റയെ വേണമെന്ന് ഒരിക്കല്‍ എന്നോട് പറഞ്ഞു. ഞങ്ങളുടെ തൊട്ടടുത്ത് അന്ന് ഒരു നമ്പൂതിരി കുടുംബത്തിന്റെ വലിയ മാളികവീടുണ്ടായിരുന്നു. അതിനോട് ചേര്‍ന്ന് വളരെ പഴക്കം ചെന്ന ആരും പ്രവേശിക്കാത്ത ഒരു നിലവറയും. കൗതുകം തോന്നിയതിനാല്‍ മുമ്പൊരിക്കല്‍ ഞാനും ആ വീട്ടിലെ പയ്യനും കൂടി ആരുമറിയാതെ അതിനകത്ത് കയറിയിട്ടുണ്ടായിരുന്നു. ഇത്തവണ പാറ്റയെ വേണമെന്ന് സഹോദരി പറഞ്ഞപ്പോള്‍ എനിക്ക് ആ നിലവറയാണ് ഓര്‍മ വന്നത്.  ഒരിക്കല്‍ കൂടി ഞാനും ആ പയ്യനും ആ നിലവറയ്ക്കകത്ത് കയറി. പക്ഷേ ഇത്തവണ പിടിക്കപ്പെട്ടു. സംഭവം വലിയ പ്രശ്‌നമായി. ഞാന്‍ കയറിയതിനാല്‍ അശുദ്ധമായ വീടും പരിസരവും അവര്‍ ചാണകവെള്ളം ഒഴിച്ച് ശുദ്ധീകരിക്കുകയൊക്കെ ചെയ്തു. ഇത് എന്റെ വീട്ടിലും വലിയ കോലാഹലങ്ങളുണ്ടാക്കി. നമ്മള്‍ ഒരിടത്ത് ചെല്ലുമ്പോള്‍ ആ ഇടം അശുദ്ധമാകുന്നത് എങ്ങിനെ എന്ന് ഞാന്‍ കുറേ ചിന്തിച്ചു. ജാതിയുടെ തീവ്രത ആദ്യമായി ഞാനറിയുന്നത് അപ്പോഴാണ്.
കൃസ്ത്യാനികള്‍ക്കിടയില്‍ തന്നെ ആംഗ്‌ളോ ഇന്ത്യന്‍ വിഭാഗക്കാരെ താഴ്ന്നവരായാണ് പരിഗണിച്ചുപോരുന്നത്. എന്നാല്‍ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന് കീഴില്‍ തന്നെ വീണ്ടും ഉപജാതികളുണ്ട്. ഇത് ഞാന്‍ മനസ്സിലാക്കുന്നതും കുട്ടിക്കാലത്തെ മറ്റൊരനുഭവത്തില്‍ നിന്നാണ്. ഞങ്ങളുടെ നാട്ടില്‍ ആംഗ്‌ളോ ഇന്ത്യന്‍ വിഭാഗത്തില്‍പ്പെട്ട സമ്പന്നനായ ഒരാള്‍ക്ക് വലിയ ഒരു ഹോട്ടലുണ്ടായിരുന്നു. ഒരിക്കല്‍ അവിടെ വെച്ച് ആംഗ്ലോ ഇന്ത്യന്‍സിന്റെ ഒരു സമ്മേളനം നടക്കുന്നുവെന്ന് ഞങ്ങളറിഞ്ഞു. അവിടെ ചെന്നാല്‍ എനിക്ക് പഠിക്കാനുള്ള സഹായവും നോട്ടുപുസ്തകങ്ങളുമൊക്കെ കിട്ടുമെന്ന് ആരോ പറഞ്ഞറിഞ്ഞ് ഞാനും എന്റെ ചിറ്റപ്പനും കൂടി അവിടേക്ക് പോയി. വലിയ കോട്ടും സൂട്ടുമൊക്കെ അണിഞ്ഞവരായിരുന്നു അവിടുണ്ടായിരുന്നത്. അവിടെ എത്തിയത് മുതല്‍ ആളുകള്‍ ഞങ്ങളെ ഒരു വിചിത്രജീവികളെപ്പോലെ നോക്കുന്നുണ്ടായിരുന്നു. അല്‍പം കഴിഞ്ഞ് പരിപാടിക്കിടെ ഒരാള്‍ എഴുന്നേറ്റു നിന്ന് “മുണ്ടുടുക്കുന്നവര്‍ ആംഗ്‌ളോ ഇന്ത്യന്‍സ് ആണോ” എന്ന് ചോദിക്കുകയുണ്ടായി. ഞാന്‍ നോക്കുമ്പോള്‍ അവിടെ മുണ്ടുടുത്തവരായി ഞാനും ചിറ്റപ്പനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടവിടെ നില്‍ക്കാന്‍ തോന്നിയില്ല. ആ സദസ്സ് ഞങ്ങളെ അപമാനിച്ച് പറഞ്ഞുവിടുകയായിരുന്നു.

