Advertisement
covid 19 Kerala
നാല് ജില്ലകളില്‍ കൂടി കടുത്ത നിയന്ത്രണം, തിയേറ്ററുകളും ജിമ്മും അടക്കും; പൊതുപരിപാടികള്‍ അനുവദിക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 27, 06:49 am
Thursday, 27th January 2022, 12:19 pm

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം കൂടുതല്‍ ജില്ലകളിലേക്ക്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനമുണ്ടായിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയെ നേരത്തെ തന്ന സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അത് തുടരാനാണ് സാധ്യത. സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, പൊതു പരിപാടികളൊന്നും സി കാറ്റഗറിയിലുളള ജില്ലകളില്‍ അനുവദിക്കില്ല.

ഈ ജില്ലകളില്‍ തിയേറ്റര്‍, ജിംനേഷ്യം എന്നിവ അടച്ചിടണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസാന സെമസ്റ്ററിന് മാത്രമേ നേരിട്ടുള്ള ക്ലാസ് ഉണ്ടാവുകയുള്ളു. ആരാധനാലയങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല.

മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

കൊവിഡ് വ്യാപന രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമൂഹ അടുക്കളകള്‍ വീണ്ടും തുടങ്ങാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതിനായി സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

പഞ്ചായത്ത് തലത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാന്‍ ജില്ലയുടെ ചുമതലയുളള മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ് മൂന്നാം തരംഗം നേരത്തെ ആകുമെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. ഫെബ്രുവരി 15നകം സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നേരത്തെ വിലയിരുത്തിയിരുന്നത്.


Content Highlights: Strict control over four more districts, including theaters and gyms; Public events are not allowed