Entertainment
തുടരും സിനിമയില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ ചലഞ്ച് അതായിരുന്നു: ജേക്ക്‌സ് ബിജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 28, 07:39 am
Monday, 28th April 2025, 1:09 pm

തുടരും എന്ന സിനിമയ്ക്ക് ലഭിക്കുന്ന കയ്യടികളുടെ പങ്ക് പറ്റാന്‍ ഏറ്റവും കൂടുതല്‍ അര്‍ഹനായ ഒരു വ്യക്തി ആരാണെന്ന് ചോദിച്ചാല്‍ സംശയലേശമന്യേ പറയാവുന്ന ഒരുപേരാണ് സംഗീത സംവിധായകന്‍ ജേക്ക്‌സ് ബിജോയിയുടേത്.

സിനിമയുടെ ഇമോഷന്‍ അതേപടി പ്രേക്ഷകരില്‍ എത്തിക്കുന്നതില്‍ ചിത്രത്തിന്റെ സംഗീതം വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല. കഥാഗതിയ്ക്കനുസരിച്ച് മാറി മാറയുന്ന ഓരോ രംഗങ്ങളേയും അതിന്റെ തീവ്രതയോടെയും പൂര്‍ണതയോടും പ്രേക്ഷകരിലെത്തിക്കാന്‍ ജേക്ക്‌സിനായി.

തുടരും എന്ന സിനിമയില്‍ താന്‍ നേരിട്ട ഏറ്റവും വലിയ ചലഞ്ചിനെ കുറിച്ച് സംസാരിക്കുകയാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ജേക്ക്‌സ് ബിജോയ്.

‘സിനിമയുടെ ജോണര്‍ ഷിഫ്റ്റ് അത്യാവശ്യം നല്ല ചലഞ്ചിങ് ആയിരുന്നു. കാരണം ഇന്റര്‍വെല്ലിനോട് അടുക്കുമ്പോള്‍ സിനിമ മാറുകയാണ്. എന്നാല്‍ അതുവരെ ഭയങ്കര ഡിഫ്രണ്ട് അല്ലാത്ത ഒരു പാലറ്റ് പിടിക്കുകയും വേണം. അത് നമുക്ക് ഇഷ്ടപ്പെടുകയും വേണം.

ഒന്ന് രണ്ട് സീന്‍സ് നാല് തവണയെങ്കിലും ഞാന്‍ മാറ്റിയിട്ടുണ്ട്. ഒന്നുകില്‍ തരുണിന് വര്‍ക്കാവില്ല, അല്ലെങ്കില്‍ എനിക്ക് വര്‍ക്കാവില്ല. നേരത്തെ ഒരു റിലീസ് ഡേറ്റ് പറഞ്ഞിരുന്നല്ലോ.

ആ റിലീസ് ഡേറ്റില്‍ ഓക്കെ പറഞ്ഞ കുറേ ബിറ്റുകള്‍ ഞാന്‍ മാറ്റിയിട്ടുണ്ട്. തീര്‍ന്നുകഴിയുമ്പോള്‍ ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫും കംപ്ലീറ്റ്‌ലി ഡിഫ്രന്റ് സിനിമ ആണല്ലോ.

അതില്‍ ലാലേട്ടനോട് ഇനിയും കുറച്ചുകൂടി ക്യൂട്ട്‌നെസ് തോന്നണ്ടേ എന്ന് എനിക്ക് തന്നെ തോന്നി. പണ്ട് ഞാന്‍ കേട്ട ജോണ്‍സണ്‍ മാഷിന്റെ പാട്ടുകളിലൊന്നും ഇങ്ങനെ അല്ലായിരുന്നല്ലോ എന്നൊക്കെ ചിന്തിച്ചു.

അതുകൊണ്ട് തന്നെ എങ്ങനെയൊക്കെ ചെയ്യാം എന്ന തരത്തില്‍ റീവര്‍ക്ക് നടത്തിയിരുന്നു. ഫുള്‍ ടീം അതിനൊപ്പം നിന്നു. ആ ഒരു കണ്‍സിസ്റ്റന്‍സി ഉണ്ടായിരുന്നു.

പിന്നെ ഫാമിലി മൊമന്റില്‍ ആകുമ്പോള്‍ പാട്ടുകളുടെ ചുവയുള്ള ബാക്ക് ഗ്രൗണ്ട് സ്‌കോറുകളും വേണം. പിന്നെ ജോണര്‍ ഷിഫ്റ്റ് ചെയ്യുമ്പോള്‍ ക്ലീന്‍ലി നമ്മള്‍ കഥയിലേക്ക് വരണം.

വെല്‍ക്കമിങ് ചെയ്യാനുള്ള എലമെന്റ്‌സ് ഉള്‍പ്പെടുത്തണം. ഫോക്കിലാണ് അത് പിടിച്ചത്. കാരണം ഇതിന്റെ ടെറയ്‌നും അങ്ങനെ ആണല്ലോ.

പിന്നെ ഫോക്കും ഹൈബ്രിഡും മിക്‌സ് ചെയ്യുന്ന കാര്യത്തില്‍ എനിക്കൊരു സ്‌ട്രെങ്ത് ഉണ്ട്. ആ എലമന്റ് യൂസ് ചെയ്തപ്പോള്‍ ഒരു ടോട്ടാലിറ്റി കിട്ടി. ഇതാണ് പടത്തിന്റെ സൗണ്ട് എന്ന് മനസിലായി. ആ സൗണ്ട് കണ്ടുപിടിക്കലാണ് പ്രധാനം,’ ജേക്ക്‌സ് ബിജോയ് പറയുന്നു.

Content Highlight: Jakes Bejoy about Most challenging thing he faced in Thudarum Movie