തിരിച്ചുപോരുന്ന വഴി ഞാന്‍ ഇതിനെക്കുറിച്ച് ചിറ്റപ്പനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. “എടാ… രണ്ട് വിഭാഗം ആംഗ്ലോ ഇന്ത്യന്‍മാരുണ്ട് ഉണ്ട്. അതായത്, വിദേശത്ത് നിന്നും സായിപ്പുമാര്‍ വന്ന് ഇവിടുത്തെ സവര്‍ണരായിട്ടുള്ള ഉന്നതജാതരുമായി ജീവിതം പങ്കിട്ടുണ്ടായവരാണ് ശരിക്കുമുള്ള ആംഗ്‌ളോ ഇന്ത്യന്‍സ്. നിന്നെപ്പോലുള്ള കറുത്തവന്‍മാര്‍ ഉണ്ടായത് സായിപ്പന്‍മാര്‍ക്ക് ഇവിടെയുണ്ടായിരുന്ന താഴ്ന്നജാതിയില്‍പ്പെട്ട ആളുകളുമായുള്ള ബന്ധം വഴിയാണ്”. അന്നാദ്യമായാണ് കറുത്തതും വെളുത്തതുമായ ആംഗ്‌ളോ ഇന്ത്യന്‍സിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത്. പിന്നീടുള്ള ജീവിതത്തില്‍ നിരന്തരം ഞാന്‍ അത് അനുഭവിക്കുകയും ചെയ്തു.
വെളുത്ത ആംഗ്‌ളോ ഇന്ത്യന്‍സിന്റെ വീടുകളിലെ ചടങ്ങുകളിലൊന്നും ഞങ്ങള്‍ കറുത്തവരെ വിളിക്കാറില്ല. ഈ. മ. യൗ പോലുള്ള സിനിമയില്‍ കാണുന്ന വീടുകളാണ് ഞങ്ങള്‍ കറുത്ത ആംഗ്‌ളോ ഇന്ത്യന്‍സിന്റേത്. ഈ. മ. യൗ കണ്ടപ്പോള്‍ ഇതെന്റെ സിനിമയാണല്ലോ, ഞങ്ങള്‍ കറുത്തവരുടെ സിനിമയാണല്ലോ എന്നെനിക്ക് തോന്നിയിട്ടുണ്ട്. ജാതി എന്നത് നമ്മള്‍ കാണുന്ന ഒരു ചെറിയ മേഖലയില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. അത് വിശാലമാണ്. അതിന് ഒരുപാട് ശാഖോപശാഖകളുണ്ട്. ആംഗ്‌ളോ ഇന്ത്യന്‍ വിഭാഗത്തില്‍ നിന്നും വന്ന ഒരു കഥാകാരന്‍ എന്ന നിലയ്ക്ക് എന്നെ ഈ വിഭാഗത്തില്‍പ്പെട്ട സമ്പന്നരടക്കമുള്ള പലരും വിളിക്കാറുണ്ട്. പക്ഷേ, അപ്പോഴെല്ലാം അവര്‍ക്കറിയേണ്ടത് എന്റെ വേരുകളെക്കുറിച്ചാണ്. എന്റെ വീട്ടുപേരും താഴ് വഴികളെയും കുറിച്ചാണ്.   

ഫ്രാന്സിസ് നൊറോണ

എന്റെ വീട്ടുപേര് കേള്‍ക്കുമ്പോള്‍ തന്നെ മുഖഭാവം മാറുന്ന നിരവധി പേരെ ഞാന്‍ കണ്ടിട്ടുണ്ട്. കല്ലേലിപ്പുരയിടം എന്നാണ് എന്റെ വീട്ടുപേര്. ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് എന്റെ അമ്മൂമയ്ക്ക് കുടികിടപ്പ് കിട്ടിയ ഭൂമിയിലാണ് ഞങ്ങളുടെ കുടുംബം താമസിക്കുന്നത്. പാരമ്പര്യം പറയുന്ന നസ്രാണിക്കൊരിക്കലും കല്ലേലിപ്പുരയിടം എന്നൊരു വീട്ടുപേര് വരില്ല. അതിനാല്‍ തന്നെ ഈ പേരില്‍ ഞങ്ങളുടെ സാമൂഹികമായ സ്ഥാനവും കൂടി ഒളിഞ്ഞുകിടപ്പുണ്ട്.
