തിരുവനന്തപുരം: ചരിത്രസത്യങ്ങള്‍ ഒഴിവാക്കി പാഠപുസ്തകങ്ങളിറക്കുന്ന വിഷയത്തില്‍ കേരള സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിന് സംവിധാനമൊരുക്കുമെന്നും പറഞ്ഞ വിദ്യാഭ്യാസ മന്ത്രി ഇക്കാര്യങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിക്കുമെന്നും വ്യക്തമാക്കി. വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കുന്നതിന് വേണ്ടിയുള്ള നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഏഴാം ക്ലാസ് പാഠ്യപദ്ധതിയില്‍ നിന്നും മുഗള്‍ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയത്. സാമൂഹിക പാഠത്തിന്റെ പുസ്തകത്തില്‍ നിന്നും മുഗള്‍ രാജാക്കന്മാരെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി മഗധ, മൗര്യ, ശതവാഹന തുടങ്ങിയ രാജവംശങ്ങളെ ഉള്‍പ്പെടുത്തുകയായിരുന്നു.
മുഗള്‍ രാജവംശങ്ങളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ കൂടാതെ ദല്‍ഹിയിലെ മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങളും എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയിട്ടുണ്ട്. നാല്, ഏഴ് ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ ഈ വര്‍ഷം പുതുക്കിയതിനിടെയാണ് മാറ്റം. മുഗള്‍ രാജവംശത്തെ കുറിച്ച് പഠിക്കുന്നത് ഒഴിവാക്കി ഹിന്ദു, മുസ് ലിം, ക്രിസ്ത്യന്‍, ജൈന, സ്വരാഷ്ട്രീയനിസം, ബുദ്ധ, സിഖ് മതങ്ങളെ കുറിച്ച് പരാമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.
2025 ലെ കുംഭമേളയെ കുറിച്ചുള്ള പരാമര്‍ശങ്ങളും ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, മെയ്ക്ക് ഇന്‍ ഇന്ത്യ, അടല്‍ ടണല്‍ നിര്‍മാണം തുടങ്ങിയ വിഷയങ്ങളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചുകുട്ടികളെ കലാപങ്ങളെ കുറിച്ച് പഠിപ്പിക്കുന്നത് മോശം പൗരന്മാരാക്കുമെന്നാണ് എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്ലാനിയുടെ വാദം.
Content Highlight: Textbooks are being published omitting historical facts; a system will be created to teach the omitted facts: Education Minister