വീട്ടുപേരുകളാണ് എപ്പോഴും ക്രൈസ്തവതയിലെ ജാതിയുടെ അടയാളമായി നിലനില്‍ക്കുന്നത്. നായര്‍ സമുദായത്തിനകത്ത് നായര്‍, മേനോന്‍ എന്നൊക്കെ പറയുന്നത് പോലെ. നമ്മളൊരു വൈദികനെ എവിടെയെങ്കിലും വെച്ച് കണ്ടാല്‍ അദ്ദേഹം ആദ്യം നമ്മളോടു ചോദിക്കുന്നത്. നിന്റെ വീട്ടുപേര് എന്താണ് എന്നാണ്. അതു കഴിഞ്ഞേ സ്വന്തം പേര് പോലും ചോദിക്കുകയുള്ളൂ. ഒരാള്‍ സെമിനാരിയില്‍ ചേരാന്‍ ചെന്നുകഴിഞ്ഞാലും ഇതു തന്നെയാണ് സ്ഥിതി. ആദ്യം കേള്‍ക്കേണ്ടി വരുന്ന ചോദ്യം വീട്ടുപേരെന്ത് എന്നതായിരിക്കും. ജാതിയുടെ ഒരു പ്രതിഫലനം കൃത്യമായും ഈ വീട്ടുപേരുകളില്‍ ഒളിഞ്ഞുകിടപ്പുണ്ട്. കുരിശിങ്കല്‍ എന്ന വീട്ടുപേരും താണു പറമ്പില്‍ എന്ന വീട്ടുപേരും കേള്‍ക്കുമ്പോള്‍ തന്നെ ആ വ്യത്യാസം നമുക്ക് മനസ്സിലാകും. മറ്റു സമുദായങ്ങളില്‍ പേരിനോടൊപ്പമുള്ള ജാതിവാല്‍ എങ്ങിനെയാണോ പ്രവര്‍ത്തിക്കുന്നത് അതുപോലെ തന്നെയാണ് കൃസ്ത്യാനികള്‍ക്കിടയില്‍ വീട്ടുപേര് പ്രവര്‍ത്തിക്കുന്നത്. സെമിനാരിയില്‍ പഠിക്കുന്നവര്‍ക്കിടയിലൊക്കെ വീട്ടുപേരുമായി ബന്ധപ്പെട്ട ഈ വ്യത്യാസങ്ങള്‍ തീര്‍ത്തും ജാതി പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പാരമ്പര്യപരവും സാമ്പത്തികപരവുമായ ജാതീയതയുടെ ചിഹ്നവുമായി ബന്ധപ്പെട്ട തട്ടുകള്‍ തന്നെയാണ് ഈ വീട്ടുപേരുകള്‍. “” കൃസ്ത്യാനിയായി മാറിയെങ്കിലും ഇത്താപ്പിരിക്കൊരു തീണ്ടലുണ്ടിപ്പോഴും…..”” -എന്ന് തുടങ്ങുന്ന വയലാറിന്റെ “ഇത്താപ്പിരി” എന്ന കവിതയില്‍ കൃസ്ത്യാനികള്‍ക്കിടയിലെ ജാതീയതയെക്കുറിച്ചുള്ള കൃത്യമായ സൂചനകളുണ്ട്.

കേരളത്തിലെ സ്ഥിതി മാത്രം പരിശോധിച്ചാല്‍ പരിവര്‍ത്തിത ദളിത് വിഭാഗങ്ങളുടെയും തീരദേശ കൃസ്ത്യാനികളുടെയും സ്ഥിതിയാണ് ഏറ്റവും മോശമായി നില്‍ക്കുന്നത്. താഴ്ന്ന വിഭാഗമായി കണക്കാക്കപ്പെടുന്ന ലത്തീന്‍ കത്തോലിക്കക്കാര്‍ക്കിടയില്‍ തന്നെ രണ്ട് വിഭാഗങ്ങള്‍ വീണ്ടുമുണ്ട്. കടലില്‍ പോകുന്നവരും, പോകാത്തവരും എന്നിങ്ങനെ. കടലില്‍ പോകുന്നതിനെ അറപ്പോടുകൂടിയാണ് മറ്റുള്ളവര്‍ കാണുന്നത്.
ലോകജനതയ്ക്കുമുന്നില്‍ സ്‌നേഹസന്ദേശങ്ങളുമായാണ് യേശുക്രിസ്തു വന്നത്. ഭൂമിയിലെ എല്ലാ മനുഷ്യരും പരസ്പരം സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും തുല്യരായി ജീവിക്കുന്ന ഒരിടമാണ് എന്റെ ദൈവരാജ്യം എന്നാണ് ക്രിസ്തു പറഞ്ഞിട്ടുള്ളത്. അതേ ക്രിസ്തുവിന്റെ അനുയായികളാണ് ആയിരക്കണക്കിന് ശാഖോപശാഖകളായി പിരിഞ്ഞ് മനുഷ്യരെ വിവിധ തട്ടുകളിലായി നിര്‍ത്തുന്നത്
തയ്യാറാക്കിയത്: ഷഫീഖ് താമരശ്ശേരി